അന്തരിച്ച ബോളീവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ ജന്മദിനത്തില്‍ നടന്‍റെ ചിത്രം പങ്കുവച്ച് ബോളിവുഡ് നടി റിയ ചക്രവർത്തി. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഹൃദയത്തിന്‍റെ ഇമോജിക്കൊപ്പം നടന്‍റെ ചിത്രവും റിയ പങ്കുവച്ചത്. സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഒരു മാസത്തോളം ജയിലിലായിരുന്നു റിയ.

 

റിയയെ കൂടാതെ സുശാന്തിന്‍റെ സഹോദരി ശ്വേത സിങ് കീർത്തിയും താരത്തിന് ജന്മദിനാശംകള്‍ നേര്‍ന്നിട്ടുണ്ട്. ‘എന്റെ സഹോദരന് ജന്മദിനാശംസകൾ. നിന്നെ ഞാന്‍‌ എന്നുമെന്നു സ്നേഹിക്കുന്നു, അനന്തതയില്‍ നിന്ന് അനന്തതയിലേക്ക്. ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ നിങ്ങള്‍ ഇന്നും ജീവിക്കുന്നു. നല്ലത് ചെയ്യുവാനും നല്ലവരാകാനും നിങ്ങള്‍ ആളുകള്‍ക്ക് പ്രചോദനമാകുന്നു’ എന്ന് കുറിച്ചാണ് ശ്വേത പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ വഴികാട്ടിയായ നക്ഷത്രം എല്ലായിപ്പോഴും പ്രകാശിക്കുകയും നേര്‍വഴി കാണിക്കുകയും ചെയ്യട്ടെ, ശ്വേത കുറിച്ചു. സുശാന്തിന്‍റെ വിഡിയോ പങ്കുവച്ചാണ് ശ്വേതയുടെ പോസ്റ്റ്.

 

ദിവസങ്ങള്‍ക്ക് മുന്‍പ് ചേതൻ ഭഗത്തിന്റെ ചാറ്റ് ഷോയില്‍ ജയിലിലെ തന്‍റെ അനുഭവങ്ങള്‍ റിയ വിവരിച്ചിരുന്നു. ജയിൽ എളുപ്പമല്ലെന്നും അവിടെ നിങ്ങള്‍ ഒരു വ്യക്തിയല്ലെന്നുമായിരുന്നു റിയ പറഞ്ഞത്. ‘നിങ്ങൾക്ക് നമ്പർ നൽകിയിരിക്കും. അതിനാൽ ‘ഞാൻ’ എന്ന ഭാവം ദൂരെയാകും. നിങ്ങൾ സ്വയം ഒന്നുമല്ലെന്ന് മനസിലാക്കി തുടങ്ങും’ റിയ പറഞ്ഞു.

 

സുശാന്തിന്‍റെ 38ാം ജന്മദിനമാണ് 2024 ജനുവരി 21ന്. 2020 ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബറില്‍ റിയയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ലഹരിമരുന്നു സംഘടിപ്പിക്കുന്നതിൽ പങ്കുണ്ടെന്നും അതിനായി പണം നൽകിയെന്നും ആരോപിച്ചാണ് എൻസിബി റിയയെ അറസ്റ്റ് ചെയ്തത്. 28 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് റിയ പുറത്തിറങ്ങിയത്.