lijo-pressmeet

റിലീസായ ദിവസം മുതല്‍ മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനെതിരായ വരുന്ന വിമര്‍ശനങ്ങളിലും ട്രോളുകളിലും പ്രതികരിച്ച് സംവിധായന്‍ ലിജോ  ജോസ് പെല്ലിശ്ശേരി. സിനിമാമേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണ്ട് മൂന്നു മാസം വരെ തിയറ്ററുകളില്‍ ഓടിയിരുന്നെങ്കില്‍ ഇന്ന് 28 ദിവസം മാത്രമേ കിട്ടുന്നുള്ളൂ. അതിനു ശേഷം ഒടിടിയിലേക്കും ടിവിയിലേക്കും പോകും. ഒന്നരവര്‍ഷത്തോളം ഏറെ കഷ്ടപ്പെട്ടാണ് മലൈക്കോട്ടെ വാലിബന്‍ ചിത്രീകരിച്ചത്. കണ്ടു പരിചയിച്ച കഥയുടെ വേഗതയും സാങ്കേതികതയും തന്നെ എല്ലാ സിനിമയിലും വേണമെന്നു ശാഠ്യം പിടിക്കുന്നതെന്തിന് ? ഫെരാരി എന്‍ജിന്‍ ഉപയോഗിച്ച് ഓടുന്ന ഒരു വണ്ടിയല്ല ഈ സിനിമ. മുത്തശ്ശി കഥയുടെ വേഗത മാത്രമുള്ള ചിത്രമാണിത്– അദ്ദേഹം പറഞ്ഞു. 

 

വലിയ കാഴ്ചകളാണ് ഈ സിനിമയില്‍ ഒളിപ്പിച്ചിരിക്കുന്നത്. വേഗത പോര എന്നു പറയുന്നതില്‍ തനിക്കു  അഭിപ്രായ വ്യത്യാസമുണ്ട്.  മറ്റൊരാളുടെ വാക്കുകളെ അടിസ്ഥാനപ്പെടുത്തി ആകരുത് നമ്മുടെ കാഴ്ച. നമ്മുടെ കാഴ്ച നമ്മുടെ മാത്രമായിരിക്കണം,.  വേറൊരാളുടെ നാവിനു കിട്ടിയ രുചിയായിരിക്കരുത് നമ്മുടെ രുചി. അത് നമ്മുടേതായിരിക്കണം.  കാലഘട്ടത്തിന്റെ പ്രശ്നം കൂടിയാണത്.  മറ്റുള്ളവരുടെ വിമര്‍ശനം മാത്രമാകരുത് അടിസ്ഥാനം. നമ്മള്‍ തന്നെ കണ്ട് ആസ്വദിക്കുകയും അഭിപ്രായം പറയുകയും വേണം.  എന്റെ കാര്യത്തില്‍ സ്റ്റില്‍ നോ പ്ലാന്‍സ് ചു ചെയ്ഞ്ച്, സ്റ്റില്‍ നോ പ്ലാന്‍സ് ടു ഇംപ്രസ്– ലിജോ പറഞ്ഞു.

 

രാവിലത്തെ ആദ്യ ഷോയില്‍ രൂപപ്പെടുന്ന ഒരു അഭിപ്രായമുണ്ട്. അത് എപ്പോഴും സത്യമാകണമെന്നില്ല. രാവിലെ കാണുന്ന പ്രേക്ഷകരും വൈകുന്നേരം കാണുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്.  ആദ്യ ഷോ കണ്ടിറങ്ങുന്നവര്‍ പറയുന്നത് പെട്ടെന്നു തന്നെ പ്രചരിക്കുന്നു. സോഷ്യല്‍മീഡിയയുടെ സ്വാധീനം തന്നെയാണ് ഇതിനു പിന്നില്‍.  വൈരാഗ്യത്തോടു കൂടി ചിലര്‍ സിനിമയെ ആക്രമിക്കുകയാണ്. എന്തിനാണെന്നു മനസിലാകുന്നില്ല. എന്തിനാണ് ഇത്രയും വിദ്വേഷം കാണിക്കുന്നത്?. ഇത്രയും വൈരാഗ്യത്തോടെ ജീവിക്കുന്നതെന്തിനാണ്. ? രാവിലെ മുതല്‍ കാണുന്നത് ഇതാണ്. ഇന്‍ഡസ്ട്രിക്ക് എന്തു ഗുണമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ?  

 

പ്രൊഡക്ഷന്‍ വാല്യു ഏറെയുള്ള സിനിമയാണ് വാലിബന്‍. അതിന്റെ മൂല്യം ഒരിക്കലും എന്റെ മനസില്‍ ഇടിയില്ല. ഒരു മുത്തശ്ശി കഥ കേള്‍ക്കുന്ന സുഖത്തോടെ കാണാവുന്ന സിനിമയാണിത്.  ഒരിക്കലും അബദ്ധമായി തോന്നിയിട്ടില്ല.  തിയറ്റര്‍ കുലുങ്ങുമെന്ന സഹസംവിധായകന്‍ ടിനു പാപ്പച്ചന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണ്.  ആ രീതിയില്‍ മാത്രം എടുത്താല്‍ മതി. ഇതൊരു മാസ് പടമാണെന്നും ഫാന്‍സ് സിനിമയാണെന്നും ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇതൊരു യോദ്ധാവിന്റെ യാത്രയാണ്. ആ യാത്രയുടെ ഇടവഴയില്‍ വച്ചാണ് നമ്മളും കയറുന്നത്.  കഥയുടെ പശ്ചാത്തലം പരിചയപ്പെടുത്താനാണ് സിനിമയുടെ ആദ്യ 30 മിനിറ്റ് എടുത്തിരിക്കുന്നത്. പതുക്കെ സമയമെടുത്താണ് കഥയുടെ വേഗത കൂട്ടുന്നത്.  ചുറ്റിക വച്ച് തലയോട്ടി തകര്‍ന്ന നായകനല്ല വേണ്ടത്. നൂറു കണക്കിനാളുകളെ കൊന്ന് രക്തത്തില്‍ മുങ്ങി നടന്നു വരുന്ന നായകനെ ഒരിക്കലും നമുക്ക് വേണ്ട. 

 

ഇതുവരെ ചെയ്ത സിനിമകളുടെ അനുഭവം കൂട്ടിവച്ചാണ് ഈ സിനിമയെടുത്തിരിക്കുന്നത്. അടുത്ത സിനിമയെടുക്കുമ്പോള്‍ ഈ സിനിയില്‍ നിന്നുള്ള അനുഭവം കൂടി കൂട്ടും.  ഒരു മോശം സിനിമ മലയാളികള്‍ക്കു സമ്മാനിക്കാനല്ല ഇതെടുത്തത്. ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കായി എടുത്ത സിനിമയല്ല വാലിബന്‍. എന്റെ കാഴ്ചയാണ് ഞാന്‍ ആളുകള്‍ക്കു കൊടുത്തത്.  റിലീസായ ശേഷം വരുന്ന പ്രതികരണങ്ങളില്‍ ചിലത് ഷോക്കിങ്ങായിരുന്നു. പണം മുടക്കിയ നിര്‍മാതാക്കളെ വീണ്ടും സിനിമയെടുക്കാന്‍ പ്രേരിപ്പിക്കുന്നതായിരിക്കണം ഈ സിനിമയുടെ റിസല്‍ട്ട്. പക്ഷെ എല്ലാവരുടേയും മനസ് മടുത്ത നിലയിലാണ്.  അതുകൊണ്ടാണ് എനിക്കിവിടെ ഒറ്റയ്ക്കിരുന്നു സംസാരിക്കേണ്ടി വന്നത്.  തിയറ്ററില്‍ സിനിമ കാണുന്ന പ്രേക്ഷകന്‍ ഇതറിയേണ്ട കാര്യമില്ല.  ആദ്യ ഭാഗം വിജയിപ്പിക്കണം, എന്നാലേ രണ്ടാം ഭാഗത്തിലേക്ക് കടക്കാന്‍ പറ്റൂ. –  ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.