സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്ന സംവിധായകൻ അൽഫോൻസ് പുത്രന്‍റെ പ്രഖ്യാപനം സിനിമ ആസ്വാദകരെ ഏറെ നിരാശയിലാക്കിയിരുന്നു. ഇതിന് പിന്നാലെ അല്‍ഫോന്‍സിന്‍റെ തീരുമാനത്തില്‍ ആശങ്ക അറിയിക്കുകയാണ് സംവിധായിക സുധ കൊങ്കര. ‘പ്രിയ അല്‍ഫോന്‍സ് പുത്രന്‍..നിങ്ങളുടെ ചിത്രങ്ങള്‍ ഞാന്‍ മിസ്സ് ചെയ്യും, എനിക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് പ്രേമം. ഞാന്‍ വളരെ മോശം അവസ്ഥയിലൂടെ കടന്നുപോയപ്പോള്‍ എനിക്ക് പ്രചോദനമായ ചിത്രമാണത്. ഒരുപാട് തവണ ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ട്. ഇനിയും കലാസൃഷ്ടി തുടരുക. ഞാന്‍ അത് കാണും, ആസ്വദിക്കും.’ സുധ കൊങ്കര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. 'ഞാന്‍ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും. എന്നായിരുന്നു അല്‍ഫോൻസ് പുത്രൻ കുറിച്ചത്. തലച്ചോറിലെ ചില വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD).
അല്‍ഫോന്‍സ് പുത്രന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധിപേരാണ് ആശങ്കയും പിന്തുണയുമെല്ലാം അറിയിച്ച് രംഗത്തെത്തിയത്. സംഭവം ചർച്ചയായതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പോസ്റ്റ് അൽഫോൻസ് പിന്നീട് നീക്കം ചെയ്തു. പൃഥ്വിരാജും നയൻതാരയും ഒന്നിച്ച ‘ഗോൾഡ്’ ആണ് അൽഫോൻസ് അവസാനം സംവിധാനം ചെയ്ത ചിത്രം.
Sudha Kongara's post about Alphonse Puthren