പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ കലാഭവൻ ഹനീഫിന്റെ വേര്‍പാടിന്റെ വിങ്ങലില്‍ മലയാള സിനിമാരംഗം. ചെറിയ റോളുകളിലാണെങ്കിലും ഹനീഫിന്റെ കോമഡി രംഗങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു. സ്കൂള്‍ പഠനകാലം മുതല്‍ തന്നെ മിമിക്രി രംഗത്ത് സജീവമായിരുന്നു ഫനീഫ്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി.
ദിലീപ് നായകനായ ഈ പറക്കും തളികയില്‍ കല്യാണ ചെക്കനായി വരുന്ന സീന്‍ തിയറ്റുകളില്‍ ചിരിയുടെ അലകള്‍ തീര്‍ത്തു. ഇന്നീ മീശയില്‍ ഞാനൊരു താജ് മഹല്‍ പണിയും, അനങ്ങിയാല്‍ അതൊരു കുത്തബ് മീനാറാകുമെന്നു ദീലീപ് പറയുന്ന രംഗമാണ് പലര്‍ക്കും ആദ്യം ഓര്‍മ വരുക. പാണ്ടിപ്പടയിലെ രംഗം ഓരോ തവണ കാണുമ്പോഴും ചിരിയുണര്‍ത്തുന്നതായിരുന്നു. ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിയെന്നു ഹരിശ്രീ അശോകന്‍ പറയുന്ന രംഗമായിരുന്നു അത്.
നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1990 ല്‍ പുറത്തിറങ്ങിയ ചെപ്പ് കിലുക്കണ ചങ്ങാതിയാണ് ആദ്യ ചിത്രം. പിന്നാലെയെത്തിയ സന്ദേശത്തിലും ഗോഡ്ഫാദറിലൂം സാന്നിധ്യമറിയിച്ചു. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധിക്കപ്പെട്ട ഹനീഫ് ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന് സിനിമാജീവിതമായിരുന്നു ഹനീഫിന്റേത്.
കാസര്‍കോട് കാദര്‍ഭായി, തെങ്കാശിപ്പട്ടണം,ചോട്ടാമുംബൈ തുടങ്ങി പ്രളയം പ്രമേയമായ 2018 എന്ന ചിത്രത്തില്‍വരെ ഹനീഫ് അഭിനയിച്ചു. ഇതിനിടയില്‍ വിവിധ ചാനലുകളിലൂടെ പ്രേക്ഷകരിലെത്തിയ സീരിയലുകളിലും വേഷമിട്ടു. വിദേശത്തടക്കം പ്രമുഖ താരങ്ങള്‍ അണിനിരന്ന സ്റ്റേജ് ഷോകളിലും ഹനീഫ് ഉണ്ടായി. താരസംഘടനയായ അമ്മയുടെ അംഗമായ ഹനീഫ് ഏറെ നാളായി അര്‍ബുദത്തിന് ചികില്‍സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.