നടി സംഗീതയുടെ മൂന്നാം വരവാണ് ഇത്. ആദ്യം രണ്ടു തവണയും സിനിമയിലേക്ക് തിരിച്ചു വരാന്‍ ഏറെ ചിന്താവിഷ്ടയാകേണ്ടി വന്നു. എന്നാല്‍ മൂന്നാം വരവില്‍ നടി നിറഞ്ഞ മനസോടെ തന്നെയാണ് അഭിനയത്തിലേക്ക് തിരിച്ചു വന്നത്. നീണ്ട ഇടവേളയുടെ കാരണവും സിനിമയിലേക്കില്ലെന്ന തീരുമാനം മാറ്റിയ സാഹചര്യങ്ങളും സംഗീത പങ്കു വയ്ക്കുന്നു
ഒന്‍പതു വര്‍ഷത്തെ ഇടവേള
രണ്ടു മൂന്നു വര്‍ഷമായി മനസിലൊരു തോന്നല്‍, വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരണം. അവസരങ്ങള്‍ തുടര്‍ച്ചയായി വന്നതാണ് മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നല്ലൊരു തിരിച്ചു വരവാണ് ആഗ്രഹിക്കുന്നത്. കുടുംബത്തിലെ സാഹചര്യങ്ങളും ഇപ്പോള്‍ അനുകൂലമാണ്. മകളുടെ സ്കൂള്‍ പഠനകാലമെല്ലാം പൂര്‍ത്തിയായി. കുടുംബത്തിലെ ചുമതലകളില്‍ മുഴുകിയിരിക്കുകയായിരുന്നു ഇത്രയും നാള്‍. മകളുടെ കൂടെ ചിലവഴിക്കാനായിരുന്നു താല്‍പര്യം. എനിക്കു ഇഷ്ടമുള്ളത് ചെയ്യുക എന്നതാണല്ലോ പ്രധാനം. ഇപ്പോള്‍ എനിക്കു അഭിനയിക്കാന്‍ ഇഷ്ടം തോന്നുന്നു, അത് തിരഞ്ഞെടുക്കുന്നു. സിനിമയില്‍ നിന്നും പോയി എന്ന ചിന്തയൊന്നുമില്ല.
രണ്ടാം വരവിനു നിര്‍ബന്ധിച്ചത് ശ്രീനിവാസനായിരുന്നു. മൂന്നാം വരവില്‍ ?
സിനിമയില്‍ അടുത്ത സുഹൃത്തുക്കളില്ല. ചാവേര്‍ സിനിമയുടെ സംവിധായകന്‍ ടിനു പാപ്പച്ചനാണ് എന്നോടു സംസാരിക്കുന്നത്. എനിക്കാണെങ്കില്‍ അദ്ദേഹത്തെ അത്ര പരിചയമില്ല. ടിനുവിന്റെ രണ്ടു സിനിമയുടെ ക്ലിപ്പുകള്‍ എനിക്കു അയച്ചു തന്നു. ചാവേറിലെ കഥാപാത്രം എനിക്കു ചേരുന്നതാണെന്നും ടിനു പറഞ്ഞു. അങ്ങനെയാണ് ഒ.കെ പറഞ്ഞത്. കുറേ പേരുകള്‍ അവര്‍ പരിഗണിച്ചിരുന്നു. എന്റെ പേരു വന്നപ്പോള്‍ ടിനു ലോക്ക് ചെയ്യുകയായിരുന്നു.
സിനിമയില്‍ വന്ന മാറ്റം
അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ്. സാങ്കേതികരംഗത്തും മറ്റും ഏറെ മുന്നോട്ടു പോയി. എല്ലാം ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു. ചാവേറിലൂടെ അതു തുടങ്ങിക്കഴിഞ്ഞു.
ഇനിയൊരു ഇടവേള
ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല. വ്യത്യസ്തമായ കഥപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
ചാവേറിലെ ആദ്യ ഷോട്ട്
മറക്കാന്‍ പറ്റില്ല. അര്‍ജുന്‍ അശോകനുമായിട്ടായിരുന്നു ആദ്യ ഷോട്ട്. എനിക്കു പറയാനുള്ള ഡയലോഗുകള്‍ ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ടിനു ടേക്ക് പറയുന്നത്. അതൊരു ഷോക്കായിരുന്നു. റിഹേഴ്സല്‍ ഇല്ലേയെന്നു ഞാന്‍ ചോദിച്ചു. കുഴപ്പമില്ല , ചേച്ചി ചെയ്താല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം ഒന്നു പകച്ചു. പിന്നെ ട്രാക്കിലായി. പൊളിറ്റിക്കില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ചാവേര്‍. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു റോള്‍ ഞാന്‍ ചെയ്യുന്നതും.
ഇപ്പോഴും ഒരു മാറ്റവുമില്ല
പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. സൂര്യനമസ്കാരം മുടങ്ങാതെ ചെയ്യും.
ശ്യാമളയെന്ന കഥാപാത്രം
നടന്‍ , എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രീനിവാസനെ എനിക്കു ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ മുഖ്യകഥപാത്രമായി അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയതിന്റെ ആവേശം ഇന്നും മാറിയിട്ടില്ല. ആ സിനിമയുടെ ഓര്‍മകള്‍ ഇന്നും വിട്ടുപോയിട്ടില്ല. ശ്യാമളയുടെ മക്കളുടെ അയ്യോ അച്ഛാ പോകല്ലേ.. എന്ന ഡയലോഗ് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരും. മോഹന്‍ലാലാണ് എന്നെ ശ്യാമളയാക്കാന്‍ ശ്രീനിവാസനോടു പറഞ്ഞതെന്നു ഞാന്‍ കേട്ടിട്ടുണ്ട്. നാടോടിയില്‍ മോഹന്‍ലാലിന്റെ സഹോദരിയായി അഭിനയിച്ചത് ഞാനാണെന്നു പലര്‍ക്കും അറിയില്ല.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.