കുട്ടികളില്ലാത്തതിനെ പറ്റി നേരിടേണ്ടി വന്ന ചോദ്യങ്ങളെ പറ്റി തുറന്നു സംസാരിക്കുകയാണ് ഗായകന്‍ വിധു പ്രതാപ്. കുട്ടികൾ ഇല്ല എന്നുള്ളത് തങ്ങളെ സംബന്ധിച്ച് ഒരു സമ്മർദമല്ലെന്നും എന്നാല്‍ അത് മറ്റുള്ളവരിൽ സമ്മർമുണ്ടാക്കുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും വിധു പ്രതാപ് പറഞ്ഞു. കുട്ടികളില്ലെന്നു പറഞ്ഞാൽ പിന്നെ അതെന്താ എന്നു ചോദിക്കേണ്ട ആവശ്യമില്ലെന്നും ചോദ്യങ്ങൾക്കു പരിധികൾ ഉണ്ടാകണമെന്നും വിധു പ്രതാപ് പറഞ്ഞു. കുട്ടികൾ ഇല്ലെന്നറിഞ്ഞിട്ടും കുട്ടികളില്ലേ എന്നു വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുമുണ്ടെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'കുട്ടികൾ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു സമ്മർദമല്ല. ചില സമയങ്ങളിൽ ഞങ്ങൾക്കു തോന്നിയിട്ടുണ്ട്, അത് മറ്റുള്ളവരിൽ സമ്മർദമുണ്ടാക്കുന്നുവെന്ന്. യാതൊരു പരിചയവുമില്ലാത്ത ആളുകൾക്കു പോലും ഇക്കാര്യം വലിയ പ്രശ്നമാണ്. ചിലപ്പോൾ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും യാത്ര പോകുമ്പോഴായിരിക്കും ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരിക. ഭാര്യ വന്നില്ലേ എന്നായിരിക്കും ചിലരുടെ ആദ്യ ചോദ്യം. പിന്നെ മക്കളുടെ കാര്യം ചോദിക്കും. മക്കളില്ല എന്നു പറയുമ്പോൾ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി എന്നു ചോദിക്കും. 15 വർഷമായി എന്നു പറയുമ്പോൾ അവര്‍ തന്നെ ഓരോന്നു ചിന്തിച്ചു കൂട്ടും. തങ്ങളുടെ പരിചയത്തിൽ ഒരു ഡോക്ടർ ഉണ്ടെന്നായിരിക്കും അടുത്ത പറച്ചിൽ. കുട്ടികൾ വേണോ, വേണ്ടയോ എന്നൊന്നും പുറമേ നിന്നൊരാൾ ചോദിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികളില്ലെന്നു പറഞ്ഞാൽ പിന്നെ അതെന്താ എന്നു ചോദിക്കേണ്ട ആവശ്യമില്ല. ചോദ്യങ്ങൾക്കു പരിധികൾ ഉണ്ടാകണം’, വിധു പ്രതാപ് പറഞ്ഞു.
മക്കൾ വേണ്ട എന്നു തീരുമാനിച്ച് ജീവിക്കുന്ന എത്രയോ ദമ്പതികളുണ്ടെന്നും ജോലിയിൽ സ്ഥിരതയുണ്ടാകാൻ വേണ്ടി കാത്തിരിക്കുന്നവരായിരിക്കും ചിലരെന്നും വിധു പറഞ്ഞു. വേറെ ചിലർ ശ്രമിച്ചിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തവരായിരിക്കും. ഇതൊക്കെ ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട കാര്യമാണ്. ഞങ്ങളോട് വളരെ കരുതലോടെ, എത്രയും വേഗം കുഞ്ഞിക്കാൽ കാണാൻ അനുഗ്രഹമുണ്ടാകട്ടെ എന്നൊക്കെ ചിലർ കമന്റിടുന്നതു കണ്ടിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികൾ ഇല്ലെന്നറിഞ്ഞിട്ടും കുട്ടികളില്ലേ എന്നു വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുമുണ്ടെന്നും വിധു പ്രതാപ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോൾ എല്ലാവരോടുമായി പറയുകയാണ്, കുട്ടികളില്ലാത്ത ദമ്പതികള്‍ ദൈവം അനുഗ്രഹിക്കാതെ പോയവരോ സങ്കടപ്പെട്ടിരിക്കുന്നവരോ ഒന്നുമല്ല. അത് അവരുടെ സ്വന്തം തീരുമാനമാണ്. അതെന്തുമാകാം. അങ്ങനെ തന്നെ ആയിരിക്കട്ടെ. മറ്റുള്ളവർ അതൊന്നും അറിയേണ്ട കാര്യമില്ല. പുതുതലമുറയിലെ കുട്ടികളൊന്നും ഇത്തരം കാര്യങ്ങൾ ചോദിക്കാറില്ലെന്നും വിധു കൂട്ടിച്ചേര്‍ത്തു.
Vidhu Pratap talks about the questions he faced about being childless