drishyam-final

സാദൃശ്യമില്ലാത്തതാണ് ‘ദൃശ്യം’. സിനിമയില്‍ കേള്‍ക്കാത്തതും കാണാത്തതും. ഹോളിവുഡ് പോലും കണ്ടു വിസ്മയിച്ച ത്രില്ലര്‍. നായകന്‍ തന്നെ പ്രതിനായകനായി. മൊബൈല്‍ ഫോണില്ലാത്ത, പത്രം വായിക്കാത്ത, വെറുക്കപ്പെടാത്ത ‘വില്ലനും കുടുംബവും’ തിയേറ്ററുകളെ നിറസദസ്സുകളാക്കി.  ദൃശ്യം മോഡല്‍ ക്രൈമുകള്‍ എന്ന് കവര്‍ അപ് വന്നു.  സിനിമ ജീവിതത്തെ സ്വാധീനിക്കില്ലെന്ന തിയറികള്‍ തെറ്റിയെന്ന് പലരും വാദമുയര്‍ത്തി. 2013 ഡിസംബര്‍ 19,  ജോര്‍ജുകുട്ടിയും കുടുംബവും മലയാളക്കരയെ ത്രില്ലടിപ്പിച്ച ദിവസം. ‘ദൃശ്യം’ എന്ന ജീത്തു ജോസഫ് ചിത്രം മലയാള സിനിമയില്‍ അടയാളപ്പെടുത്തിയിട്ട് നാളേക്ക് പത്തു വര്‍ഷം. പത്താം വര്‍ഷത്തിലും ‘ദൃശ്യം വണ്‍’ സേഫ് ആണ് പ്രേക്ഷക മനസുകളില്‍. ദൃശ്യത്തെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

d444444444444

∙ തിരക്കഥയിലും സംവിധാനത്തിലും അടിമുടി പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരിയറില്‍ ‘ദൃശ്യം’എങ്ങനെ അടയാളപ്പെടുത്തുന്നു?

എന്റെ കരിയറിലെ ഒരു നല്ല സിനിമ എന്നാണ് ദൃശ്യത്തെ അടയാളപ്പെടുത്തുന്നത്. അതിനപ്പുറത്തേക്ക് ഞാന്‍ ഒന്നും കാണുന്നില്ല. ഒരു ദൈവാനുഗ്രഹം എന്ന് കരുതുന്നു. അല്ലാതെ അത്രയും നല്ലൊരു സിനിമയാകുമെന്നൊന്നും കരുതിയില്ല. ഒരു നല്ല കഥ കിട്ടി, അതില്‍ ഞങ്ങള്‍ വര്‍ക്ക് ചെയ്തു, അത് ഡെവലപ് ചെയ്തു, ഒരു ഫാമിലി എന്റര്‍ടെയിനര്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് ഇട്ടുകൊടുത്തപ്പോള്‍ പ്രേക്ഷകര്‍ അതിനെ സ്വീകരിച്ചങ്ങ് കൊണ്ടുപോയി വേറെ ഒരു ലെവലിലേക്കെത്തിച്ചു. അല്ലാതെ അതൊരു ക്ലാസിക്, മാസ്റ്റര്‍പീസ് എന്നൊന്നും ഞാന്‍ കരുതുന്നില്ല. അങ്ങനെയൊന്നും എടുക്കാന്‍ എനിക്ക് താല്‍പ്പര്യവുമില്ല. 

 

∙ പ്രേക്ഷകര്‍ ആ സിനിമ സ്വീകരിച്ച രീതി, ജീത്തു ജോസഫ് എന്നൊരു ബ്രാന്‍ഡ് ഉണ്ടാക്കിയ സിനിമ എന്നു തോന്നുന്നുണ്ടോ?

d2222222222

ഒരു പാന്‍ ഇന്ത്യന്‍ അറ്റന്‍ഷന്‍ കിട്ടിയ സിനിമയായി മാറി. പ്രത്യേകിച്ച് ചൈനീസിലേക്കും പോയപ്പോള്‍ സ്വാഭാവികമായും ജീത്തു ജോസഫ് എന്നൊരു ബ്രാന്‍ഡ് വന്നു, പക്ഷേ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ അതെനിക്ക് കുറച്ച് പണിയും തന്നു. ആ സിനിമ കഴിഞ്ഞ് ആളുകളുടെ പ്രതീക്ഷയും ബെഞ്ച് മാര്‍ക്കും ദൃശ്യത്തെ അടിസ്ഥാനമാക്കിയായിരുന്നു. പിന്നെ ഞാന്‍ ഏത് പടം ചെയ്താലും ദൃശ്യം പോലെയായില്ല എന്നു പറയും. അത് ശരിയല്ല. അതു കഴിഞ്ഞ് ലൈഫ് ഓഫ് ജോസൂട്ടി ചെയ്തു, അതെനിക്ക് ഇഷ്ടമുള്ള ഒരു സിനിമയായിരുന്നു, പക്ഷേ അത് കണ്ട് ആളുകള്‍ സമാന അഭിപ്രായം പറഞ്ഞു. 

ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രതീക്ഷ വലിയ ബാധ്യതയായി മാറി. ദൃശ്യത്തിനു മുന്‍പും പിന്‍പും എന്നു പറഞ്ഞാല്‍ ഇത് തന്നെയാണ് അവസ്ഥ. ഒരു സാധാരണ പ്രേക്ഷകന്‍ പറഞ്ഞാല്‍ മനസിലാക്കാം. പക്ഷേ വലിയ നിരൂപകര്‍ ഒക്കെ പറയുന്നതാണ് കഷ്ടം. ഞാന്‍ പിന്നെ ചെയ്യുന്നത് ദൃശ്യം അല്ലല്ലോ. ദൃശ്യം 2വുമായി താരതമ്യപ്പെടുത്തിയാല്‍ ഓകെ. ബാക്കിയൊക്കെ എന്തിന് താരതമ്യം ചെയ്യുന്നു, ഇനി ‘നേര് ’എന്ന ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. അതിലും താരതമ്യം പാടില്ല. 

∙ ‘ദൃശ്യം’ ബാധ്യതയും വെല്ലുവിളിയും എങ്ങനെ?

ആളുകളുടെ പ്രതീക്ഷ, അതാണ് ഞാന്‍ പറഞ്ഞത് വലിയ ബാധ്യതയായി മാറി, അത് വലിയ വെല്ലുവിളി ആയി. ചിലരൊക്കെ പറഞ്ഞു ഇനി ചെറിയ പടങ്ങള്‍ 

d11111111

ചെയ്യരുതെന്ന്. ഞാന്‍ ഇനിയും ചെയ്യും ,ഇപ്പോള്‍ ബേസിലിനെ വെച്ച് നുണക്കുഴി ചെയ്യുന്നുണ്ട്. അത് വെല്ലുവിളി ആയി എടുത്താണ് ചെയ്യുന്നത്. ഞാന്‍ വേറെയും പടങ്ങള്‍ ചെയ്തു. ആസിഫിനെ വെച്ച് കൂമന്‍ ചെയ്തു. ഇനിയും ചെറിയ പടങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. കുട്ടികളുടെ ഒരു പടവും മനസിലുണ്ട്. അതൊന്നും ദൃശ്യവുമായി താരതമ്യം ചെയ്യരുത്.

∙ത്രില്ലര്‍ പടങ്ങളില്‍ നിന്നും ദൃശ്യത്തിനു ശേഷം ജോണര്‍ മാറ്റാന്‍ ശ്രമിക്കുകയായിരുന്നോ?

തീര്‍ച്ചയായും. ലൈഫ് ഓഫ് ജോസൂട്ടി അതായിരുന്നു.  ഒരേ പാറ്റേണില്‍ സിനിമ ചെയ്താല്‍ ഇപ്പോള്‍  ആളുകള്‍ സ്വീകരിക്കും പിന്നീട് തെറി വിളിക്കും. അതുകൊണ്ട് ജോണര്‍ മാറ്റിയില്ലെങ്കില്‍ എനിക്ക് തന്നെ ബോറടിക്കും. 

∙ ‘ദൃശ്യം’ ശ്രീനിവാസന്‍ ചെയ്യാനിരുന്ന പടമാണെന്നും മോഹന്‍ലാല്‍ ആയിരുന്നില്ല മമ്മൂട്ടിയെ ആണ് ഉദ്ദേശിച്ചിരുന്നതെന്നും കേട്ടിരുന്നു..? 

d5555555555555

അത് സത്യമാണ്. എന്റെ ഒരു അസോസിയേറ്റ് ഡയറക്ടര്‍ക്കു വേണ്ടി എഴുതിയ സ്ക്രിപ്റ്റ് ആണ്. ആദ്യം ശ്രീനിയേട്ടനെ വെച്ച് ചെയ്യാനിരുന്നു. പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന്  ഞാന്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു. മമ്മൂക്കയുടെ അടുത്തു പോയതും ശരിയാണ്. അന്ന് അദ്ദേഹത്തിന് ഡേറ്റ് ഇല്ലായിരുന്നു. ഒന്നര വര്‍ഷത്തോളം ബ്ലോക്ക്ഡ് ആയിരുന്നു. ഇത്രയും കാത്തിരിക്കേണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞു. 

∙ ബോക്സോഫീസ് 50 കോടി എന്നാണ് കേട്ടത്..?

അന്ന് 50 കോടി കടന്ന പടമാണ്. 80 വരെ വന്നു. ഞാന്‍ അതൊക്കെ പിന്നീടാണ് അറിഞ്ഞത്. ഞാന്‍ ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ കളക്ഷന്‍ ഒന്നും ചോദിക്കാറില്ല. നിര്‍മാതാവിന് നഷ്ടം വന്നില്ലല്ലോയെന്ന്് മാത്രം അറിഞ്ഞാല്‍ മതി. വേറെ ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ല.  ഞാന്‍ ഈ ബോക്സോഫീസ്, കോടി ക്ലബിനെല്ലാം എതിരാണ്. അതാവരുത് സിനിമയുടെ ക്രൈറ്റീരിയ. 

∙ ദൃശ്യത്തില്‍ നടി മീനയുടെ മേക്കപ്പുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകളൊക്കെ വന്നിരുന്നു?

അവരോട് ദൃശ്യത്തില്‍ ചെറിയ തോതില്‍ മേക്കപ്പ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. മീന തമിഴ് തെലുങ്ക് ഒക്കെ ചെയ്യുന്ന ആളല്ലേ, അത്രയും മേക്കപ്പ് റാണിക്ക് ആവശ്യമില്ലായിരുന്നു. അവര്‍ നേരിയ തോതില്‍ മേക്കപ്പ് കുറച്ചെങ്കിലും കൂടുതല്‍ ആവശ്യപ്പെട്ടാല്‍ ആര്‍ട്ടിസ്റ്റ് അപ്സറ്റ് ആവും. അതൊന്നും വലിയ പ്രശ്നമായിരുന്നില്ല. ചില വിമര്‍ശനങ്ങള്‍ വന്നു എന്നത് സത്യമാണ്. 

∙ ‘ദൃശ്യം മോഡല്‍ ക്രൈം’ എന്നൊരു കവര്‍ അപ്?

d66666666666

അല്ലാ, അപ്പോള്‍ ദൃശ്യത്തിനു മുന്‍പ് കൊല ചെയ്ത് ആളുകള്‍ ആ ബോഡി മറയ്ക്കാതെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നോ പതിവ്? ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട് അത്തരം ക്രൈമുകള്‍. സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ അതൊരു കവര്‍അപ് ഉള്ളതുകൊണ്ട് അങ്ങനെയങ്ങ് പറയും. ഈ സിനിമയക്ക് മുന്‍പ് സമാനസംഭവം തലയോലപ്പറമ്പിലുണ്ടായി, ഇതൊക്കെ പിന്നീടല്ലേ പുറത്തു വന്നത്. ഹിന്ദി ഇറങ്ങി കഴിഞ്ഞപ്പോള്‍ സമാനസംഭവം ഗുജറാത്തിലേങ്ങോ ഉണ്ടായി. അയാളെ പിടിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ദൃശ്യം സിനിമ കണ്ട് ചെയ്തതാണെന്ന്. അങ്ങനൊരു കേസ് ആണ് ശേഷം വന്നത്. ഒരു കൊല കഴിഞ്ഞാല്‍ അത് കുഴിച്ചുമൂടുകയല്ലേ സ്വാഭാവികമായും ചെയ്യുന്നത്.

∙  ‘ദൃശ്യം 3’ ഉണ്ടാവുമോ ഭാവിയില്‍? ആന്റണി പെരുമ്പാവൂര്‍ സൂചന നല്‍കി?

ഞങ്ങള്‍ ആലോചിക്കുന്നുണ്ട്, ഉറപ്പ് പറയാനാവില്ല. ശ്രമിക്കുന്നുണ്ട്. എന്തെങ്കിലുമൊരു നല്ല സാധനം കിട്ടിയാല്‍ തീര്‍ച്ചയായും ഉണ്ടാവും.