മകരമഞ്ഞിന്‍റെ കുളിരണിഞ്ഞ സായംസന്ധ്യയില്‍ ശാസ്ത്രീയ സംഗീതമാസ്വദിക്കാനെത്തിയ സദസിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച് സംഗീതഞ്ജന്‍ ശ്രീവല്‍സന്‍ ജെ.മേനോന്‍. ഭീം ഒരുക്കിയ സംഗീത സന്ധ്യയില്‍ രാഗപ്രഭതീര്‍ത്ത് അങ്ങനെ മുന്നേറവേ സിന്ധുഭൈരവിയില്‍ ഒരു വെറൈറ്റി എൈറ്റം. ഈ കച്ചേരി ഓര്‍മിക്കപ്പെടാന്‍ പോകുന്നത് ഈ ഒരൊറ്റ നമ്പറിന്‍റെ പേരിലായിരിക്കും.
പന്നഗശായിയാം പത്‍മനാഭനെ ഭജിച്ചുകൊണ്ട് നാട്ട രാഗത്തില്‍ ത്യാഗരാജകൃതിയുമായാണ് ശ്രീവല്‍സന്‍റെ കച്ചേരി തുടങ്ങിയത്. പിന്നാലെ സാവേരിയില്‍ ഭാസുരാംഗി ബാലെ, സ്വാതിതിരുനാള്‍ പദം. കമാസ് രാഗത്തില്‍ ബ്രോച്ചേവാ രവരുര എത്തിയപ്പോഴേക്കും കാണികള്‍ സംഗീതസമുദ്രത്തില്‍ അലയടിക്കുകയായിരുന്നു. അടുത്തത് ശ്രീരാഗമോ അതോ ഹിന്ദോളമോ എന്ന് കാതോര്‍ത്തിരിക്കേ ഇതേത് രാഗം....ഇതേത് പദം, അതോ വര്‍ണമോ, അതോ ഹിന്ദുസ്ഥാനിയിലേക്കൊരു ഇടത്താവളമോ...മേനന് ഇതെന്ത് പറ്റി എന്നാശ്ചര്യപ്പെട്ടിരിക്കുമ്പോള്‍ സിന്ധുഭൈരവിയില്‍ മേനോന്‍ മുഴുകി.
ഭൂമിയെ വിഴുങ്ങുന്ന സമുദ്രം.. കടലോരത്തിന്‍റെ വേദനകള്‍ അതി തീവ്രമായി വരച്ചിട്ട വരികള്‍. ചിട്ടവിടാതെ പരീക്ഷണങ്ങള്‍ കാണികള്‍ക്ക് വേണ്ടിയാണ്. ഇത്തരം പരീക്ഷണങ്ങള്‍ക്ക് ചെറിയ സങ്കോചം പോലും കാണിക്കാതെ സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരന്‍ എന്ന് നിലയ്ക്ക് ധൈര്യപൂര്‍വം ശ്രമിക്കണം എന്ന പക്ഷത്താണ് ശ്രീവല്‍സന്‍
കോഫി അവണ്ണൂര്‍ എന്ന ഘാനിയന്‍ കവിയുടെ കവിതയാണ് ആലാപസൗകുമാര്യം കൊണ്ട് കയ്യടിനേടിയത്. കലുഷിതജീവിതത്തിന്‍റെ അലമാലകള്‍ സമൂഹത്തിലുണ്ടാക്കുന്ന നഷ്ടങ്ങളെ ഏറെ ഹൃദയവേദനയോടെ അവതരിപ്പിക്കുന്നു സിന്ധുഭൈരവിയിലൂടെ ഈ സംഗീതഞ്ജന്‍.