vinod-kozhikode

‘ജയം, അതിനേക്കാള്‍ വലിയൊരു ലഹരിയില്ല. ഞാനും ആ ലഹരിയില്‍ മതിമറന്നു. മതി മറന്നാല്‍ അതിലൊളിഞ്ഞിരിക്കുന്ന ചതി കണ്ടെത്താനാകില്ല. ഇന്നും മാങ്ങോട്ടു കളരിയുടെ ആയുധം കൊടുംചതിയാണ്’... തളര്‍ന്നു പോയ യോദ്ധാവിന്റെ വാക്കുകളായിരുന്നു വാലിബന്റെ ഉള്ളിലെ ജാഗ്രത പതിന്‍മടങ്ങാക്കി കൂട്ടിയത്. മലൈക്കോട്ടൈ വാലിബന്‍ ട്രെയിലറിലെ പശ്ചാത്തലത്തില്‍ മുഴങ്ങിയ ഈ ഡയലോഗ് പറഞ്ഞതാരെന്ന് ആര്‍ക്കും മനസിലായില്ല. സിനിമ കണ്ടപ്പോഴും ഈ നടനെ അത്ര പെട്ടെന്ന് തിരിച്ചറിയാനായില്ല. കഴിഞ്ഞ നാല്‍പതു വര്‍ഷമായി മലയാളികള്‍ കണ്ടുകൊണ്ടിരിക്കുന്ന നടന്‍ തന്നെയായിരുന്നു അത്, വിനോദ് കോഴിക്കോട്.

 

മലൈക്കോട്ടെ വാലിബനിലേക്ക് എങ്ങനെ ?

 

ഞാനൊരു പുതുമുഖ നടനല്ല. അഭിനയ ജീവിതത്തില്‍ ഒരു ഇടവേള ഉണ്ടായിട്ടുമില്ല. എവിടെയായിരുന്നു എന്നു എല്ലാവരും ചോദിക്കുന്നത് എന്തുകൊണ്ടാണെന്നും അറിയില്ല. എന്റെ ശരീരത്തിലുണ്ടായ രൂപമാറ്റം ഒരു കാരണമായിക്കാം. നല്ല മുടിയും താടിയുമായിരുന്നു പണ്ട്. ഇപ്പോള്‍ കഷണ്ടിയായി. ശരീരം ചെറുതായി മെലിഞ്ഞു. അപ്പോള്‍ ഇത് ഞാന്‍ തന്നെയാണോ എന്നു ആളുകള്‍ക്കു സംശയം തോന്നാം. ചെറുതാണെങ്കിലും വര്‍ഷത്തില്‍ നാല്, അഞ്ച്ചിത്രങ്ങളില്‍ അഭിനയിക്കാറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മൂന്നാമത്തെ സിനിമയിലാണ് ഞാന്‍ അഭിനയിക്കുന്നത്. പണ്ട് ഓടി നടന്നു ധാരാളം സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അതിനു സാധിക്കാറില്ല.

വാലിബനിലെ വേഷം ചെറുതാണെങ്കിലും നാലു മാസം അതിനു വേണ്ടി തയ്യാറെടുത്തു. താടിയും മുടിയും എല്ലാം ഒറിജിനല്‍ തന്നെയായിരുന്നു. പൂര്‍ണമായും കിടപ്പിലായ ഒരു കഥാപാത്രമായിരുന്നു വാലിബനില്‍. അതുകൊണ്ടാണ് എന്നെ ആര്‍ക്കും തിരിച്ചറിയാനാകാതെ പോയത്. ലിജോ തന്നെയാണ് എന്നെ ഈ വേഷം ചെയ്യാന്‍ നേരിട്ടു വിളിക്കുന്നത്. എന്തായാലും റിലീസിനു ശേഷം പലരും വിളിക്കാന്‍ തുടങ്ങി. സന്തോഷം. നൂറു ശതമാനം ഒരു നടനായി തന്നെയിരിക്കാനാണ് ആഗ്രഹം. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ഞാന്‍ അതിനു യോജിക്കുമെന്നു തോന്നുന്നതിനാലാണ് സംവിധായകര്‍ എന്നെ വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ എന്തിനു മാറി നില്‍ക്കണം.

vinod-kozhikodeN

 

സ്വയം മാര്‍ക്കറ്റ് ചെയ്യുന്നതില്‍ പിന്നോക്കമാണോ..?

 

മടിയാണ്. എന്നെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞുണ്ടാക്കിയാല്‍ അത് മുഴച്ചു നില്‍ക്കും. എങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍ എന്നെ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ അതിന്റെ പരിണിതഫലം കൂടി നേരിടേണ്ടി വരും. ആ കഴിവ് എനിക്കുണ്ടെന്നു തോന്നുന്നില്ല. സിനിമാ രംഗത്ത് ഞാനിപ്പോഴും ഒരു വിദ്യാര്‍ഥിയാണ്. അതുകൊണ്ടു തന്നെ ഞാന്‍ പറയുന്ന വാക്കുകള്‍ക്കും അത്ര വിലയേ കാണൂ. എന്റേതായ ഒരു ഇരിപ്പിടം ഉണ്ടെങ്കില്‍ തീര്‍ച്ചയായും പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കും. ഇരിപ്പിടമില്ലാത്തവന്‍ പ്രതികരിച്ചാല്‍ വിലയുണ്ടാകില്ല.

 

കൂടുതലും ഗുണ്ട, നെഗറ്റീവ് വേഷങ്ങള്‍

 

പണ്ടത്തേയും ഇന്നത്തേയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് അഭിനയിച്ചിട്ടുണ്ട്. വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയത് എന്തുകൊണ്ടാണെന്ന്അറിയില്ല. അവഗണിക്കപ്പെട്ടെന്നു ഇതുവരെ തോന്നിയിട്ടില്ല. ഏതു ലൊക്കേഷനിലും കിട്ടേണ്ട പരിഗണന കിട്ടിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മുകേഷ്, മുരളി, ആസിഫ് അലി തുടങ്ങിയവരുമായിട്ടൊക്കെ ഫൈറ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ മാര്‍ഷല്‍ ആര്‍ട്സ് പഠിച്ചിട്ടുണ്ടോ എന്നു ചോദിച്ചവരുണ്ട്. ഫൈറ്റ് സീനുകള്‍ മികച്ചതാക്കാന്‍ നൂറു ശതമാനം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് വീണ്ടും അത്തരം വേഷങ്ങളില്‍ പരിഗണിക്കപ്പെടാന്‍ കാരണം. മഹായാനത്തില്‍ മമ്മൂട്ടിയോടൊപ്പവും നമ്പര്‍ 20 മദ്രാസ് മെയിലില്‍ മോഹന്‍ലാലിനൊപ്പവും ചെയ്ത സംഘട്ടനങ്ങള്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു. ഏകലവ്യനിലെ ആക്ഷനും മറക്കാനാകാത്തതാണ്.

 

കുടുംബം

 

നാലു മാസം മുന്‍പ് ഭാര്യ വിട്ടുപോയി എന്നതാണ് വിഷമം. മക്കള്‍ ബെംഗളൂരുവിലാണ്. കോഴിക്കോട് വീട്ടില്‍ ഒറ്റക്കാണ് താമസം. കെഎസ്ആര്‍ടിസി വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഭാര്യ. അഭിനയിക്കാനുള്ള എന്റെ ഇഷ്ടത്തോടു ഭാര്യ യെസെന്നും നോയെന്നും പറഞ്ഞിട്ടില്ല. 

 

വാലിബനെതിരായ ഡിഗ്രേഡിങ്

 

ഓരോരുത്തരുടേയും കാഴ്ചപ്പാട് വ്യത്യസ്തമാണ്. കേട്ടതു പോലെയല്ല ചിത്രമെന്നു പിന്നീട് കണ്ടവര്‍ തന്നെ പറയുന്നു. നമ്മള്‍ കാണുന്ന തലത്തിലാകില്ല ലിജോ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഡബ്ബിങ് സമയത്താണ് എന്റെ ഡയലോഗിന്റെ പ്രാധാന്യം ഞാന്‍ പോലും മനസിലാക്കുന്നത്.