TAGS

ക്യൂര്‍ സമൂഹം കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രശ്നങ്ങളെ വളരെ ലളിതസുന്ദരമായി പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമയാണ് കാതല്‍. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, കാതല്‍ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ എം.ബി. പദ്മകുമാർ പങ്കുവച്ച വിഡിയോ സോഷ്യല്‍മിഡിയയില്‍ ചര്‍ച്ചയാകുന്നു. കാതല്‍ സിനിമയെ പ്രശംസിക്കുന്നതിനൊപ്പം വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ നിര്‍മിച്ച സിനിമയെകുറിച്ചും സിനിമയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചുമാണ് അദ്ദേഹം വിഡിയോയില്‍ പറയുന്നത്.

സ്വവർഗ പ്രണയം പ്രമേയമാക്കി 2014ൽ പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'മൈ ലൈഫ് പാർട്ണർ'. വലിയ രീതിയില്‍ പ്രേക്ഷകരുടെയിടയില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നുമാത്രമല്ല, സൂപ്പർ താരങ്ങൾ ഒന്നും ചിത്രത്തില്‍ ഇല്ലാതിരുന്നത് കൊണ്ട് സിനിമയ്ക്ക് തിയറ്റർ കിട്ടാൻ ബുദ്ധിമുട്ടുണ്ടായതായും പദ്മകുമാര്‍ വെളിപ്പെടുത്തി. പല തിയേറ്ററുകളില്‍ നിന്നും ചിത്രം മാറ്റുകയും ചെയ്തിരുന്നു. അവസാനം, ഒന്നുരണ്ടു മൾട്ടിപ്ലക്സുകളിൽ ചിത്രം പ്രദർശിപ്പിച്ചെങ്കിലും കാണാൻ ആരുമുണ്ടായില്ല. എന്നിരുന്നാലും  'മൈ ലൈഫ് പാർട്ണര്‍' എന്ന ചിത്രത്തിന് ആ വർഷത്തെ സംസ്ഥാന അവാർഡും സുദേവ് നായർക്ക് നല്ല നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

ഒടുവില്‍ മറ്റ് നിവൃത്തിയില്ലാതെ, ചിത്രത്തിന്‍റെ നിര്‍മാതാവ് ചിത്രം ഏതോ ഓൺലൈൻ ചാനലിന്  വിൽക്കുകയും അവർ അത് പല ഭാഗങ്ങളാക്കി യൂട്യൂബ് ചാനലിൽ ഇടുകയും ചെയ്തു. അന്ന് താന്‍ സ്വവര്‍ഗ പ്രണയം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം, സ്വവർഗ പ്രണയം പ്രമേയമാക്കി വന്ന ജിയോ ബേബിയുടെ 'കാതൽ' എന്ന സിനിമ ആളുകൾ സ്വീകരിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്നും , അതിമനോഹരമായി കഥാപാത്രത്തെ അഭിനയിച്ച മമ്മൂട്ടിയെ അഭിനന്ദിക്കുന്നുവെന്നും എം.ബി. പദ്മകുമാർ വിഡിയോയില്‍ പറഞ്ഞു.

M B Padmakumar talks about Kaathal movie