ബോളിവുഡിന്‍റെ കിങ് ഖാന് 58ാം പിറന്നാള്‍. പിറന്നാള്‍ ആശംസകളുമായി മുംബൈയിലെ ‘മന്നത്തി’ന് മുന്നില്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍. പ്രിയതാരത്തെ കാണാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ആരാധകരെത്തി. രാത്രി ഏറെ വൈകിയിരിക്കുന്നു. പക്ഷേ ആരുടെയും മുഖത്ത് നിരാശയോ ക്ഷീണമോ ഇല്ല. കാരണം, കാണാന്‍ കൊതിച്ച താരരാജാവ് നിമിഷങ്ങള്‍ക്കകം മുന്നിലെത്തുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഒടുവില്‍ ആ മുഹൂര്‍ത്തമെത്തി. ‘മന്നത്ത്’ എന്ന തന്‍റെ സ്വപ്ന സൗധത്തിന് മുകളില്‍ എല്ലാവര്‍ക്കും കാണത്തക്കവിധം ആദ്ദേഹം വന്നു നിന്നു. ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ചപോലെ, ബോളിവുഡിന്‍റെ ബാദ്ഷാ. തന്‍റെ പ്രിയപ്പെട്ട ആരാധകരെ കിങ് ഖാന്‍ അഭിവാദ്യം ചെയ്തു.
പിറന്നാളാശംസിക്കാനെത്തിയ ആരാധകര്‍ക്ക് ഷാരുഖ് കൈകൂപ്പി നന്ദിപറഞ്ഞു. ആരേയും നിരാശയോടെ മടങ്ങാന്‍ അദ്ദേഹം അനുവദിച്ചില്ല. ആരാധകര്‍ക്ക് മതിവരുവോളം ഫോട്ടോയും വിഡിയോയും എടുക്കാന്‍ ഏറെനേരം അവിടെ നിന്നു. ഇടയ്ക്ക് ഇരുകൈകളും വിടര്‍ത്തി അല്പം ചെരിഞ്ഞ് നിന്നുളള സിഗ്നേച്ചര്‍ പോസ് കാണിക്കാനും താരം മറന്നില്ല.
ഇതില്‍ അതിശയിക്കാനൊന്നുമില്ല. ഈ മനുഷ്യന്‍ ഇങ്ങനെ തന്നെയാണ്. ഒന്നുമില്ലാത്തിടത്തുനിന്ന് തുടങ്ങി ഇന്ന് ബോളിവുഡിന്‍റെ കിരീടം വയ്ക്കാത്ത രാജാവായി അരങ്ങുവാഴുന്നുവെങ്കില്‍ അത് വന്ന വഴികള്‍ മറക്കാത്തതതുകൊണ്ടാണ്. സ്വന്തം തട്ടകം സ്വയം നിര്‍മിച്ചെടുത്തതുകൊണ്ടാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളും താരജീവിതവും ചില്ലറ വിവാദങ്ങളുമൊക്കെയായി മൂന്നുപതിറ്റാണ്ട്. െതറ്റുപറ്റിയാല്‍ ഏറ്റുപറയാന്‍ മടിക്കാത്ത പ്രകൃതം. 30 വര്‍ഷത്തെ സിനിമാ ജീവിതത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ഒരൊറ്റ വാക്കുകൊണ്ടാണ്. "ഭാഗ്യം".
ഷാരുഖ് ഖാനെ അല്‍പം അസൂയയോടെയല്ലാതെ നമുക്ക് നോക്കിക്കാണാനാകില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ ജീവിതം. ഒറ്റയ്ക്ക് പൊരുതുന്ന ശരാശരി ഇന്ത്യക്കാരന് സ്വപ്നം കാണാന്‍ കഴിയുന്നതിനപ്പുറമുള്ള സമ്പത്ത്. രാജ്യാതിര്‍ത്തികള്‍ കടന്ന് പടര്‍ന്ന ആരാധകലോകം. ഇതിലപ്പുറം എന്തുവേണം? പ്രായം വെറുമൊരു സംഖ്യമാത്രമാണെന്ന് തെളിയിച്ചാണ് ഓരോ ഷാരുഖ് ചിത്രവും പുറത്തിറങ്ങുന്നതും പണം വാരുന്നതും. ജവാനിലും പഠാനിലുമെല്ലാം നിറഞ്ഞാടിയത് അറുപതിനോടടുക്കുന്ന ആളാണെന്ന് പറഞ്ഞാല്‍ ഇന്ത്യക്കാരല്ലാത്ത അധികം പേരും വിശ്വസിക്കില്ല.
നടനായും നിര്‍മ്മാതാവായും ടെലിവിഷന്‍ അവതാരകനായെല്ലാം ഷാരുഖ് നമുക്ക് മുന്നിലെത്തി. ആ യാത്ര പക്ഷേ അത്ര എളുപ്പമായിരുന്നില്ല. ബാരി ജോൺസ് ആക്‌ടിങ് സ്‌റ്റുഡിയോയില്‍ പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ ഷാരുഖ് പോലും ചിന്തിച്ചിരിക്കില്ല ഈ യാത്ര ചെന്നെത്തുന്നത് ബോളിവുഡിന്‍റെ സിംഹാസനത്തിലായിരിക്കുമെന്ന്. 1988ല്‍ 'ഫൗജി' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അഭിനയജീവിതത്തിന്റെ തുടക്കം.
തുടര്‍ന്നുവന്ന 'സർക്കസും' 'ദൂസരാ കേവലും' വൻ വിജയമായി മാറി. അതോടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി ഷാരൂഖ്. ഈ ആത്മവിശ്വാസവുമായി നേരെ ചെന്നെത്തിയത് 'ദീവാന'യുടെ സെറ്റിലേക്കാണ്. 1992 ജൂൺ 25 നു പുറത്തിറങ്ങിയ ദീവാന സൂപ്പര്‍ ഹിറ്റായെന്ന് മാത്രമല്ല അവിടെ ഷാരൂഖ് ഖാനെന്ന ജനപ്രിയതാരം ഉദയം കൊളളുകയും ചെയ്തു. ഋഷി കപൂർ ആയിരുന്നു ദീവാനയിലെ നായകനെങ്കിലും ക്രേസി ലവര്‍ എന്ന ഷാരുഖ് കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
ദീവാനയുടെ വന്‍ വിജയത്തിന് പിന്നാലെ ഫിലിംഫെയർ പുരസ്‌കാരം ഷാരുഖിനെ തേടിയെത്തി. പിന്നീട് രാജു ബൻഗയാ ജന്റിൽമാൻ, ചമത്കാര്‍, ദില്‍ ആഷ്നാ ഹേ തുടങ്ങിയ ചിത്രങ്ങള്‍. അപ്പോഴേക്കും ഷാരൂഖ് ഖാനെന്ന റൊമാന്‍റിക് ഹീറോയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഈ സമയത്താണ് അധികമാരും ധൈര്യപ്പെടാത്ത ഒരു സാഹസത്തിന് ഷാരൂഖ് മുതിര്‍ന്നത്. തന്നെത്തേടിയെത്തിയ പ്രതിനായക വേഷങ്ങള്‍ ഷാരൂഖ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അത്തരം വേഷങ്ങള്‍ അനായാസം വഴങ്ങുമെന്നും തെളിയിച്ചു. അങ്ങനെ 1993 ല്‍ വില്ലനായ ബാസിഗറും ഡറും ഷാരൂഖിന്റെ കരിയര്‍ പുതിയ തലത്തിലെത്തിച്ചു.
വീണ്ടും കൈ നിറയെ ചിത്രങ്ങള്‍. അന്‍ജാം, കരണ്‍ അര്‍ജുന്‍ എന്നീ ചിത്രങ്ങളിലൂടെ ആക്ഷന്‍ അടക്കം അനായാസം കൈകാര്യം ചെയ്യുന്ന സൂപ്പര്‍ നായകനായി. 1995ലാണ് ഷാരുഖ് ഖാന്റെയും ബോളിവുഡിന്റെ തന്നെയും തലവരമാറ്റിയ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ തിയറ്ററുകളിലെത്തിയത്. ചിരിയും കുസൃതികളുമായി തിരശീലയില്‍ നിറഞ്ഞ ഷാരുഖിന്റെ റൊമാന്‍റിക് ഹീറോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചു. പിന്നെയെല്ലാം ചരിത്രം. കുഛ് കുഛ് ഹോത്താ ഹെ, ദിൽ തോ പാഗൽ ഹെ, കഭി അൽവിദാ നാ കെഹ്നാ, കൽ ഹോ നാ ഹോ, റബ് നേ ബനാ ദി ജോഡി തുടങ്ങിയ ചിത്രങ്ങള്‍ ഷാരുഖിനെ ബോളിവുഡിന്റെ പര്യായമാക്കി മാറ്റി.
പിന്നീട് റൊമാന്റിക് ഹീറോ പരിവേഷത്തില്‍ നിന്ന് കുറേക്കൂടി വെല്ലുവിളിയുയര്‍ത്തുന്ന കഥാപ്രാത്രങ്ങള്‍ തേടിയായി യാത്ര. ഡോൺ പരമ്പരയിലെ അധോലോക നായകൻ, റാ വണിലെ സൂപ്പർ ഹീറോ, ഓം ശാന്തി ഓമിലെ സൂപ്പർതാരം, മൈ നെയിം ഈസ് ഖാനിലെ ഓട്ടിസം ബാധിതനായ യുവാവ്, ഫാന്‍ ചിത്രത്തിലെ ഇരട്ട വേഷം തുടങ്ങി ഒട്ടെറെ വ്യത്യസ്ത കഥാപാത്രങ്ങള്‍ എത്തിയത് ആ വഴിക്കാണ്. ഇതിനിടെ കോൻ ബനേഗാ ക്രോർപതി അവതാരകനായി ടെലിവിഷന്‍ രംഗത്ത് ഷാരൂഖ് തിരികെത്തി. പിന്നീട് മറ്റ് രണ്ട് ടെലിവിഷന്‍ പരിപാടികളില്‍ക്കൂടി അവതാരകനായി തിളങ്ങി. ഈ കാലയളവില്‍ നിര്‍മാണമേഖലയിലും ചുവടുറപ്പിച്ചു. റെഡ് ചില്ലീസ് എന്റർടെയ്‌ൻമെന്റി’ലൂടെ സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു.
താരമെന്നതിനപ്പുറം സ്വയം ബ്രാന്‍ഡ് ആയിക്കഴിഞ്ഞത്തോടെ സിനിമയ്ക്ക് പുറത്തുള്ള സംരംഭങ്ങളിലും ഷാരുഖ് നിക്ഷേപമിറക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വഴി ഐപിഎല്ലിന്റെ ഭാഗമായി. മറ്റുപല സിനിമാ ഇതര മേഖലകളിലും ഷാരുഖിന്റെ സാന്നിധ്യമുണ്ട്. പ്രശസ്തിയുടെയും സമ്പത്തിന്റെയും നടുവിലും ജീവിതം ഇടയ്ക്കിടെ ഷാരുഖിനെ വട്ടംകറക്കിയിട്ടുണ്ട്. പുകവലി വിവാദവും മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റുമെല്ലാം താരത്തെ പിടിച്ചുലച്ചു. പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. എന്നാല്‍ ഓരോ വിവാദത്തിനും ശേഷം ഒട്ടുംവൈകാതെ പൂര്‍വാധികം ശക്തിയോടെ ഷാരുഖ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് എക്കാലവും നമ്മള്‍ കണ്ടത്. അതിനുള്ള ഒടുവിലത്തെ ഉദാഹരണങ്ങളാണ് ജവാനും പഠാനുമെല്ലാം. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുക എന്ന അത്യപൂര്‍വ നേട്ടവും ഷാരുഖിന് മാത്രം സ്വന്തം.
കണ്ടത് മനോഹരമെങ്കില്‍ കാണാനിരിക്കുന്നത് അതിമനോഹരം എന്നു പറയും പോലെ പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ് ചിത്രം ഇതുവരെ കണ്ടതിനെക്കാള്‍ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. അറുപതിനടുത്തും ഇങ്ങനെ ജ്വലിച്ചു നില്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനൊരു പേരെയുളളൂ...ഷാരൂഖ് ഖാന്‍.