ആകാംക്ഷയേറ്റി മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചോ മോഹൻലാൽ കഥാപാത്രത്തെക്കുറിച്ചോ കൂടുതൽ സൂചനകളൊന്നും നൽകാതെ സസ്പെൻസ് നിലനിർത്തിയാണ് ടീസർ. കാതിൽ കടുക്കനിട്ട് വേറിട്ട വേഷവിധാനങ്ങളോടെയാണ് മോഹൻലാൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിന്റെ അവതാരം എന്ന വിശേഷണത്തോടെയെത്തിയ ടീസർ ഏറെ പ്രതീക്ഷകളാണ് ആരാധകർക്ക് സമ്മാനിക്കുന്നത്.
മോഹൻലാൽ അല്ലാതെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകളും ടീസറിലില്ല. ഒരു ഗുസ്തിക്കാരന്റെ കഥയാണ് ചിത്രം എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു. ഷിബു ബേബി ജോൺ ആണ് ചിത്രത്തിന്റെ നിർമാതാവ്. നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ബോളിവുഡ് താരം വിദ്യുത് ജാംവാലാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്.
Malaikote Valiban teaser released