നായകനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടനാണ് അശോകന്‍. മിമിക്രി കലാകാരന്‍മാരുടെ ഇഷ്ടതാരം കൂടിയാണ് ഇദ്ദേഹം. പലവേദികളിലും പല കലാകാരന്‍മാരും ആശോകനെ അനുകരിക്കാറുണ്ട്. അശോകന്റെ കണ്ണുകളും അതുകൊണ്ടുള്ള ചലനങ്ങളും അനുകരിച്ചാണ് മിമിക്രി കലാകാരന്മാർ കയ്യടി വാങ്ങാറുള്ളത്. അത്തരത്തില്‍ തന്നെ മോശമായി അനുകരിക്കുന്ന വ്യക്തിയാണ് അസീസ് നെടുമങ്ങാട് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘അസീസ് നല്ല മിമിക്രിക്കാരനാണ്. പക്ഷേ അമരത്തിലെ തന്നെ നന്നായാണ് ചെയ്യുന്നത് എന്നെനിക്ക് തോന്നിയിട്ടില്ല. എന്നെപ്പോലെ ഉള്ളവരെ വെച്ചാണ് പോപ്പുലാരിറ്റി ഉണ്ടായതെന്ന് അസീസ് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം– അശോകന്‍ പറഞ്ഞു.
തന്‍റെ എക്കാലത്തെയും പ്രശസ്തമായ അമരം സിനിമയിലെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിനിടയിലായിരുന്നു താരത്തിന്‍റെ പ്രതികരണം. അമരം സിനിമയിലെ തന്‍റെ കഥാപാത്രത്തെ അനുകരിക്കുന്നത് ഇപ്പോഴും ആളുകള്‍ക്കിടയില്‍ വളരെയധികം ശ്രദ്ധ നേടാറുണ്ട്. ചില ആളുകള്‍ വളരെ നല്ലരീതിയില്‍ എന്നെ അനുകരിക്കാറുണ്ട്. അതേസമയം, തന്നെ കളിയാക്കുന്നതു പോലെ ആ കഥാപാത്രത്തെ അനുകരിക്കുന്നവരുമുണ്ട് എന്നായിരുന്നു താരത്തിന്‍റെ മറുപടി. കണ്ണൂർ സ്‌ക്വാഡിലെ പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് നടനെ നല്ലരീതിയിൽ അനുകരിക്കാറുണ്ടെന്ന അവതാരകയുടെ പ്രസ്താവനയോട് തനിക്കങ്ങനെ തോന്നിയിട്ടില്ല എന്ന് പറഞ്ഞു തുടങ്ങിയാണ് അശോകന്‍റെ മറുപടി.
സിനിമയില്‍ താന്‍ അഭിനയിച്ചതിന്‍റെ പത്തിരട്ടിയാണ് മിക്കയാളുകളും കാണിക്കുന്നത്. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റിൽ പിടിച്ചിട്ടാണ് അവർ വലിച്ച് നീട്ടുന്നത്. നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്‌സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു, ജീവിക്കുന്നു. അവരങ്ങനെ ചെയ്‌തോട്ടെ. മനപ്പൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുമ്പോൾ ഒറിജിനൽ ആയിട്ടേ ചെയ്യുകയുള്ളൂ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Actor Ashokan says that azees imitates him badly