ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ഷാറൂഖ് ഖാനും അജയ് ദേവ്ഗണിനും പാന്‍മസാല പരസ്യ വിവാദവുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചതായി കേന്ദ്ര സര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്നൗ ബെഞ്ചിനെ അറിയിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നോട്ടീസ്. അതേസമയം ഈ തല്‍ക്ഷണ ഹര്‍ജി തളളണമെന്നും ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
പാന്‍മസാല കമ്പനികളുടെ പരസ്യത്തില്‍ ഷാറൂഖിനെപ്പോലുളള പ്രമുഖതാരങ്ങള്‍ അഭിനയിക്കുന്നത് പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം സമൂഹത്തില്‍ വര്‍ദ്ധിക്കാന്‍ കാരണമായേക്കാം എന്നാണ് ഹര്‍ജിക്കാന്‍റെ വാദം. പത്മശ്രീ പോലുളള പരമോന്നത പുരസ്കാരങ്ങള്‍ നേടിയ ഷാറൂഖ് ഖാനും അജയ് ദേവ് ഗണും അക്ഷയ് കുമാറുമെല്ലാം പാന്‍മസാല പോലുളള കമ്പനികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതും അവയ്ക്ക് പ്രചാരം കൊടുക്കുന്നതും തെറ്റാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ വിഷയത്തില്‍ ഒക്ടോബര്‍ 22ന് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
ഷാറൂഖ് ഖാനടക്കമുളള അഭിനേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ഹര്‍ജിക്കാരന്‍റെ പരാതിയില്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് മൂവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നതായാണ് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍റെ ബെഞ്ചിനെ അറിയിച്ചത്. ഒക്ടോബര്‍ 22ന്‍ നല്‍കിയ നിവേദനത്തിന് നടപടി ഇല്ലാതായതോടെയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. അതോടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയക്കുകയായിരുന്നു.
അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട പരസ്യവിവാദത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. കോണ്‍ട്രാക്റ്റ് അവസാനിച്ചിട്ടും താന്‍ അഭിനയിച്ച പരസ്യം വീണ്ടും നല്‍കിയതുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചനും ഒരു ഗുട്ക കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
Pan Masala Ad case