സ്കൂള്‍ യുവജനോല്‍സവകാലങ്ങളിലെ ഓര്‍മകള്‍ പങ്കിട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. ‘ഡാന്‍സ് പാര്‍ട്ടി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് താരം രസകരമായ ഓര്‍മകള്‍ പറഞ്ഞത്.
സംസ്ഥാന കലോത്സവത്തില്‍ മോണോആക്ട് ആയിരുന്നു തന്റെ ഐറ്റം. ഒപ്പം നവ്യനായരും ഉണ്ടായിരുന്നു. ‘നന്ദനം’ സിനിമയുടെ ലൊക്കേഷനില്‍നിന്ന് എത്തിയ നവ്യ കപ്പടിച്ചു. സിനിമയിലേക്ക് എത്താന്‍ വേണ്ടിയാണ് അന്ന് ഡാന്‍സ് പഠിക്കുന്നത്. കാരണം അന്ന് യുവജനോത്സവങ്ങളില്‍ നിന്നാണ് നടന്‍മാരെ സംവിധായകര്‍ തിരഞ്ഞെടുത്തിരുന്നത്. അന്ന് റീലുകളും സോഷ്യല്‍ മീഡിയയും ഒന്നുമില്ലല്ലോ. ഏതെങ്കിലും യുവജനോത്സവത്തിന്റെ പരിപാടി ഹിറ്റ് അടിച്ചാല്‍ സംവിധായകന്‍ നമ്മളെ തിരിച്ചറിയും. എന്നിട്ട് നമ്മളെ സിനിമയിലേക്ക് കൊണ്ടുപോകും. വിനീത്, മോനിഷ, മഞ്ജു വാരിയര്‍, നവ്യ നായര്‍ എല്ലാവരും യുവജനോത്സവത്തില്‍നിന്നു വന്നതാണ്. പ്ലസ് ടു എത്തിയപ്പോഴാണ് ഞാന്‍ ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ എത്തുന്നത്.
ഡാൻസ് അല്ല, മോണോആക്ട് വഴി. ഡാന്‍സ് വഴി എത്താന്‍ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചാണ് മത്സരം. അവരോടു മത്സരിച്ചിട്ട് കാര്യമില്ല. പിന്നീട് മാറ്റിയെങ്കിലും ഞാന്‍ പഠിച്ചില്ല. കുറച്ചു കൂടി എക്‌സ്‌പെന്‍സീവ് ആണ് ഭരതനാട്യം, മോഹിനിയാട്ടം ഒക്കെ കളിക്കാന്‍. അത് പഠിക്കണം, അതിന്റെ വസ്ത്രം, ആഭരണം, അതിനൊക്കെ മാര്‍ക്കുണ്ട്. പൈസ നന്നായി ചെലവാക്കുന്ന കോണ്‍വന്റ് സ്‌കൂളുകളാണ് കൂടുതലും ഡാന്‍സിന് കൊണ്ടുപോവുക. മോണോആക്ടിന് അന്ന് ഒരു ചിലവുമില്ലല്ലോ. വെറുതെ പോയി നിന്നിട്ട് ചെയ്യാം.