ആരാധന മൂത്ത് സെല്‍ഫിയെടുക്കാനെത്തിയ യുവാവിനെ തല്ലിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബോളിവുഡ് താരവും തിരക്കഥാകൃത്തുമായ നാന പടേക്കര്‍. 'ജേര്‍ണി' എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് വാരണാസിയില്‍ പുരോഗമിക്കുന്നതിനിടെയാണ് താരം ആരാധകനെ അടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നത്. പ്രചരിക്കുന്നത് പോലെയല്ല സംഭവമെന്ന് ചിത്രത്തിന്റെ സംവിധായകനായ അനില്‍ ശര്‍മ വ്യക്തമാക്കിയിരുന്നുവെങ്കിലും സംഭവത്തില്‍ താരം വിശദീകരണവുമായി നേരിട്ടെത്തിയിരിക്കുകയാണ്.
നാനയുടെ വാക്കുകളിങ്ങനെ..' ഒരാളെ അടിക്കുന്നതായുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ അത്തരമൊരു രംഗം ഉണ്ടായിരുന്നു. അതിന്റെ പരിശീലനത്തിന് ശേഷം ഷോട്ട് എടുക്കാമെന്ന് സംവിധായകന് അറിയിച്ചതോടെ ആ ഷോട്ടിനായി തയ്യാറായിരുന്ന ആളാണെന്ന് കരുതി കയറി വന്ന ചെറുപ്പക്കാരനെ താന്‍ അടിക്കുകയായിരുന്നു. സ്ക്രിപ്റ്റ് പ്രകാരം അടിച്ച ശേഷം ഇറങ്ങി പോകാനും പറഞ്ഞു. പിന്നീടാണ് ആ ചെറുപ്പക്കാരന് ചിത്രീകരണ സംഘത്തിലുള്ളതല്ലായിരുന്നുവെന്നും ആരാധകനായിരുന്നുവെന്നും തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ആ ചെറുപ്പക്കാരനെ വിളിച്ചു കൊണ്ടുവരാന്‍ ആളുകളെ വിട്ടുവെങ്കിലും അയാള്‍ ഓടിക്കളഞ്ഞുവെന്നാണ് അറിയാന്‍ സാധിച്ചത്. അയാളുടെ സുഹൃത്ത് ചിത്രീകരിച്ച വിഡിയോയാകാം വൈറലായി പ്രചരിക്കുന്നത്. ഇന്നുവരെ ആരോടും ഫൊട്ടോയെടുക്കുന്നതില് താന്‍ വിരോധം പറഞ്ഞിട്ടില്ല. അബദ്ധം പറ്റിയതാണ്. ദയവായി ക്ഷമിക്കൂവെന്നും ഒരിക്കലും ഇനി ഇത്തരം സംഭവം ഉണ്ടാവില്ലെന്നും നാന വിഡിയോ സന്ദേശത്തില്‍ പറയുന്നു.
നവംബര്‍ 15നാണ് നാന പടേക്കര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ തലയില്‍ അടിച്ച് പറഞ്ഞു വിടുന്നതിന്റെ പത്ത് സെക്കന്റോളം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
Nana Patekar finally clarifies on slap row