ചിത്രം; pooja kannan/instagram
തെന്നിന്ത്യന്‍ താരം സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്റെ വിവാഹനിശ്ചയത്തിന്റെ ആഘോഷങ്ങള്‍ തുടരുകയാണ്. സായി പല്ലവിയും പൂജയും തമ്മിലുള്ള ഗാഢമായ സ്നേഹത്തിന്റെയും ഉറ്റസൗഹൃദത്തിന്റെയും തെളിവായിരുന്നു വിവാഹനിശ്ചയത്തിന്റെ ഫോട്ടോകളും വിഡിയോകളും. ചടങ്ങിന് ഒരുങ്ങുന്നതിനിടെ എടുത്ത ഒരു വിഡിയോയിലെ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. മുറിക്കുള്ളില്‍ ഇരുന്ന് ഒരുങ്ങുന്ന പൂജ പുറത്തുനില്‍ക്കുന്ന സായിയോട് വേഗം തയാറാകാന്‍ പറയുന്നതാണ് ഒന്ന്. ‘സായി പല്ലവി സെന്താമരേ, ഞാന്‍ ലേറ്റാകും, മനസാക്ഷിയില്ലേ, വാടാ...’എന്നാണ് പൂജയുടെ പരിഭവം. സായി പെട്ടെന്ന് മുറിക്കുള്ളിലേക്ക് ഓടിയെത്തുന്നും കാണാം.
മറ്റൊരു വിഡിയോയില്‍ സായി പൂജയുടെ വിരലുകളില്‍ ക്യൂട്ടെക്സ് ഇടുന്നതും പൂചൂടിക്കുന്നതും മൊബൈലില്‍ ചിത്രങ്ങളെടുക്കുന്നതും കാണാം. മനോഹരമായ സാരികളണിഞ്ഞ് താരസഹോദരിമാര്‍ വിവാഹനിശ്ചയച്ചടങ്ങിന് ഇറങ്ങുന്ന ദൃശ്യങ്ങളോടെയാണ് വിഡിയോകള്‍ അവസാനിക്കുന്നത്. സഹോദരിക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ മറ്റുവിഡിയോകളും വിവാഹനിശ്ചയ ദിവസത്തെ അനേകം ചിത്രങ്ങളും പൂജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ലൈക്കുകളാണ് ഓരോ വിഡിയോയ്ക്കും ലഭിക്കുന്നത്.
സായി പല്ലവി സിനിമയിലെത്തിയ ശേഷമാണ് പൂജയുടെ സിനിമാ അരങ്ങേറ്റം. 2021ല്‍ സ്റ്റണ്ട് ശിവയുടെ ചിത്തിരൈ ശെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജ കണ്ണന്‍ വെള്ളിത്തിരയിലെത്തുന്നത്. ജീവ ബാലചന്ദ്രന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. 2015ല്‍ അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമ’ത്തിലൂടെ അരങ്ങേറ്റം കുറിച്ച സായി പല്ലവി ഇതുവരെ 22 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Adorable moments from the engagement ceremony of actor Sai Pallavi's sister Pooja Kannan