നടനായും രാഷ്ട്രീയക്കാരനായും തമിഴ് മക്കളുടെ ക്യാപ്റ്റനായും നിറഞ്ഞാടിയ പതിറ്റാണ്ടുകള്‍.  ഒരായിരം ഓര്‍മകള്‍ ബാക്കിയാക്കി വിജയകാന്ത് മടങ്ങുമ്പോള്‍ സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന് കിടക്കുന്ന തമിഴക മണ്ണ് കണ്ണീര്‍ തൊടുന്നു.  കോവിഡ് ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമലോകത്തെ നിറവസന്തമായിരുന്നു വിജയകാന്ത്. നാട്ടിന്‍ പുറത്തുകാരനായും ആക്ഷന്‍ ഹീറോയായും പ്രണയിതാവായും പൊലീസ് ഉദ്യോഗസ്ഥനായുമെല്ലാം തമിഴ് മക്കളുടെ ആരാധനാപാത്രമായി മാറി വിജയകാന്ത്. ആ സ്നേഹത്തിന്‍ നിന്നും അവരുടെ ആരാധനയില്‍ നിന്നും ലഭിച്ചതാണ് 'ക്യാപ്റ്റന്‍' എന്ന വിശേഷണവും. അതെ തമിഴ് മക്കളുടെ ഒരേയൊരു ക്യാപ്റ്റന്‍.

1952 ഓഗസ്റ്റ് 25 ന് മധുരയിൽ ജനനം. ‌ യഥാര്‍ത്ഥ പേര് വിജയരാജ് അളഗർ‌സ്വാമി. കെ.എൻ.അളഗർസ്വാമിയും ആണ്ടാൾ‌ അളഗർസ്വാമിയുമാണ് മാതാപിതാക്കൾ. 1979ല്‍ 'ഇനിക്കും ഇളമൈ' എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ സിനിമയിലെത്തി. 'സട്ടം ഒരു ഇരുട്ടറൈ' എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ പ്രക്ഷകസ്വീകാര്യത നേടി. ഒരു നായകനെന്ന നിലയില്‍ വിജയ​കാന്തിന്‍റെ വാണിജ്യമൂല്യമുയര്‍ത്തിയ ചിത്രവും 'സട്ടം ഒരു ഇരുട്ടറൈ' തന്നെയായിരുന്നു. 'ജാതിക്കൊരു നീതി','സിവപ്പു മല്ലി ' എന്നീ ചിത്രങ്ങള്‍ വലിയ കയ്യടി നേടിക്കൊടുത്ത ചിത്രങ്ങളായിരുന്നു. സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന യുവാവായി കഥാപാത്രങ്ങളിലൂടെ വിജയ​കാന്ത് ജീവിച്ചുകാണിക്കുകയായിരുന്നു. തികച്ചും നാട്ടിന്‍ പുറത്തുകാരനായെത്തിയ ചിത്രങ്ങളും അനേകമാണ്. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യുന്ന, പകലന്തിയോളം വയലില്‍ പണിയെടുക്കുന്ന, നാടിനെ സ്നേഹിക്കുന്ന, നാടിനും നാട്ടുകാര്‍ക്കും നല്ലത് മാത്രം വരണമെന്നാഗ്രഹിക്കുന്ന തനി നാട്ടിന്‍ പുറത്തുകാരന്‍റെ വേഷം വിജയകാന്തിന് നേടിക്കൊടുത്തത് 'പുരട്ചി കലൈഞ്ജർ' എന്ന വിശേഷണം കൂടിയായിരുന്നു.

പിന്നീട് തമിഴ് സിനിമാലോകം കണ്ടത് ആക്ഷന്‍ ഹീറോയായും പ്രണയിതാവായുമെല്ലാം നിറഞ്ഞാടിയ വിജയകാന്തിനെയാണ്. സാധാരണ നാടന്‍ കഥാപാത്രങ്ങളില്‍ നിന്നും വാണിജ്യസിനിമയിലെ വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലേക്കുളള പരകായപ്രവേശവും നിറഞ്ഞ കയ്യടി നേടി. അങ്ങനെ തമിഴിലെ വാണിജ്യ സിനിമയുടെ നെടുനായകരിലൊരാളായി മാറി വിജയകാന്ത്. 1984 ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയവ സൂപ്പര്‍ഹിറ്റുകളുമായിരുന്നു. നാട്ടിലെ അഴിമതിക്കും അക്രമത്തിനുമെതിരെ ശബ്ദമുയര്‍ത്തുകയും പ്രതികരിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ നാട്ടിലെ സാധാരണ കര്‍ഷകനായും കൂലിപ്പണിക്കാരനായും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയില്‍ നിസഹായനായി നിന്ന്, അത് തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന നായകനായുമെല്ലാം വിജയകാന്ത് ജീവിച്ചു കാണിച്ചു. തങ്ങളിലൊരുവന്‍ എന്ന് തോന്നും വിധം ആ കഥാപാത്രങ്ങള്‍ പ്രേക്ഷകമനസുകളില്‍ ഇടം പിടിച്ചു.

കൂലിക്കാരൻ, ഊമൈ വിഴിഗൾ, പൂന്തോട്ട കാവൽക്കാരൻ‌, പുലൻ വിചാരണൈ, നിനൈവേ ഒരു സംഗീതം, സത്രിയൻ, സിന്ദൂരപ്പൂവേ, ചിന്ന ഗൗണ്ടർ, ക്യാപ്റ്റൻ പ്രഭാകർ, സേതുപതി ഐപിഎസ്, രമണാ, വാനത്തൈപോലെ തുടങ്ങിയ വിജയകാന്തിന്‍റെ ശ്രദ്ധേയ ചിത്രങ്ങളാണ്. അവസാനം നായകനായി അഭിനയിച്ച ചിത്രം 2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയാണ്. ചിത്രത്തിന്‍റെ സംവിധായകനും വിജയകാന്ത് തന്നെയായിരുന്നു. സതാബ്ദം എന്ന 2015 ൽ പുറത്തിറങ്ങിയ ചിത്രത്തില്‍ അതിഥി വേഷത്തിലും വിജയകാന്ത് പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകൻ ഷണ്‍മുഖ പാണ്ഡ്യനായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനും ലോകം സാക്ഷ്യം വഹിച്ചു. 2005 സെപ്റ്റംബർ 14ന് ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കിറങ്ങി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്.

2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. തുടക്കത്തില്‍ തമിഴ് നാട്ടിലെ ശക്തനെന്ന് വിളിക്കപ്പെട്ടെങ്കിലും തുടക്കകാലത്തുണ്ടായ രാഷ്ട്രീയ നേട്ടങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടില്ല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേരിട്ട പരാജയങ്ങള്‍ രാഷ്ട്രീയ ജീവിതത്തിനും സ്വന്തം പാര്‍ട്ടിയായ ഡിഎംഡികെയ്ക്കും മങ്ങലേല്‍പ്പിച്ചു. പിന്നീട് ആരോഗ്യപ്രശ്നങ്ങള്‍ മൂര്‍ച്ചിച്ചതോടെ സജീവരാഷ്ട്രീയത്തില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ 2023 നവംബര്‍18ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ആഴ്ചകള്‍ നീണ്ട ചികില്‍സകള്‍ക്ക് ശേഷമാണ് അന്ന് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ അധികം വൈകാതെ തന്നെ കോവിഡ് ബാധിതനായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണ്ടുമൊരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്ന തമിഴ് മക്കളെ തേടിയെത്തിയത് പക്ഷേ ക്യാപ്റ്റന്‍റെ വിയോഗ വാര്‍ത്തയായിരുന്നു. ലോകം എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ബാക്കിയാക്കി അഭിനയ ജീവിത്തോടും രാഷ്ട്രീയ ജീവിതത്തോടും വിട പറഞ്ഞ് വിജയ​കാന്ത് അനശ്വരതയിലേക്ക് യാത്രയായി.

Actor and DMDK founder Vijayakanth passes away