ആദ്യമായി ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. എട്ടാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഭാര്യ സഫ ബൈഗിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. എട്ടുവര്‍ഷത്തിനിടെ ആദ്യമായാണ് താരം ഭാര്യയുടെ മുഖം മറയ്ക്കാതെയുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്നത്.
വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പും താരം ചിത്രത്തിനൊപ്പം ചേര്‍ത്തു. ഒരുപാട് റോളുകള്‍ കൈകാര്യം ചെയ്യുന്ന ഒരേയൊരാള്‍ എന്നാണ് ഇര്‍ഫാന്‍ സഫയെ കുറിച്ച് എഴുതിയിരിക്കുന്നത്. മനോഹരമായ യാത്രയില്‍ ഭാര്യയായി സഫയെ ലഭിച്ചതില്‍ സന്തോഷമെന്നും ഇര്‍ഫാന്‍ എക്സില്‍ കുറിച്ചു. താരത്തിനും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരും രംഗത്തെത്തി.
സഫ ബൈഗിന്‍റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിന് ഇര്‍ഫാന്‍ മുന്‍പ് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇര്‍ഫാന്‍റെ മകന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുടുംബ ചിത്രത്തില്‍ സഫയുടെ മുഖം മായ്ച്ചുകളഞ്ഞതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ചിത്രത്തില്‍ മുഖം മറക്കാനുള്ള തീരുമാനം ഭാര്യയുടേതാണ് എന്നായിരുന്നു ഇര്‍ഫാന്‍റെ പ്രതികരണം. പിന്നീട് പലപ്പോഴും ഭാര്യയുമൊത്തുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചെങ്കിലും ചിത്രങ്ങളിലൊന്നും സഫയുടെ മുഖം വ്യക്തമാക്കിയിരുന്നില്ല.
2016ലായിരുന്നു ഇര്‍ഫാന്‍ പഠാനും സഫയും വിവാഹിതരായത്. 30 വയസുകാരിയായ സഫ ബൈഗ് മോഡലും മാധ്യമ പ്രവര്‍ത്തകയുമായിരുന്നു. 2020ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇര്‍ഫാന്‍ കമന്‍ററിയില്‍ സജീവമാണ്.
Irfan Pathan shares picture with wife safa