രശ്മിക മന്ദാനയ്ക്കും കത്രിന കെയ്ഫിനും ആലിയ ഭട്ടിനും കജോളിനും പിന്നാലെ ഡീപ് ഫേക്ക് കെണിയില്‍ കുരുങ്ങി ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം വ്യാജ വിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നത് അടുത്ത കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ പ്രചരിച്ച ഡീപ് ഫേക്ക് വിഡിയോക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതിനു ശേഷം കത്രീന കെയ്ഫിന്‍റെതെന്ന പേരിലും കജോളിന്‍റെ പേരിലുമെല്ലാം ഇത്തരം ഡീപ് ഫേക്കുകള്‍ വ്യാപകമായി പ്രചരിക്കുകയാണുണ്ടായത്. ഇപ്പോഴി പ്രിയങ്കാ ചോപ്രയുടേതെന്ന പേരിലാണ് പുതിയൊരു വ്യാജ വിഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.
രശ്മികയുടേയും കജോളിന്‍റെയുമെല്ലാം മുഖമാണ് ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരുടെ വിഡിയോയുമായി മോര്‍ഫ് ചെയ്തതെങ്കില്‍ പ്രിയങ്കാ ചോപ്രയുടെ ശബ്ദമാണ് ഡീപ് ഫേക്ക് നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. തന്‍റെ വാര്‍ഷിക വരുമാനത്തെക്കുറിച്ചും ഒരു ബ്രാന്‍ഡിനെക്കുറിച്ചും പ്രിയങ്ക പറയുന്നതാണ് വിഡിയോയിലുളളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ ശബ്ദത്തിനനുസരിച്ച് ചുണ്ടിന്‍റെ ചലനങ്ങളും മുഖഭാവവുമെല്ലാം കൃത്രിമമായി നിര്‍മിച്ചെടുത്താണ് വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ പ്രിയങ്കാ ചോപ്ര പ്രതികരിച്ചിട്ടില്ല.
ഇത്തരം ഡീപ് ഫേക്ക് വിഡിയോകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഡീപ് ഫേക്ക് വിഡിയോസ് നിര്‍മിക്കുന്നവരെ കണ്ടെത്തുക എളുപ്പമല്ലാത്തതിനാല്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്.
Priyanka chopra's deep fake video