തമിഴ് സിനിമയുടെ ഏറ്റവും നല്ല കാലം, ബോളിവുഡിന്റെ ബോക്സോഫീസിനെ അടക്കം ഇളക്കിമറിക്കുന്ന വിജയ ചിത്രങ്ങളുടെ തുടര്‍ക്കഥ. മണിരത്നം, ശങ്കര്‍, ലോകേഷ് കനകരാജ്, നെൽസൺ, അറ്റ്ലീ.. ഇന്ത്യന്‍ സിനിമ പ്രതീക്ഷയര്‍പ്പിച്ച സംവിധായകരുടെ നീണ്ട നിര. ശങ്കറിന്റെ ‘ഇന്ത്യന്‍’ വരവിന് മുന്നേ, ഇനി ലോകേഷ് കനകരാജിന്റെ ഊഴമാണ്. വിജയ് എന്ന താരവും ലോകേഷ് കനകരാജ് എന്ന സംവിധായകനും ഒരുമിച്ചെത്തുമ്പോള്‍ അത്‍ഭുതത്തില്‍ കുറഞ്ഞെതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

ഒക്ടോബര്‍ 19നാണ് റിലീസ്. ഇപ്പോഴെ കൗണ്ടൗണ്‍ തുടങ്ങിക്കഴിഞ്ഞു. കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ പോസ്റ്ററുകളും പാട്ടുകളും പ്രോമേയും ഗില്‍പ്സും അപ്പ്ഡേറ്റുകളുമൊക്കെ ഇത്രമാത്രം ആഘോഷിക്കപ്പെടുന്നുണ്ടെങ്കില്‍, അതിനു കാരണം വിജയ് എന്ന സൂപ്പര്‍ താരം മാത്രമല്ല. ലോകേഷ് കനകരാജ് എന്ന ക്രാഫ്റ്റ്സ്മാനെക്കൂടി വിശ്വാസിച്ചാകും ആരാധകര്‍ ഒക്ടോബര്‍ 19ന് തിയറ്ററുകളിലെത്തുന്നത്.

ലിയോ ദാസ് എന്ന് പേര് വെളിപ്പെടുത്തുന്ന ഗ്ലിംപ്സ്  ആരാധകർക്ക് കിട്ടിയ ഒരു സർപ്രൈസ് ആയിരുന്നു,  ലിയോ ദാസ്, ആന്റണി ദാസ്, ഹെർയോൾ ദാസ്... ഈ മൂന്നു ദാസുമാർ, ലോകേഷിന്റെ സൃഷ്ടിയിലെ ഹൈലി എക്സ്പ്ലോസീവ് ദാസ് ബ്രദേഴ്സായിരിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. കൈതിയിൽ കാർത്തിയെ ലോകോഷ് അവതരിപ്പിച്ചതു പോലെ, വിക്രത്തിൽ കമല്‍ഹാസനെ സ്ക്രീനിൽ പ്രസന്റ് ചെയ്തതുപോലെ, വിജയ്യെ ലോകേഷ് എങ്ങനെ അവതരിപ്പിക്കും എന്നതിലാണ് ആരാധകരുടെ ആകാംക്ഷ മാനം മുട്ടുന്നത്.

ലിയോ എന്ന ചിത്രത്തിന്റെ കഥയുടെ നൂറില്‍ കൂടുതല്‍ വേര്‍ഷന്‍സ് ഇപ്പോള്‍ തന്നെ ഇറങ്ങിക്കഴിഞ്ഞു. ലിയോ സിനിമയുടെ ഭാഗമായി മാത്രം ആരാധകര്‍ തന്നെ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രമിലും യുട്യൂബിലും തുടങ്ങിയ അക്കൗണ്ടുകള്‍ വഴി പ്രചരിക്കുന്ന വിഡ‍ിയോകള്‍ക്ക് കിട്ടുന്ന കാഴ്ചക്കാരുടെ എണ്ണം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തരരെ പോലും അതിശയിപ്പിക്കുന്നു.

എന്തുകൊണ്ടാകും ലിയോയുടെ ഇത്ര വലിയ ഹൈപ്പിന് കാരണം? ഈ ചോദ്യത്തിന്  ഒറ്റ വാചകത്തില്‍ ഉത്തരം പറയാം, വിജയ് എന്ന സൂപ്പര്‍ താരവും  ലോകേഷ് കനകരാജ് എന്ന സംവിധായകനും വീണ്ടും ഒന്നിക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇവര്‍ ഒന്നിച്ച ചിത്രം അതും കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ തിയറ്ററുകളിൽ 50% ഓക്പെൻസിയിൽ 100 കോടി നേടിയത് പെട്ടെന്നാണ്. തളർന്ന സിനിമാ വ്യാവസായത്തിന് വലിയ ഊർജ്ജം സമ്മാനിക്കുകയും ചെയ്തു അന്ന് മാസ്റ്റര്‍.  

ലിയോയുടെ ഔദോഗ്യക പോസ്റ്ററുകൾ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്ന വിമർശനങ്ങളുയരുമ്പോൾ, ആരാധകർ തന്നെ ഒഫീഷ്യല്‍ പോസ്റ്ററുകളെ കടത്തിവെടുന്ന പോസ്റ്ററുകൾ പുറത്തിറക്കി ഞെട്ടിച്ചു. ഈ പോസ്റ്ററുകളും വിഡിയോയകളും നിർമിക്കാൻ തന്നെ സോഷ്യൽ മീഡിയയിൽ ‘താനെ സേർന്ത   കൂട്ട’മായി അവര്‍ മാറി. ഒഫീഷ്യൽ പോസ്റ്ററുകൾ നിരാശപ്പെടുത്തിയെന്ന് ഒരുകൂട്ടം പറയുന്നുണ്ടെങ്കിലും ഓരോ പോസ്റ്ററിലും ലോകേഷ് എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

ചിത്രത്തിന്റെ പ്രേമോയിലെ ബ്ലേഡ് സ്വീറ്റ് എന്ന ഒറ്റ ഡയലോഗ് സൃഷ്ടിച്ച ഓളം ചെറുതല്ല, ഇതു പോലെ ആഘോഷമാക്കാൻ കഴിയുന്ന ഇനിയും ഡയലോഗുകൾ ചിത്രത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അനിരുദ്ധ് ഒരുക്കി വെച്ച ബാക്ക്ഗ്രൗഡ് മ്യൂസിക്കിന്റെ വെറുമൊരു ടീസറായായി മാത്രം ഇപ്പോൾ പുറത്തു വരുന്ന ഗ്ലിംപ്സ് വിഡിയോയിലെ മ്യൂസിക്കിനെ കണ്ടാൽ മതിയെന്നാണ് ആരാധകപക്ഷം. വിജയ്ക്കും ലോകേഷിനുമൊപ്പം അനിരുദ്ധും കൂടി ചേര്‍ന്നതോടെ, ചിത്രത്തിന്റെ ഭാഗമായതോടെ, കോരിത്തരിപ്പിക്കുന്ന ബിജിഎമ്മിനപ്പുറമൊന്നും  ആരാധകർ പ്രതീക്ഷിക്കുന്നില്ല.

ഇതിനിടെയാണ് കെട്ടിഘോഷിക്കപ്പെട്ട ഓഡിയോ ലോഞ്ച് റദ്ദാക്കുന്നത്. ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധ സ്വരങ്ങൾ ഉയർത്തുന്ന കാഴ്ചയാമ് പിന്നാലെ കണ്ടത്. ആരാധകർക്ക് നഷ്ടമായത് വിജയിൽ നിന്നും അവർ കേൾക്കാൻ ആഗ്രഹിക്കുന്ന ആ പ്രസംഗവും കുട്ടിക്കഥയുമൊക്കെയാണ്. അതിന്റെ നിരാശയിലാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇത്ര വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയത്. അവസാന നിമിഷം ഒരോ കാരണങ്ങൾ പറഞ്ഞ് ഓഡിയോ ലോഞ്ച് ഒഴിവാക്കാൻ നോക്കിയാൽ ഒന്നിനെയും ഞങ്ങൾ വെറുതെ വിടില്ലെന്നായി ആരാധകരുടെ കമന്റുകൾ. രാഷ്ട്രീയ സമ്മർദ്ദമുള്ളതിനാലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ അല്ല ഓഡിയോ ലോഞ്ച് റദ്ദാക്കുന്നത്. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ എക്സ് പ്ലാറ്റ് ഫോമിൽ ഇങ്ങനെ കുറിച്ചു. ചിത്രത്തിന്റെ ഫൈനൽ ഔട്ടിൽ എന്നൊക്കെയോ പ്രശ്നങ്ങളുണ്ടെന്നും പ്രചാരണം കൊഴുത്തു. ചിത്രത്തിന്റെ ഹൈപ്പ് കൂടുമ്പോൾ വരുന്ന വ്യാജ വാർത്തകളുടെ എണ്ണവും കൂടുമെന്നായി മറ്റുചില ആരാധകർ.

ഏതായാലും പറഞ്ഞുപറഞ്ഞ് തിയതി അടുക്കുമ്പോഴും കാത്തിരിപ്പിന് നീളം കൂടുകയാണ്. മാസ്റ്റർ പോലെയൊരു സ്റ്റാൻഡ് എലോൺ മൂവിയാകില്ലെന്ന വിശ്വാസത്തില്‍ മുറുകെപ്പിടിക്കുകയാണ് ആരാധകര്‍. ലോകേഷ് കനകരാജ് യൂണിവേഴ്സ്, അഥവാ എല്‍സിയു ചിത്രമാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. സിനിമ പ്രതീക്ഷയുടെ വര കടന്നാലും ഇല്ലെങ്കിലും ലിയോ തീര്‍ത്ത പ്രീ റിലീസ് ആവേശത്തിന് അതിരില്ല.  അത് ഇന്ത്യന്‍ സിനിമക്കാകെ കരുത്താണ്. വലിയ സിനികള്‍ ആലോചിക്കാനുള്ള ഊര്‍ജം പകരുന്നു ഈ ആഘോഷങ്ങള്‍. കാത്തിരിക്കാം, തമിഴകം കടന്ന് ഇന്ത്യയാകെ പരക്കുന്ന മറ്റൊരു പാന്‍ ഇന്ത്യന്‍ ‘വിജയ’ ഗാഥയ്ക്കായി. വണക്കം.

When actor Vijay and director Lokesh Kanagaraj come together, fans expect nothing less than a miracle