ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തി, നിര്‍ത്താതെ ചിരിപ്പിച്ച്, ഒാര്‍ത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കലാഭവന്‍ ഹനീഫ് യാത്രയായി. സിനിമയില്‍ ഒരുപാട് സൗഹൃദമുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ അദേഹം എന്നും ഉള്ളിലൊതുക്കി. ചുള്ളിക്കല്‍ ആബാദ് ജംക്ഷനിലെ വാടക വീട്ടിലായിരുന്നു ഹനീഫും കുടുംബവും ഏറെക്കാലം താമസിച്ചിരുന്നത്. ഈയടുത്തകാലത്താണ് കരുവേലിപ്പടിയിലെ വീട്ടിലേക്ക് താമസംമാറിയത്. എല്ലാവര്‍ക്കും സ്ക്രീനില്‍ ചിരി സമ്മാനിക്കുമ്പോഴും ഒരു കൂടൊരുക്കാനാവാത്തതിന്‍റെ സങ്കടം ആ കലാകാരന്‍ ഉള്ളിലൊതുക്കിയിരിക്കണം.
കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിലെല്ലാം നിറസാന്നിധ്യമായിരുന്നു ഹനീഫ്. റസിഡന്‍സ് അസോസിയേഷനുകളും മറ്റും സംഘടിപ്പിക്കുന്ന പരിപാടികളിലും മടിയില്ലാതെ പങ്കെടുക്കുമായിരുന്നു. വാടക വീട്ടില്‍ താമസിച്ചിരുന്ന ഗായകന്‍ കൊച്ചിന്‍ ഇബ്രാഹിമിന് വീട് പണിയുന്നതിനായി കൊച്ചിയിലെ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് പരിപാടി സംഘടിപ്പിച്ചപ്പോള്‍ അതിന്‍റെ മുന്‍നിരയിലുണ്ടായിരുന്നത് ഹനീഫായിരുന്നു..അത്രമേല്‍ മറ്റുള്ളവരെ കരുതുന്ന ആത്മ ബന്ധങ്ങളെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാത്ത കലാകാരന്‍ പക്ഷെ യാത്രയാവുന്നത് സ്വന്തമായി ഒന്നും കരുതിവയ്ക്കാതെയാണ്.