
'കോട്ടയം നസീര്‍ ഒരു സ്ക്രിപ്റ്റ് പറഞ്ഞിട്ടുണ്ട്. നസീറിക്ക, ഒന്നും തോന്നരുത്, നസീറിക്കയെ കണ്ടാല്‍ അങ്ങനെ ഒരു സ്ക്രിപ്റ്റ് എഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്നെ വല്ലാതെ സര്‍പ്രൈസ് ചെയ്യിച്ച ഒരു സ്ക്രിപ്റ്റാണ് അത്...' 2019ല്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ സിനിമയുടെ ഗെറ്റ് റ്റുഗദറില്‍ സംസാരിക്കുമ്പോള്‍ ഇങ്ങനെയായിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍. കോട്ടയം നസീറിന്റെ പൃഥ്വിരാജ് സിനിമ എന്ന നിലയില്‍ ആരാധകരുടെ ഭാഗത്ത് നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നിറഞ്ഞു. എന്നാല്‍ ആ സിനിമ യാഥാര്‍ഥ്യമായില്ല. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് കോട്ടയം നസീര്‍ ഇപ്പോള്‍.
ഈ സ്ക്രിപ്റ്റില്‍ പിന്നെ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് കോട്ടയം നസീര്‍ മനോരമാ ന്യൂസിനോട് പറഞ്ഞു. 'ആ സിനിമ ഡ്രോപ്പ് ചെയ്തു. കോവിഡിന് മുന്‍പാണ് ആ സ്ക്രിപ്റ്റില്‍ ചര്‍ച്ച നടക്കുന്നത്. കുട്ടിച്ചന്‍ എന്നൊരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. അതിന്റെ ബാക്ക്സ്റ്റോറിയാണ് പൃഥ്വിരാജിനോട് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അഭിനയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നോക്കുന്നത്. സംവിധാനത്തിലേക്ക് കടക്കുന്നില്ലെന്നും കോട്ടയം നസീര്‍ പറഞ്ഞു.
എണ്‍പത് കാലഘട്ടത്തിലെ ഒരു അച്ചായന്‍ കഥാപാത്രമായിരുന്നു പൃഥ്വിരാജിനെ വെച്ച് കോട്ടയം നസീര്‍ തയ്യാറാക്കിയിരുന്നത്. കടുവ എന്ന സിനിമയില്‍ അച്ചായന്‍ കഥാപാത്രത്തില്‍ പൃഥ്വി വന്നതോടെ തന്റെ സിനിമ കോട്ടയം നസീര്‍ നീട്ടി വയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പൃഥ്വിരാജിനെ സ്ക്രിപ്റ്റ് കേള്‍പ്പിച്ചതിന് ശേഷം പിന്നീട് അതിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടക്കാതെ പോവുകയായിരുന്നു എന്ന് കോട്ടയം നസീര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നു.
ബ്രദേഴ്സ് ഡേയുടെ സെറ്റില്‍ വെച്ചാണ് പൃഥ്വിരാജ് തന്റെ സ്ക്രിപ്റ്റ് കേട്ടത് എന്നും കോട്ടയം നസീര്‍ പറഞ്ഞിരുന്നു. ടെക്നിക്കല്‍ സൈഡ് എല്ലാം ഒരുപാട് ഉപയോഗിക്കാന്‍ സാധിക്കുന്ന സ്ക്രിപ്റ്റാനയിരുന്നു അത്. പെയിന്റിങ്ങില്‍ വലിയ താത്പര്യം ഉള്ളതിനാല്‍ സിനിമയില്‍ നല്ല വിഷ്വല്‍സ് കൊണ്ടുവരണം എന്ന ആഗ്രഹം ഉള്ളയാളാണ് താനെന്നും കോട്ടയം നസീര്‍ പറഞ്ഞിരുന്നു. ടൊവിനോ നായകനാവുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ബിജു മേനോന്റെ തുണ്ട്, തലവന്‍, ജെറി എന്നീ സിനിമകളാണ് കോട്ടയം നസീര്‍ അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
Kottayam Nazeer talking about his script