രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം 'അനിമല്‍' ബോക്‌സ് ഓഫിസില്‍ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ ചിത്രം 800 കോടി പിന്നിട്ടിരിക്കുകയാണ്. 'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് 'അനിമലി'ന്റെ സംവിധായകന്‍. ചിത്രം നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും നേരിട്ടെങ്കിലും ഗംഭീര വിജയമാണ് കൈവരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നായകന്‍ രണ്‍ബീറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ വിജയത്തെക്കുറിച്ചും നായകനായി രണ്‍ബീര്‍ കപൂറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിമലിലെ നായകനായി ആദ്യം ആലോചിച്ചത് ബര്‍ഫിയിലെ നായകനായ രണ്‍ബീര്‍ കപൂറിനെത്തന്നെ ആയിരുന്നോ എന്ന ചോദ്യത്തിന് വളരെ പെട്ടെന്നായിരുന്നു അതെ എന്നുളള സംവിധായകന്‍റെ മറുപടി. ചോദ്യം മുഴുവിക്കും മുന്‍പേ സന്ദീപ് റെഡ്ഡി വംഗ അതെ എന്ന് ഉത്തരം നല്‍കി. രണ്‍ബീര്‍ തന്നെയായിരുന്നു എന്‍റെ ആദ്യ ചോയിസ്. മറ്റാരെയും ആ കഥാപാത്രത്തിന്‍റെ സ്ഥാനത്തേയ്ക്ക് ചിന്തിച്ചിട്ടില്ലെന്നായിരുന്നു സന്ദീപ് റെഡ്ഡി വംഗയുടെ മറുപടി.
"കബീര്‍ സിംഗ് എന്ന ചിത്രത്തിന് ശേഷം മാസങ്ങള്‍ക്കിപ്പുറമാണ് രണ്‍ബീറിനെ കാണാനിടയായത്. അന്ന് അനിമലിന്‍റെ ചെറിയൊരു ആശയം മാത്രമേ മനസില്‍ ഉണ്ടായിരുന്നുളളു. 10–15 മിനിറ്റുകൊണ്ട് ചിത്രത്തെക്കുറിച്ച് ചെറിയൊരു വിവരണം രണ്‍ബീറിന് നല്‍കി. ചിത്രത്തിന്‍റെ തുടക്കവും അവസാനഭാഗവും മാത്രമാണ് വിവരണത്തില്‍ ഉണ്ടായിരുന്നത്. പ്രധാനമായും രണ്‍ബീറിനോട് പറഞ്ഞത് കഥാപാത്രത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും അതിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചെല്ലാമായിരുന്നു. ഇത് കേട്ട ഉടനെ രണ്‍ബീര്‍ പറഞ്ഞത് വളരെ രസകരമായ കഥയാണിതെന്നും എത്രയും വേഗം തിരകഥ പൂര്‍ത്തിയാക്കു, നമുക്കിത് ചെയ്യാമെന്നുമാണ്. വെറും പത്ത് മിനിറ്റില്‍ കേട്ട കഥയുടെ അടിസ്ഥാനത്തിലാണ് രണ്‍ബീര്‍ അനിമല്‍ തിരഞ്ഞെടുത്തെന്നും" സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു.
അനിമല്‍ വിജയിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇത്രയും വലിയ വിജയം അപ്രതൂക്ഷിതമായിരുന്നെന്നും സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു. ഒരു 600–700 കോടി കലക്ഷന്‍ വരെ താന്‍ പ്രതീക്ഷിച്ചിരുന്നെന്നും ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ പക്ഷേ ചിത്രം 800 കോടി പിന്നിട്ടത് തികച്ചും ആശ്ചര്യമുണ്ടാക്കിയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. അനിമലിന്‍റെ വിജയം ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്കേറെ സന്തോഷം നല്‍കുന്നതാണെന്നും സന്ദീപ് റെഡ്ഡി വംഗ വ്യക്തമാക്കി.
Sandeep Reddy Vanga talks about Animal movie and Ranbir Kapoor