നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തായ ജഗദ് ദേശായി ആണ് വരന്‍. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. വിവാഹചിത്രങ്ങള്‍ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവച്ചു. ചിത്രങ്ങള്‍ക്കടിയില്‍ ആശംസാപ്രവാഹവുമായെത്തുകയാണ് ആരാധകര്‍.
മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവധി ആരാധകരുളള താരമാണ് അമല പോള്‍. 2014 ല്‍ ആയിരുന്നു സംവിധായകന്‍ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. പിന്നീട് 2017 ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിങുമായി അമല പോള്‍ ലിവിങ് റിലേഷനിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താരം തന്നെ അത് നിഷേധിച്ചിരുന്നു. സുഹൃത്തായ ജഗദ് അമലയെ പിറന്നാള്‍ ദിവസം പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. എന്റെ ജിപ്സി ക്വീന്‍ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെ ജഗദ് തന്നെയാണ് ഈ വിഡിയോ പങ്കുവച്ചത്. ലാവന്‍ഡര്‍ നിറത്തിലുളള വിവാഹ വസ്ത്രത്തില്‍ തിളങ്ങിയ അമലയുടെയും ജഗദിന്‍റെയും ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.
ഹിന്ദി ചിത്രം ഭോല, മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ എന്നിവയാണ് അമലയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ആടുജീവിതമാണ് അമലയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Actress Amala paul marries Jagat desai