32 വര്‍ഷത്തിന് ശേഷം രജനികാന്തിനൊപ്പം അഭിതാഭ് ബച്ചനെത്തുന്നു. തലൈവര്‍ 170ല്‍ അഭിതാഭ് ബച്ചന്‍ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. അമിതാഭ് ബച്ചനെ സ്വാഗതം ചെയ്ത് പോസ്റ്റര്‍ പങ്കുവെച്ചു. മലയാളി താരങ്ങളായ ഫഹദും മഞ്ജുവാര്യരും തലൈവര്‍ 170ലുണ്ട്.
1991ലാണ് രജനികാന്തും അമിതാഭ് ബച്ചനും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. വലിയ എന്റര്‍ടെയ്നറും സമൂഹത്തിന് സന്ദേശം നല്‍കുന്നതുമായിരിക്കും തന്റെ 170ാമത്തെ ചിത്രം. സിനിമയ്ക്ക് പേരിട്ടിട്ടില്ല എന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും മുന്‍പായിരുന്നു രജനികാന്തിന്റെ വാക്കുകള്‍. തിരുവനന്തപുരത്ത് എത്തിയ രജനികാന്തിന് വലിയ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. തലൈവര്‍ 170ന്റെ ചിത്രീകരണത്തിനായാണ് രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്. 10 ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാവും.
അനിരുദ്ധ് ആയിരിക്കും ടി.ജെ.ജ്ഞാനവേല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നല്‍കുന്നത്. രജനിക്കും ഫഹദ് ഫാസിലിനും ഒപ്പം റാണ ദഗുബതിയും ചിത്രത്തിന്റെ ഭാഗമാവും. ഋതിക സിങ്ങും ദുഷാര വിജയനും മഞ്ജു വാര്യര്‍ക്കൊപ്പം ചിത്രത്തിലുണ്ട്.