രാസ്ത എന്ന സിനിമയ്ക്ക് ആടുജീവിതവുമായി യാതൊരു സാദൃശ്യവും ഇല്ലെന്ന് തിരക്കഥാകൃത്തുക്കളായ ഷാഹുൽ ഈരാറ്റുപേട്ടയും ഫായിസ് മടക്കരയും. സർജ്ജനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി ജനുവരി അഞ്ചിനാണ് രാസ്ത റിലീസാകുന്നത്. അനീഷ് അൻവറാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. തിരക്കഥാകൃത്തുക്കള്‍ സിനിമയെ കുറിച്ച് സംസാരിക്കുന്നു:
എന്തുകൊണ്ട് രാസ്ത എന്ന പേര്..?
രാസ്ത എന്നത് ഒരു ഹിന്ദി വാക്കാണ്, വഴി എന്നത് ആണ് ഇതിന്റെ അർത്ഥം. നമ്മുടെ സിനിമ മലയാളത്തിന് ഒപ്പം അറബിയിലും ഉണ്ടാകും. നിരവധി അറബിക് താരങ്ങൾ ഇതിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യമായിട്ടാകും ജിസിസി പോലുള്ള രാജ്യങ്ങളിൽ നിന്ന് ഒരു ഫുൾ ടൈം അറബിക് സിനിമ വരുന്നത്. അതു തന്നെ ആണ് രാസ്ത എന്നൊരു പേര് ചിത്രത്തിന് വരാൻ കാരണം.
ഏതു ജോണറിൽ ഉള്ള ചിത്രമാണ് രാസ്ത.?
ചിത്രം ഒരു ത്രില്ലർ ആണ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറും ഒപ്പം സർവൈവലും സ്റ്റോറിയും ആണിത്. നമ്മൾ കണ്ടിട്ടുള്ള സർവൈവൽ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്. തിയേറ്ററിൽ കിട്ടുന്ന ഒരു ഇമ്പാക്ട് നമുക്ക് മറ്റൊരു പ്ലാറ്റ് ഫോമിൽ കിട്ടിയെന്നു വരില്ല. കാരണം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നല്ല സമയം എടുത്തു ചെയ്തതാണ്. പ്രത്യേകിച്ച് സിനിമയുടെ രണ്ടാം പകുതിയിൽ അത് കൃത്യമായി ആസ്വദിക്കണം എങ്കിൽ തിയേറ്ററിൽ തന്നെ ആസ്വദിക്കണം.
രാസ്ത എന്ന സിനിമയെ ആട് ജീവിതവുമായി ബന്ധപ്പെടുത്തി ചില ചര്‍ച്ചകള്‍ കണ്ടു. അതിൽ എന്തെങ്കിലും വസ്തുതയുണ്ടോ.?
ഒരിക്കലുമില്ല. ഇങ്ങനെ ഒരു ചർച്ച ഞങ്ങളും കണ്ടിരുന്നു, അതിനു കാരണമായി തോന്നുന്നത് ഞങ്ങളുടെ മേക്കിങ് വിഡിയോയിലെ ഒരു രംഗവും ഈ പറഞ്ഞ സിനിമയുടെ ട്രെയിലറിലെ ഒരു രംഗം കണ്ടിട്ടാകും. ഞങ്ങളുടെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു ഒരു മാസം കഴിഞ്ഞാണ് മേക്കിങ് വിഡിയോ വരുന്നത്, അതിനു ശേഷം രണ്ടു മാസം കഴിഞ്ഞാണ് ആടുജീവിതത്തിന്റെ ട്രെയ്‌ലര്‍ വരുന്നത്. ആടുജീവിതം എന്ന നോവൽ നമ്മളൊക്കെ വായിച്ചതാണ്, അതുമായി ഒരു തരത്തിലും ഉള്ള സാമ്യതകൾ നമ്മുടെ സിനിമക്ക് ഇല്ല. അതിൽ പറയുന്ന കഥ എന്താണ് എന്ന് നമുക്ക് അറിയാം. നമ്മുടെ സിനിമയിൽ അങ്ങനെ ഒരു കഥയല്ല, മാത്രമല്ല രാസ്തയിൽ രണ്ടാം പകുതിയിൽ ആണ് മരുഭൂമിയൊക്കെ വരുന്നത്.
അനീഷ് അൻവർ എന്ന സംവിധായകനെക്കുറിച്ച്..?
അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയ ഒരുപാടു നല്ല ചിത്രങ്ങൾ ചെയ്ത് ഒരുപാടു എക്സ്‌പീരിയൻസ് ഉള്ളൊരു ആളാണ്. ഇതുപോലുള്ള ടോപ്പിക്കുകൾ ചെയ്യുമ്പോൾ അങ്ങനെ ഒരു ബാക്ഗ്രൗണ്ട് ഉള്ളൊരു ആള് വേണം എന്ന് നിർബന്ധം ഉണ്ടായിരുന്നു, അതുപോലെ തന്നെ ആണ് ക്യാമറ ചെയ്ത വിഷ്ണുവേട്ടനും വലിയ പടങ്ങൾ ചെയ്താ ആളാണ്.
നിങ്ങളുടെ ആദ്യചിത്രം ആണല്ലോ ഇത്. ഇതുപോലൊരു ജോണർ തിരഞ്ഞെടുക്കാൻ കാരണം...?
ഞങ്ങൾക്ക് ഇഷ്ടമുള്ളൊരു ജോണർ ആണ് ഇത്. ഇതുമാത്രം അല്ല മറ്റു ചില ജോണറുകൾ കൂടി ഞങ്ങൾ ചെയ്തു വെച്ചിട്ടുണ്ട്. ഞങ്ങൾ പ്രൊഡ്യൂസർ ലിനു സാറിനോട് പറഞ്ഞത് മൂന്നു കഥകൾ ആണ്. അതിൽ അദ്ദേഹം സെലക്ട് ചെയ്ത കഥയാണ് ഇത്. കാരണം ഇതുപോലെ നിരവധി യഥാർത്ഥ സംഭവങ്ങൾ റുബൽ ഖാലി എന്ന ആ അദ്ഭുതങ്ങൾ ഒളിച്ചിരിക്കുന്ന മരുഭൂമിയിൽ നടന്നിട്ടുണ്ട്, അത് പ്രേക്ഷകർക്ക് മുന്നിൽ നല്ല രീതിയിൽ എത്തിക്കുക എന്നതാണ് നമ്മുടെ മുന്നിൽ ഉണ്ടായിരുന്ന ലക്ഷ്യം, അതിനു സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം.
ഇതൊരു റിയൽ സ്റ്റോറി ആണ് എന്ന് കേട്ടല്ലോ ..?
അങ്ങനെ വേണമെങ്കിൽ പറയാം. പക്ഷേ ഇത് ടോട്ടലി ഒരു റിയൽ ഇൻസിഡന്റിൽ നിന്ന് ഉള്ളതല്ല. പക്ഷേ ഇതിൽ ഞങ്ങൾ പറയുന്ന ഒരു സംഭവം, അത് 2011ല്‍ സൗദിയിൽ നടന്ന ഒന്നാണ്.
റുബൽ ഖാലി മരുഭൂമി..?
സത്യത്തിൽ ആ ഒരു പ്രദേശത്തെ കുറിച്ചുള്ള വായനകൾ ആണ് ഇതിൽ ഒരു ആകാംക്ഷ ആദ്യം ഉണ്ടാക്കിയത്. ഈ ഏരിയ ഉള്ളത് സൗദി, ഒമാൻ, യെമൻ, യുഎഇ തുടങ്ങിയ നാല് രാജ്യങ്ങളുടെ അതിർത്തിയിൽ ആയി കിടക്കുന്ന ഒരു പ്രദേശം ആണ്. ഫുൾ മരുഭൂമി. നമ്മുടെ കേരളത്തിന്റെ ഒരു ഇരുപതു ഇരട്ടി വലിപ്പം ഉള്ള ഒരു ഏരിയ. അങ്ങനെ പറയുമ്പോൾ തന്നെ അറിയാമല്ലോ അതിന്റെ ഒരു ഭീകരത. അതൊക്കെ മാക്സിമം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഒരു മനോഹാരിതയും പേടിപ്പെടുത്തലും ഒക്കെ വിഷ്ണുവേട്ടൻ ഒപ്പിയെടുത്തിട്ടുണ്ട് .
മ്യൂസിക്കിന് പ്രാധാന്യം ഉള്ളൊരു സിനിമയാണോ..?
തീർച്ചയായും. മ്യൂസിക്കിന് ഒരു പ്രാധാന്യം ഉണ്ട്. മൂന്നു പാട്ടുകൾ ആണ് ഉള്ളത്. അവിൻ മോഹൻ സിതാര ആണ് ഇതിലെ പാട്ടുകൾ ചെയ്തിരിക്കുന്നത്. ഒപ്പം സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്കോറും പുള്ളിയാണ്.അത് വളരെ മനോഹരമായി തന്നെ പുള്ളി ചെയ്തിട്ടുണ്ട്.
റുബൽ ഖാലിയിലെ ഷൂട്ടിങ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു .?
ഇതിന്റെ ഷൂട്ട് നടന്നത് റുബൽ ഖാലിക്ക് അടുത്തുള്ള മറ്റൊരു ഡെസേർട്ടിൽ വെച്ചാണ്. കാരണം ഈ റുബൽ ഖാലിയിൽ അവൈലബിലിറ്റി കുറവാണു. മാത്രമല്ല അവിടെ ഉള്ളിലേക്ക് ചെന്ന് ഇത്രയും വലിയൊരു ക്രൂ ഇത്രയും ദിവസം ഷൂട്ട് ചെയ്യുക എന്നത് വലിയ റിസ്ക് ആണ്. അതിൽ പല കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി ചൂട്. നമ്മുടെ ഷൂട്ട് നടന്നത് വിന്റർ സീസണിൽ ആണ്. എന്നിട്ടു പോലും നമുക്ക് ചൂട് താങ്ങാൻ പറ്റിയില്ല പലപ്പോഴും. അതുപോലെ വിഷമുള്ള പാമ്പുകളും മറ്റും കൂടുതൽ ആയി ഉള്ള ഒരു ഏരിയ ആണ് ഈ റുബൽ ഖാലി.
തൊട്ടടുത്ത മറ്റൊരു വലിയ പ്രദേശം ഷൂട്ടിനായി തിരഞ്ഞെടുക്കുകയായിരുന്നു. അവിടെയും ചൂടിന് ഒരു കുറവും ഇല്ലായിരുന്നു.
ഷൂട്ടിന് ഇടയിൽ നിങ്ങളുടെ ക്രൂ മെമ്പേഴ്സിൽ ഒരാൾ ഈ മരുഭൂമിയിൽ മിസ്സായി എന്ന് കേട്ടിരുന്നു, എന്താണ് ആ സംഭവം?
അത്, നമ്മുടെ ആർട്ട് അസോസിയേറ്റ് ആയി വന്ന ബിനു മാത്യു ചേട്ടൻ, രാവിലെ 6 മണിക്ക് ഡേസെർട്ടിൽ കയറിയാൽ രാത്രി 9-10 മണിക്കാണ് ഷൂട്ട് കഴിയുക, രണ്ടു ദിവസം രാവിലെ 6 മണിവരെ ഷൂട്ട് നീണ്ടു പോയ അവസ്ഥ ഉണ്ട്. സിനിമയിൽ സാൻഡ് സ്റ്റോം വരുന്ന സീനൊക്ക ഉണ്ട്, അത് ചെയ്തത് വലിയ നാല് ഗ്‌ളൈഡർ ഒരേ സമയം വെച്ചാണ്.
പലപ്പോഴും പുലർച്ചെ വരെയൊക്കെ ഷൂട്ട് നീണ്ടു, അതിനിടയിൽ ഒരു ദിവസം ആണു, നമ്മളൊക്കെ പാക്ക് അപ്പ് ചെയ്തു ഡേസർട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഡേസർട്ടിൽ ഉപയോഗിക്കുന്ന ഫോർ വീൽ കാറുകളിൽ ആണ്, പലരും പല വണ്ടികളിൽ ആയി ആകും പുറത്തേക്കു പോകുക. രാത്രി ലൊക്കേഷനിൽ നിന്ന് ഏറ്റവും അവസാനം പോകുന്നത് യൂണിറ്റുകാരും ആർട്ടുകാരും ആയിരിക്കും. അങ്ങനെ ഒരു ദിവസം ആണ് ഇത് നടന്നത്, ഈ ബിനു ചേട്ടൻ ഏതെങ്കിലും വണ്ടിയിൽ ഉണ്ടാകും എന്ന് കരുതി നമ്മൾ പോയി. ഹോട്ടലിൽ എത്തികഴിഞ്ഞു പുറത്തു പോയിട്ടുണ്ടാകും എന്ന് കരുതി മറ്റാരും അത്ര ശ്രദ്ധിച്ചില്ല. എന്തോ ഒരു ഭാഗ്യത്തിന് അന്ന് ഷൂട്ട് നടന്നത് അധികം ഉള്ളിലായി അല്ലായിരുന്നു, റോഡിൽ നിന്ന് ഒരു 10-15 കിലോമീറ്റർ ഉണ്ടായിരുന്നുള്ളു, അവിടെ മൈബൈൽ റെയ്ഞ്ചും ഇല്ല, പുള്ളി ഒരു വിധത്തിൽ തപ്പി തപ്പി കുറച്ചു വന്നു, പിന്നെ ഒരു കുന്നിന് മുകളിൽ എത്തിയപ്പോൾ ഒരു പള്ളിയുടെ മിനാരം കണ്ടു, ആ വെട്ടം കണ്ടു അവിടെ വരെ എത്തി, അവിടെ നിന്ന് അതിലൂടെ പോയ ആരുടെയോ മൊബൈൽ മേടിച്ചു ഹോട്ടലിലേക്ക് വിളിച്ചു, ഞങ്ങൾ പെട്ടെന്ന് അവിടെ എത്തിയപ്പോൾ പള്ളിയുടെ വരാന്തയിൽ ഇരിപ്പുണ്ട് പാവം. എന്തോ ഒരു ഭാഗ്യത്തിന് ആണ് ആള് ഈ ദിശയിലേക്ക് നടന്നത്, തിരിച്ചു ആയിരുന്നു എങ്കിൽ ആലോചിക്കാൻ കൂടി വയ്യ.
ഏതായാലും സിനിമ വലിയ വിജയം ആകട്ടെ, നിങ്ങളുടെ ടീം എടുത്ത വലിയ എഫർട്ടിന് കൃത്യമായ ഒരു റിസൾട്ട് കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
script writters about the movie Rasta