സിനിമയില്‍ നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും അത് തുറന്നു പറയാന്‍ പലര്‍ക്കും നാണക്കേടാണെന്നും ഷക്കീല. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ രണ്ടാം ദിവസം ‘സദാചാരം എന്ന മിഥ്യ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഷക്കീല. 'എനിക്ക് സമ്പാദ്യമൊന്നുമില്ല. ഞാന്‍ സമ്പാദിച്ചതെല്ലാം എന്‍റെ കുടുംബത്തിനാണ് നല്‍കിയത്. ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ലാതത്തുകൊണ്ടുതന്നെ എനിക്ക് ആദായ നികുതി വകുപ്പിനെയും പേടിയില്ല. എന്നെക്കുറിച്ച് പറയാന്‍ പറഞ്ഞാല്‍ ഞാന്‍ ഒരു മെഴുകുതിരി പോലെയാണ് ഞാനെന്ന് പറയും. എന്‍റെ കുടുംബത്തിന് വേണ്ടി കത്തി, പ്രകാശം പരത്തിയ ഒരു മെഴുകുതിരിയാണ് ഞാന്‍. ഞാന്‍ മരിച്ചാല്‍ സിനിമാ മേഖലയില്‍ നിന്നും ആരെങ്കിലും വരുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഞാന്‍ എന്‍റെ കുടുംബമായി കരുതുന്ന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ ആളുകള്‍ വരും. കുറഞ്ഞത് ഒരു 1500 പേരെങ്കിലും എന്നെ കാണാന്‍ വരുമെന്നും' ഷക്കീല പറഞ്ഞു.
സിനിമയിലെ പ്രതിഫലം എങ്ങനെയായിരുന്നു? അതെങ്ങനെയാണ് ആവശ്യപ്പെട്ടിരുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് 'കിന്നാരത്തുമ്പി'കള്‍ക്ക് ലഭിച്ച പ്രതിഫലത്തുക ഷക്കീല വെളിപ്പെടുത്തിയത്.
കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം ഇരുപതിനായിരം രൂപയാണെന്നായിരുന്നു വെളിപ്പെടുത്തല്‍. കിന്നാരത്തുമ്പിയില്‍ എനിക്ക് അഞ്ച് ദിവസത്തെ ഷൂട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ അത് വലിയ ഹിറ്റായി. അതിനുശേഷം ‘കാതര’ സിനിമ ലഭിച്ചു. ആ ചിത്രത്തിന് ഒരു ദിവസം എനിക്കു ലഭിച്ചത് പതിനായിരം രൂപയാണ്. അതിന് പത്തു ദിവസം ഷൂട്ട് ഉണ്ടായിരുന്നെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷക്കീല വ്യക്തമാക്കി.
പിന്നീട് വന്ന ഒരു ചിത്രത്തില്‍ 3 ദിവസത്തേക്ക് താന്‍ ഒരു ലക്ഷം തരാമോ എന്ന് ചോദിച്ചെന്നും എന്നാല്‍ മൂന്ന് ദിസത്തെ ഷൂട്ടിന് അവര്‍ തനിക്ക് 3 ലക്ഷം രൂപയും വിമാന ടിക്കറ്റും നല്‍കിയതായും ഷക്കീല പറഞ്ഞു. അന്നൊന്നും പൈസയുടെ വില തനിക്ക് അറിയില്ലായിരുന്നെന്നും ആദ്യമായാണ് അത്രയും പണം ഒരുമിച്ച് കാണുന്നതെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. എന്റെ മൂന്നാമത്തെ സിനിമയുടെ പ്രതിഫലമായിരുന്നു 3 ലക്ഷം. അതിനു ശേഷം 3 മുതൽ നാല് ലക്ഷം വരെ പ്രതിഫലം വാങ്ങിയിരുന്നെന്നും ഒരു ദിവസം രണ്ട് കോൾഷീറ്റിൽ വരെ അഭിനയിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
ഇനി മലയാളം സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന്, അവസരം കിട്ടിയാൽ അഭിനയിക്കും എന്നായിരുന്നു ഷക്കീല നല്‍കിയ മറുപടി. ആയിരക്കണക്കിനാളുകളുടെ മനസില്‍ ഞാനുണ്ടെന്നതിന്റെ തെളിവാണ് തന്നെ കാണാൻ തടിച്ചുകൂടിയ ആള്‍ക്കൂട്ടമെന്നും അതില്‍ വലിയ സന്തോഷം ഉണ്ടെന്നും ഷക്കീല പറഞ്ഞു.
shakeela talks about her film career and remuneration