നടി അമല പോള്‍ അമ്മയാകാനൊരുങ്ങുന്നു. നിറവയറുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രങ്ങളും ഗര്‍ഭവാര്‍ത്ത പങ്കുവച്ചുളള ചിത്രങ്ങളും ചുരുങ്ങിയ നേരം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ചിത്രങ്ങള്‍ വൈറലായതോടെ ആരാധകരുടെ ആശംസാപ്രവാഹമാണ് അമലയെ തേടിയെത്തുന്നത്. സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഗോവ സ്വദേശിയായ ജഗദ് ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലി ചെയ്യുന്നത്. അമല പോളിന്‍റെ രണ്ടാം വിവാഹമാണിത്. സംവിധായകൻ എ.എൽ. വിജയ്യുമായുള്ള അമലയുടെ ആദ്യ വിവാഹം 2014ല്‍ ആയിരുന്നു നടന്നത്. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹമോചിതരായി.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന അമല അലധിക്കാല യാത്രകള്‍ക്കിടെയാണ് ജഗദിനെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതുമെന്ന് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹമോചത്തിന് ശേഷം ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിങ്ങുമായി അമല ലിവിങ് റിലേഷനിലായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താരം തന്നെ അത് നിഷേധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്. അമലയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ്.
Actress Amala Paul shares pregnancy news