തന്‍റെ വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ, പുതുവര്‍ഷത്തിലും ആരാധകരെ ആവേശത്തിലാക്കി ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിന്‍റെ പുത്തൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് താരം. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘ഭ്രമയുഗം’. പ്രഖ്യാപനം മുതല്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് ഭ്രമയുഗം. പ്രേക്ഷകര്‍ക്ക് ന്യൂഇയര്‍ സമ്മാനമായാണ് പുതിയ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുൽ.
ഇതിനുമുന്‍പ് മമ്മൂട്ടി തന്‍റെ പിറന്നാളിന് കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരിയും, നരച്ച താടിയും, മുടിയും കഴുത്തില്‍ ജപമാലയും ചേർന്ന ‘ഭ്രമയുഗം’സിനിമയുടെ പോസ്റ്റര്‍ ലുക്ക് പുറത്തുവിട്ടിരുന്നു. അന്ന് ചിത്രം പുറത്തുവന്നതിനു പിന്നാലെ ദുര്‍മന്ത്രവാദിയായാണ് താരം സിനിമയിലെത്തുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ അത്തരം വാര്‍ത്തകള്‍ എല്ലാം തള്ളിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞിരുന്നത്.
മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് സിനിമയില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ഭ്രമയുഗം, കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമാണ് പൂർത്തീകരിച്ചത്.വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ഭ്രമയുഗം’.
Bramayugam's new poster out now