MridamDrama0310

സ്ത്രീ സുരക്ഷ പ്രമേയമായ മൃഗം എന്ന രണ്ടാൾ നാടകം അരങ്ങിലെത്തി. പെൺമക്കളുള്ള മാതാപിതാക്കൾ നിർബന്ധമായും കണ്ടിരിക്കണമെന്ന് വിധിയെഴുതിയാണ് നാടകം കണ്ട പ്രേക്ഷകർ വേദി വിട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു നാടകാവതരണം. 

 

ഇതരദേശത്ത് നിന്നും തൊഴിലെടുക്കാനെന്ന പേരിൽ കേരളത്തിലേക്ക് വന്ന നാണയ പളനിയും അയാൾ ക്രൂരമായി പീഡിപ്പിച്ചു കൊന്ന മകളുടെ ഓർമകളുമായി കഴിയുന്ന ദാസനുമാണ് കഥാപാത്രങ്ങൾ. പീഡിപ്പിച്ചയാള്‍ക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നുണ്ടോ എന്ന വിമര്‍ശനം പ്രമേയത്തിലുണ്ട്. നിയമസംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പ്രകൃതി തന്നെ അർഹമായ ശിക്ഷ നൽകുമെന്ന സന്ദേശത്തോടെയാണ് നാടകം അവസാനിച്ചത്. പ്രഫഷനൽ നാടകത്തിന്‍റെ സാങ്കേതികത്വമോ രംഗപടങ്ങളോ ഇല്ലാതെയാണ് നാടകം അരങ്ങിലെത്തിയത്. അഭിനയത്തികവിന്‍റെ പൂർണതയൊരുക്കി സംസ്ഥാന അവാർഡ് ജേതാക്കളായ കലവൂർ ശ്രീലനും, ജാകസ്ൺ കെപിഎസിയും വേദിയിലെത്തിയപ്പോൾ അത് പ്രേക്ഷകർക്ക് പുതിയ അനുഭവമായി. 

 

കലവൂർ ശ്രീലൻ നാണയ പളനിയായും, ജാക്സൺ കെപിഎസി എടിഎം കാവൽക്കാരനായ ദാസനുമായി വേഷമിട്ടു. ജാക്സണ്‍ തന്നെയാണ് നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 

 

Mrigam drama on women's safety staged in Palakkad.  A must watch for parents; says viewers.