Nawazuddin-Siddiqui

ഒരു പ്രശസ്ത നടനാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി. നാളെ ഒരുപക്ഷേ സിനിമ ഇല്ലാതായാല്‍ ചാന്‍സ് ചോദിക്കാനുള്ള ധൈര്യം ഇല്ലെന്നും വീട് വിറ്റ് സ്വന്തമായി സിനിമ ചെയ്യുമെന്നും നവാസുദ്ദീന്‍ പറഞ്ഞു. തനിക്ക് വിക്കുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയ നവാസുദ്ദീന്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ അത് അവസാനിച്ചുവെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ  അഭിമുഖത്തില്‍ പറഞ്ഞു. 

'ഒരു പ്രശസ്ത നടനാവുമെന്ന് ഞാന്‍ വിചാരിച്ചില്ല. കാരണം ഞാന്‍ പതുക്കെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഞാനൊരു ട്യൂബ് ലൈറ്റായിരുന്നു. എനിക്ക് വിക്കുണ്ടായിരുന്നു. കാര്യങ്ങള്‍ മനസിലാക്കാന്‍ സമയമെടുക്കും. ദേഷ്യം വരുമ്പോള്‍ വിക്കും വരും. 2005–2006ലാണ് അത് അവസാനിച്ചത്. ഒരു അരക്ഷിത ബോധമുള്ളതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടാന്‍ തുടങ്ങിയപ്പോള്‍ വിക്കും പോയി'- നവാസുദ്ദീന്‍ പറഞ്ഞു. 

'ഒരുപക്ഷേ നാളെ സിനിമ ഒന്നും ഇല്ലാത്ത അവസ്ഥ വന്നാല്‍ ചാന്‍സ് ചോദിക്കാനുള്ള ധൈര്യം പോലും എനിക്കില്ല. എനിക്ക് ജോലി തരുമോ എന്ന് ഞാന്‍ ചോദിക്കില്ല. വേണമെങ്കില്‍ വീടും ഷൂവും എല്ലാം വില്‍ക്കും. എന്നിട്ട് സ്വന്തമായി സിനിമ ചെയ്യും. അതില്‍ ആത്മവിശ്വാസമുണ്ട്. അഭിനയമാണ് പ്രധാനം, സിനിമയില്‍ അഭിനയിക്കുന്നതല്ല. അത് ഞാന്‍ തെരുവിലോ ബസിലോ ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Nawazuddin Siddiqui never thought he would become a famous actor