pramod-veliyanad

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍  പ്രമോദ് വെളിയനാട് . ‘കിങ് ഓഫ് കൊത്ത’യെക്കുറിച്ച് പ്രമോദ് പറഞ്ഞ ചില പ്രസ്താവനകള്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ താൻ കണ്ട കാഴ്ചകളാണ് സിനിമയെക്കുറിച്ച് പറഞ്ഞതെന്നും അത് കാണാൻ സാധിക്കാത്തവർ അതു തന്റെ അറിവില്ലായ്മയായും വിവരക്കേടായും കാണണമെന്നും പ്രമോദ് പറഞ്ഞു.

 

‘‘അമ്പലപ്പറമ്പുകളിൽ അഞ്ചോ പത്തോ ബോക്സ് വച്ച് നാടകം കളിച്ചുകൊണ്ടു നടന്നവനെ ഇത്രയും വലിയ സ്ഥലത്തേക്ക് ഇറക്കുമ്പോൾ കിളിപോകും. ഞാൻ കണ്ട കാര്യങ്ങളാണ് പറഞ്ഞത്. എനിക്ക് ഇന്നും ബാഹുബലി തന്നെയാണ് കിങ് ഓഫ് കൊത്ത. എനിക്കൊരു നേരത്തെ ഭക്ഷണവും വേതനവും തന്നെയാണ്. ആ സിനിമയെക്കുറിച്ച് അഭിമുഖത്തിൽ പറയുമ്പോൾ മോശമാണെന്ന് പറയാൻ പറ്റുമോ, ചാകുന്നതുവരെ ഞാൻ പറയും അത് ഗംഭീര സിനിമയാണെന്ന്. എനിക്ക് ആ സിനിമ പൊന്നാണ്. കരിയറിൽ എടുത്തുകാണിക്കാൻ പറ്റിയ സിനിമ. എനിക്ക് അല്ലാ സൗകര്യങ്ങളും തന്ന സിനിമയെക്കുറിച്ച് ഒരിക്കലും കുറ്റം പറയില്ല.

 

സെറ്റിൽ വന്നിറങ്ങിയപ്പോൾ അദ്ഭുതലോകത്ത് ചെന്നതുപോലെയാണ് അനുഭവപ്പെട്ടത്. അപ്പോഴെ മനസ്സിലായി ഈ സിനിമ ബംപർ ഹിറ്റാണെന്ന്. തുടർന്ന് ഒരഭിമുഖത്തിൽ ഞാൻ പറഞ്ഞു, നായകന് നൂറ് കയ്യടി കിട്ടിയാൽ പത്ത് കയ്യടി ഞാൻ എടുക്കുമെന്ന്. അത് നായകന്റെ ഇൻട്രൊ സീൻ ആണ്, എന്നെ കൊല്ലുന്നതാണ് ആ രംഗത്തിൽ ഉള്ളത്. അന്നത് എനിക്ക് തുറന്നു പറയാൻ പറ്റുമോ?. ഈ നാറിയാണ് തള്ളു തുടങ്ങിയതെന്നു പറഞ്ഞാണ് സിനിമയുടെ റിലീസിനു ശേഷം എനിക്കെതിരെ ആക്രമണമുണ്ടായത്. ഞാൻ തള്ളിയതല്ല ചങ്ങാതിമാരേ, അവിടെ ഞാൻ കണ്ട കാഴ്ചകളാണ് പറഞ്ഞത്. നിങ്ങൾക്ക് ആ കാഴ്ച കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ കുഴപ്പമായി കാണരുത്, എന്റെ അറിവില്ലായ്മയും വിവരക്കേടായും കണ്ട് മാപ്പ് തരുക.

 

സഹിക്കാൻ വയ്യാത്ത വേദനയായിപ്പോയി. ഇവൻ തള്ളുകാരനാണെന്ന് പറയുന്നത്. മലയാള നാടകവേദിയുടെ നെറുകയിൽ നിന്നാണ് സിനിമയിൽ വരുന്നത്. ദയവ് ചെയ്ത് ഉപദ്രവിക്കരുത്.’’–പ്രമോദ് പറഞ്ഞു.

 

‘കള’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ പ്രമോദ് വെളിയനാട് മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളിൽ ഒരാളാണ്. 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.