സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. ഫെബ്രുവരി 15 നാണ് മമ്മൂട്ടിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 5 ഭാഷകളില്‍ തിയേറ്ററുകളിലെത്തുക. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് എത്തുന്നത്. തുടക്കം മുതല്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന്‍റെ അപ്ഡേഷനുകള്‍ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ എല്ലാ പോസ്റ്ററുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. അന്നു തന്നെ ചിത്രവും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിരിക്കുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. പിന്നാലെയാണ് ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് എത്തുന്നതെന്ന വാര്‍ത്ത പുറത്തുവിട്ടത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റിലെത്തുന്ന ചിത്രത്തിന്‍റെ ബജറ്റ് എത്രയാണെന്ന കാര്യവും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്‍റെ യഥാര്‍ഥ ബജറ്റ് എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് ചക്രവര്‍ത്തി രാമചന്ദ്ര. 27.73 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിവരുന്ന തുക കൂടാതെയുള്ള കണക്കാണ് ഇതെന്നും അദ്ദേഹം ട്വീറ്റിലൂടെ കൂട്ടിച്ചേര്‍ത്തു.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ചിത്രമായതുകൊണ്ട് വലിയ ബജറ്റ് ആയില്ലെന്നും കോസ്റ്റ്യൂംസ് പോലും സിനിമയിൽ കുറവാണെന്നും ചർച്ചകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന് 20 കോടി മുതല്‍ 35 കോടി വരെ ചെലവ് ആയിട്ടുണ്ടെന്ന രീതിയിലുള്ള റിപ്പോർട്ടുകളെത്തിയിരുന്നു. അതിനിടെയാണ് യഥാർഥ കണക്കുമായി നിർമാതാവ് തന്നെ രംഗത്തെത്തിയത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മനയ്ക്കുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുക എന്നാണ് ടീസറില്‍ നിന്നുള്ള മറ്റൊരു സൂചന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.