ഫൈറ്റര്‍ സിനിമയിലെ ചുംബന രംഗത്തിന്‍റെ പേരിലുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്‍റെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്. ദീപിക പദുകോണും ഹൃത്വിക് റോഷനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുവരും യൂണിഫോമില്‍ ചുംബിക്കുന്ന രംഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ രംഗത്തിന്‍റെ പേരില്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിന് വക്കില്‍ നോട്ടിസ് ലഭിക്കുന്നത്.

ഇന്ത്യന്‍ എയര്‍ഫോഴ്സ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥര്‍ ഉചിതമല്ലാത്ത രീതിയില്‍ പെരുമാറി എന്നായിരുന്നു വക്കീല്‍ നോട്ടിസ്. ചിത്രം തിയറ്ററില്‍ എത്തിയതിന് പിന്നാലെയായിരുന്നു വിവാദവും. എയര്‍ ഫോഴ്സ് വിങ് കമാന്‍ഡര്‍ സൗമ്യ ദീപ് ദാസാണ് നോട്ടിസ് അയച്ചത്. 

 

 

ഇപ്പോള്‍ വിവാദങ്ങള്‍ക്ക് അടിസ്ഥമനില്ലെന്നും ഐ.എ.എഫുമായുള്ള പൂര്‍ണമായ സഹകരണത്തോടെയാണ് ചിത്രം നിര്‍മിച്ചതെന്നുമാണ് സംവിധായകന്‍റെ വിശദീകരണം. സിനിമയുടെ തിരക്കഥ മുതല്‍ ചിത്രം തിയറ്ററില്‍ എത്തുന്നതുവരെ എല്ലാ ഘട്ടങ്ങളിലപം എയര്‍ഫോഴ്സ് ഒപ്പമുണ്ടായിരുന്നു. സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സിനിമ നല്‍കുന്നതിന് മുന്‍പ് എയര്‍ ഫോഴ്സിനെ സിനിമ കാണിച്ചിരുന്നു എന്നും സിദ്ധാര്‍ഥ് പറയുന്നു. അതിനുശേഷം എൻ.ഓ.സി സർട്ടിഫിക്കറ്റും ലഭിച്ചു. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം എയർഫോഴ്‌സ് ചീഫ് മാർഷൽ വിവേക് റാം ചൗധരി, രാജ്യത്തുടനീളമുള്ള നൂറിലധികം എയർ മാർഷലുകൾ എന്നിവരുൾപ്പെടെ എയർഫോഴ്‌സിലെ എല്ലാവർക്കും മുഴുവൻ സിനിമയും കാണിച്ചു. സിനിമയുടെ റിലീസിന് ഒരു ദിവസം മുമ്പ് ഡൽഹിയിൽ എയർഫോഴ്സ് ഉദ്യോഗസ്ഥർക്കായി സ്‌ക്രീനിങ് നടത്തിയിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി.

 

 

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്ററിൽ അനിൽ കപൂർ, കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ് എന്നിവരും അഭിനയിക്കുന്നുണ്ട്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം നോടി മുന്നേറുകയാണ്.