thara-kalyan

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് താര കല്യാണ്‍. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ താരത്തിന്‍റെ ഒരു പ്രസംഗത്തിനിടയിലെ വാചകങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷമാണ് താന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയതെന്നായിരുന്നു താരയുടെ വാക്കുകള്‍. ഒരു സ്വകാര്യ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. 

ഭക്ഷണത്തെ പറ്റി സംസാരിച്ചുകൊണ്ടാണ് താര പ്രസംഗം ആരംഭിച്ചത്. ഭക്ഷണം തയാറാക്കുന്നത് സ്ത്രീകളുടെ മാത്രം കാര്യമല്ലെന്നും പുരുഷന്‍മാരും അതില്‍ പങ്കുചേരണമെന്നും താരം വ്യക്തമാക്കി. പിന്നാലെയാണ് ജീവിതത്തെ കുറിച്ച് താരം പറ‍ഞ്ഞത്. പ്രസംഗത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. 

താര കല്യാണിന്‍റെ വാക്കുകള്‍ ഇങ്ങനെ:

ഞാന്‍ എന്‍റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്, സത്യം.  പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ലൈഫില്‍ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. അതിന് വേണ്ടി ജീവിച്ച്, ‍ജീവിതം ഓടി തീർത്തു. 

ഇപ്പോള്‍  ആറു വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ് ജീവിതം. ആരും ഇത് കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, പുരുഷനാണോ, കുട്ടിയാണോ എന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്. അത് നമ്മള്‍ വളരെ ചിന്തിച്ചു എടുക്കേണ്ടതാണ്. 

പ്രസംഗം വൈറലായതിനു പിന്നാലെ താരയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങിയപ്പോഴാണ് താൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത് എന്ന പരാമർശം ചൂണ്ടിക്കാട്ടിയാണ് കൂടുതലായും വിമർശനങ്ങള്‍ ഉയരുന്നത്. താര പറഞ്ഞ വാക്കുകള്‍ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ജീവിച്ചിരുന്ന അത്രയും കാലം ഭാര്യയ്ക്കും മകള്‍ക്കും വേണ്ടി ജീവിച്ചിരുന്ന ഭര്‍ത്താവ് മരിച്ചപ്പോള്‍ ഇങ്ങനെ പറയുന്നത് ശരിയല്ല. ഭര്‍ത്താവ് മരിച്ചു കഴിഞ്ഞാണ് സ്വാതന്ത്ര്യം ലഭിക്കുന്നതെന്നാല്‍ എല്ലാവരും വിധവകളാകണം എന്നാണോ ഉദ്ദേശിക്കുന്നത് എന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

അതേസമയം, സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണമെന്നും സ്വാതന്ത്യത്തോടെ ആസ്വദിച്ച് ജീവിക്കണമെന്നാണ് താര കല്യാണ്‍ വ്യക്തമാക്കിയതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്നതിനിടയിൽ അവരവർക്ക് വേണ്ടി ജീവിക്കാൻ മറക്കുന്ന നിരവധി സ്ത്രീകളുടെ പ്രതിനിധിയാണ് താര കല്യാൺ എന്നും അതിനെ കരിവാരിതേക്കേണ്ട ആവശ്യമില്ല എന്നും കമന്‍റുകളുണ്ട്.

Thara Kalyan's speech goes viral on social media