എന്റെ ഹൃദയം നുറുങ്ങുന്നു എന്നാണ് തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിന്റെ വേര്‍പാടില്‍ പ്രതികരിച്ചുകൊണ്ട് സൂപ്പര്‍ താരം രജനീകാന്ത് പറഞ്ഞത്. വിജയകാന്തിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം കണ്ണീരടക്കാനാവാതെ മടങ്ങുന്ന രജനീകാന്തിന്റെ വിഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നത്.
വിജയകാന്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയതിന് ശേഷം കാറില്‍ വെച്ച് രജനികാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മാസ്ക് കൊണ്ട് അദ്ദേഹം മുഖം മറക്കുന്നതും വിഡിയോയില്‍ കാണാം. ഹൃദയം തൊടുന്ന വാക്കുകളുമായാണ് വിജയകാന്തിന്റെ വിയോഗത്തില്‍ രജനികാന്ത് അനുശോചനവുമായി എത്തിയത്. 'വലിയ ഇച്ഛാശക്തിയുള്ള മനുഷ്യനായിരുന്നു അദ്ദേഹം. അവസാനമായി ഡിഎംഡികെയുടെ ജനറൽ ബോഡി മീറ്റിംഗിൽ വച്ചായിരുന്നു അദ്ദേഹത്തെ കണ്ടത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയ്ക്കെല്ലാം എതിരെ പോരാടി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാൻ കരുതി. പക്ഷേ അദ്ദേഹത്തിന്റെ മരണം, അത് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വലിയ നഷ്ടമാണ്’, രജനീകാന്ത് പറഞ്ഞു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് വിജയകാന്തിന്‍റെ മരണം സംഭവിക്കുമ്പോള്‍ രജനീകാന്ത് തന്റെ പുതിയ ചിത്രമായ വേട്ടയാന്റെ ചിത്രീകരണത്തിനായി തൂത്തുക്കുടിയിലായിരുന്നു. മരണ വിവരമറിഞ്ഞതിനു പിന്നാലെ തന്‍റെ പ്രിയ സുഹൃത്തിനെ ഒരുനോക്കുകാണാന്‍ ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ തൂത്തൂക്കുടി വിമാനത്താവളത്തിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിജയകാന്തിന്‍റെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.