പ്രേക്ഷകരുടെ പ്രിയ അവതാരകയും നടിയുമായ പേളി മാണിക്ക് പെണ്‍കുഞ്ഞ് പിറന്നു. ഭര്‍ത്താവും നടനുമായ  ശ്രീനിഷ് അരവിന്ദാണ് ഇക്കാര്യം ആദ്യം സമൂഹമാധ്യമങ്ങളിലുടെ ആരാധകരുമായി പങ്കുവെച്ചത്. പെണ്‍ കുഞ്ഞാണെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് അറിയിച്ചു.  കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുളള ചിത്രം പേളിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

"ഞങ്ങൾ വീണ്ടുമൊരു പെൺകു‍ഞ്ഞിനാൽ അനു​ഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി" എന്നാണ് സന്തോഷം പങ്കുവച്ച് ശ്രീനിഷ് കുറിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്. 

കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിക്കുന്ന പേളിയുടെ ചിത്രത്തിന് താഴെയും ആശംസാപ്രവാഹമാണ്. "നീണ്ട ഒന്‍പത് മാസത്തിന് ശേഷം ഞങ്ങള്‍ കണ്ടുമുട്ടി. ആദ്യമായി ഞാനവളെ കയ്യിലെടുത്തിരിക്കുകയാണ്. അവളുടെ മൃദുവായ ചർമ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി  ഓർമ്മിക്കപ്പെടും" എന്നുതുടങ്ങുന്ന കുറിപ്പിനൊപ്പമാണ് പേളി കുഞ്ഞിനൊപ്പമുളള ആദ്യ ചിത്രം പങ്കുവച്ചത്. 

2019ൽ ആയിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം. നിലയാണ് ആദ്യകുഞ്ഞ് . അവതാരകയായും നടിയായും തിളങ്ങിയ പേളിയുടെ യുട്യൂബ് ചാനലിലൂടെ നിലയും പേക്ഷകര്‍ക്ക് പ്രിയതാരമായി മാറിയിട്ടുണ്ട്.

Pearle Maaney and Srinish Aravind welcome their second baby