'എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ക്യാപ്റ്റനാണ് അദ്ദേഹം' അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്തിനെക്കുറിച്ച് പ്രഭുദേവ പറഞ്ഞ വാക്കുകളാണിത്. ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവ വിജയകാന്തിനെക്കുറിച്ച് വാചാലനായത്. വലിയ വ്യക്തിത്വത്തിന് ഉടമാണ് വിജയകാന്തെന്നും ഇതുപോലെ ഒരു ഹീറോയെ ഇതുവരെയും കണ്ടിട്ടില്ലെന്നും പ്രഭുദേവ പറയുന്നു.
"വലിയ വ്യക്തിയാണ് അദ്ദേഹം. എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ക്യാപ്റ്റനാണ് അദ്ദേഹം. ഇങ്ങനെയൊരു ഹീറോയെ ഞാന്‍ കണ്ടിട്ടേയില്ല. മഹാനായ വ്യക്തിയാണ് അദ്ദേഹം. ചിലരൊന്നും ഞാനീ പറയുന്നത് വിശ്വസിക്കില്ലായിരിക്കാം അത്ര മാത്രം മഹാനായ ഹീറോയാണ് വിജയകാന്ത് സര്‍. വളരെ നല്ല മനുഷ്യന്‍. അത്ര നല്ലവനായി ഒരാള്‍ക്ക് ഇരിക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന് അത് സാധിക്കും. വലിയ മനുഷ്യനാണ് അദ്ദേഹം, വളരെ വലിയ മനുഷ്യന്‍."വാനത്തൈപോലെ എന്ന ചിത്രത്തില്‍ വിജയകാന്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും വിജയകാന്ത് എന്ന വ്യക്തിയെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ പ്രിയ ക്യാപ്റ്റന്‍റെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു തമിഴ് മക്കള്‍. അപ്പോഴാണ് രാഷ്ട്രീയ–സിനമാലോകത്തെ ഞെട്ടിച്ചുകൊണ്ട് വിജയകാന്തിന്‍റെ വിയോഗവാര്‍ത്ത പുറത്തുവന്നത്. കോവിഡ് ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളാല്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് താരത്തിന്‍റെ അപ്രതീക്ഷിത വിയോഗം.
Prabhu Deva talks about Vijayakanth