rajinikanth-pays-last-respect-to-vijayakanth-2912

ഡിഎംഡികെ അധ്യക്ഷനും തമിഴ് നടനുമായ വിജയകാന്തിന്‍റെ വേര്‍പാടില്‍ ദുഖം പങ്കുവച്ച് തമിഴകത്തിന്‍റെ സൂപ്പര്‍ താരം രജനീകാന്ത്. ‘എന്റെ ഹൃദയം നുറുങ്ങുന്നു. വലിയ ഇച്ഛാശക്തിയുള്ള മനുഷ്യനായിരുന്നു അദ്ദേഹം. അവസാനമായി ഡിഎംഡികെയുടെ ജനറൽ ബോഡി മീറ്റിംഗിൽ വച്ചായിരുന്നു അദ്ദേഹത്തെ കണ്ടത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയ്ക്കെല്ലാം എതിരെ പോരാടി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാൻ കരുതി. പക്ഷേ അദ്ദേഹത്തിന്റെ മരണം, അത് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വലിയ നഷ്ടമാണ്’; രജനീകാന്ത് പറഞ്ഞു. ‘അദ്ദേഹം ആരോഗ്യവാനായിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ വലിയ ശക്തിയായി മാറുമായിരുന്നു, ജനങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുമായിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു, അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു’, രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.

 

ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് വിജയകാന്തിന്‍റെ മരണം സംഭവിക്കുമ്പോള്‍ രജനീകാന്ത് തന്റെ പുതിയ ചിത്രമായ വേട്ടയാന്റെ ചിത്രീകരണത്തിനായി തൂത്തുക്കുടിയിലായിരുന്നു. മരണ വിവരമറിഞ്ഞതിനു പിന്നാലെ തന്‍റെ പ്രിയ സുഹൃത്തിനെ ഒരുനോക്കുകാണാന്‍ ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ തൂത്തൂക്കുടി വിമാനത്താവളത്തിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിജയകാന്തിന്‍റെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ചെന്നൈയിലെത്തിയ അദ്ദേഹം ചെന്നൈ ഐലൻഡ് ഗ്രൗണ്ടിൽ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

 

അതേസമയം ഇന്ന് വൈകിട്ട് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്താണ് വിജയകാന്തിന്‍റെ സംസ്കാരം. പൊതുദർശനത്തിനായി ഇന്ന് രാവിലെ ഭൗതികശരീരം ഐലൻഡ് ഗ്രൗണ്ടിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒരു മണിക്ക് വിലാപയാത്രയായി പാർട്ടി ആസ്ഥാനത്തേക്ക് തിരികെ എത്തിക്കും. അഞ്ചുമണിക്കാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് ഇന്നലെ രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം.