1996 സെപ്‌റ്റംബർ 23, ചെന്നൈ സാലിഗ്രാമിലെ അപ്പാർട്ട്‌മെന്റിൽ ഒരുമുഴം കയറില്‍ ഒരു കാലം മുഴുവന്‍ സിനിമയെ പിടിച്ചുകുലുക്കിയ ഒരു അഭിനേത്രി ജീവനൊടുക്കി. സില്‍ക് സ്മിത എന്ന സില്‍ക്! വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു, സിനിമാ രംഗത്തെ സഹപ്രവർത്തകരടക്കം വാര്‍ത്ത കേട്ടവരെല്ലാം ഞെട്ടി. സില്‍ക് സ്മിതയുടെ അന്ത്യം അങ്ങനെയായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
വെള്ളിത്തിരയിലേക്ക്...
ആന്ധ്രാപ്രദേശിലെ എലൂർ എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ 1960 ഡിസംബർ രണ്ടിന് വിജയലക്ഷ്മിയെന്ന പേരില്‍ ജനനം. നാലാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം. സാമ്പത്തിക ബാധ്യതയില്‍പെട്ടുലഞ്ഞ കുടുംബം. ഇളംപ്രായത്തിലായിരുന്നു വിജയലക്ഷ്മിയുടെ വിവാഹം. ഭർത്താവും വീട്ടുകാരുടെയും ഉപദ്രവം സഹിക്കവയ്യാതെയാണ് എഴുപതുകളുടെ മധ്യത്തില്‍ അവര്‍ മദ്രാസിലെത്തിയെന്നും അതല്ല സിനിമാ മോഹവുമായാണ് അവര്‍ കോടമ്പക്കത്തേക്ക് വണ്ടികയറിയതെന്നും കഥകള്‍. സിനിമയില്‍ ഒരു ടച്ചപ്പ് ആര്‍ടിസ്റ്റായിരിക്കെയാണ് വിജയലക്ഷ്മിയില്‍ സില്‍ക് സ്മിത ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തുന്നത്. അങ്ങനെ ‘വണ്ടിച്ചക്രം’ എന്ന തമിഴ് സിനിയിലൂടെ വെള്ളിത്തിരയിലേക്ക്.
രാജലക്ഷ്മിക്ക് പകരം സില്‍ക് സ്മിത...
സിൽക്ക് എന്ന ബാർ ഡാൻസര്‍ അതായിരുന്നു ക്യാമറയ്ക്ക് മുന്നിലെ വിജയലക്ഷ്മിയുടെ ആദ്യവേഷം. ദരിദ്രയായ വിജയലക്ഷ്മി എന്ന പെണ്‍കൊടിയുടെ ജീവിതം അവിടെ അവസാനിച്ചു, പകരം സില്‍കെന്ന വെള്ളിത്തിരയിലെ താരറാണി ഉദയം കൊണ്ടു. ചുരുങ്ങിയ കാലംകൊണ്ട് തന്‍റെ ആകാരഭംഗിയും അംഗലാവണ്യവും കൊണ്ട് സില്‍ക് ആരാധകരെ കോരിത്തരിപ്പിച്ചു. സില്‍കിന്‍റെ സിനിമകള്‍ ഹിറ്റാകാന്‍ ഒരുമുഴുനീള കഥാപാത്രത്തിന്‍റെ ആവശ്യകതയില്ലായിരുന്നു. ഒരു ഗാന രംഗത്ത് അല്ലെങ്കില്‍ നൃത്ത രംഗത്ത് സില്‍ക്ക് വന്നാല്‍ മതി, പോസ്റ്ററുകളില്‍ സില്‍ക്കിന്‍റെ ചിത്രങ്ങള്‍ നിറയും ആരാധകര്‍ തിയറ്ററിലേക്ക് ഒഴുകും, പടം ഹിറ്റ്! സില്‍ക് സ്മിതയ്ക്ക് യഥാര്‍ഥത്തില്‍ താരപദവി തന്നെയായിരുന്നു ഇന്‍ഡസ്ട്രിയില്‍ ഉണ്ടായത്. അവരുടെ ആകര്‍ഷണീയത തീയറ്ററുകളില്‍ പ്രേക്ഷകരെ പിടിച്ചിരുത്തി. ചിത്രങ്ങള്‍ കാണാന്‍ തീയറ്ററുകളില്‍ ആളുകൂടി. എന്നിട്ടും ആ താരപദവി കണ്ടറിഞ്ഞു നല്‍കാന്‍ സദാചാരബോധം ആരെയും അനുവദിച്ചില്ലെന്നു മാത്രം. പരസ്യമായി കുറ്റം പറഞ്ഞവരും രഹസ്യമായി അവരെ ആരാധിച്ചു.
തിരിച്ചറിയാതെപ്പോയ പ്രതിഭ...
സില്‍ക് സ്മിതയ്ക്ക് മാദക വേഷങ്ങള്‍ മാത്രമേ ചേരൂ എന്ന വിശ്വാസത്തിന്‍റെ പേരില്‍ അവരുടെ ജീവിതം ആദ്യകഥാപാത്രമായ സില്‍കില്‍ തന്നെ ചുറ്റിപറ്റി നിന്നു, വികസിച്ചു. അവരിലെ നല്ല നടിയെ തിരിച്ചറിഞ്ഞില്ല. സിനിമയ്ക്ക് അകത്തും പുറത്തും സില്‍ക് ഒരു സെക്സ് ബോംബായിരുന്നു. അവരിലെ അഭിനേത്രിയെ തിരിച്ചറിഞ്ഞ ചിലരെങ്കിലും അവര്‍ക്ക് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നല്‍കിയെങ്കിലും പ്രേക്ഷകരും അവരുടെ അഭിനയം നിരാകരിച്ചു. കാരണം അവര്‍ക്കുവേണ്ടിയിരുന്നത് സ്ക്രീനില്‍ മാദകത്വം തുളുമ്പുന്ന സില്‍ക് സ്മിതയെയായിരുന്നു. സത്യത്തില്‍ ഓരോ ചിത്രം കഴിയുമ്പോളും വീണ്ടും വീണ്ടും സില്‍ക് സ്മിതയായി മാറാന്‍ വിജയലക്ഷ്മി നിര്‍ബന്ധിതയാക്കപ്പെടുകയായിരുന്നു. സ്മിതയുടെ സ്ക്രീന്‍ പ്രസന്‍സ് ഫിലിം ഇന്‍ഡ്സ്ട്രി ഒന്നാകെ മുതലെടുക്കുകയായിരുന്നു.
മലയാളത്തിലേക്ക്...
1980 ലെ ഐ.വി. ശശി ചിത്രം അങ്ങാടിയിലൂടെ സില്‍ക് മലയാളിയുടെ വെള്ളിത്തിരയിലെത്തി. 1982ല്‍ ആന്റണി ഈസ്‌റ്റ്‌മാന്‍റെ ഇണയെത്തേടി എന്ന ചിത്രത്തില്‍ പരിഷ്കാരി പെണ്‍കുട്ടിയായ നായികാവേഷത്തിലൂടെയും സില്‍ക് തകര്‍ത്തു. 1989 ല്‍ അഥർവത്തിലെ ആദിവാസി പെൺകൊടിയിലൂടെയും സില്‍ക് ശ്രദ്ധനേടി. നായകന്‍റെ യോനിപൂജയ്ക്ക് നഗ്നയായി എത്തിയ പെണ്‍കുട്ടിയേക്കാള്‍ അഭിനയ സാധ്യതകളുള്ള നായികാ വേഷമായിരുന്നു അഥര്‍വത്തിലേത്. തുളസീദാസിന്‍റെ ലയനമായിരുന്നു മറ്റൊന്ന്. ഷൂട്ടിങ് തുടങ്ങും മുമ്പ് അന്ന് തുളസീദാസ് ആദ്യാവസാനം സാരിയാണ് വേഷമെന്ന് പറഞ്ഞപ്പോള്‍, ‘എല്ലാവരും പറയുന്നത് സിംഗിൾ പീസ്, ഡബിൾ പീസ് എന്നാണ്. നിങ്ങൾ പറയുന്നു സാരിയെന്ന്’ എന്നായിരുന്നു സില്‍കിന്‍റെ മറുപടി. അത്രത്തോളം തന്‍റെയുള്ളിലെ അഭിനേത്രിയെ മറക്കാന്‍ സിനിമാ ഇന്‍ഡസ്ട്രിയും അവരെ നിര്‍ബന്ധിച്ചിരുന്നു.
സില്‍കിന്‍റെ പ്രതാപം അവസാനിക്കുന്നു...
500 ഓളം ചിത്രങ്ങൾ അഭിനയിച്ച സില്‍ക്, സിനിമ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും പരാജയമായിരുന്നു ഫലം. തൊണ്ണൂറുകളോടെ സില്‍കിന്‍റെ പ്രതാപം കാലം അവസാനിക്കാനും ആരംഭിച്ചു. ജീവിതത്തെക്കുറിച്ച് സില്‍കിനും സ്വപ്‌നങ്ങളുണ്ടായിരുന്നു. ഭർത്താവ്, മക്കൾ, കുടുംബം. പിന്നീടുള്ള രാത്രികളില്‍ പ്രണയനൈരാശ്യവും ജീവിതത്തില്‍ ഒറ്റയ്ക്കാണെന്ന തോന്നലും പരാജയപ്പെട്ടവാളാണെന്ന ചിന്തയും സില്‍കിനെ വേട്ടയാടി. മദ്യത്തില്‍ അഭയം പ്രാപിച്ചതോടെ വിഷാദത്തിന്‍റെ പടുകുഴിയിലേക്ക് സില്‍ക് വീണു. പക്ഷേ അവര്‍ ആരോടും ഒന്നും പറഞ്ഞില്ല. സ്വയം ഒരു അഹങ്കാരിയായ, തന്‍റേടിയായ സ്ത്രീയുടെ മുഖംമൂടി സില്‍ക് തീര്‍ത്തിരുന്നു. അതേ സില്‍ക് ആ മുഖംമൂടികള്‍ അഴിച്ചുവച്ച് വീണ്ടും പഴയ വിജയലക്ഷ്മിയായി 1996 സെപ്‌തംബർ 23ന് ഒരു മുഴം തുണിയില്‍ ജീവനൊടുക്കി.
സില്‍ക്ക് സ്മിതയുടെ മരണത്തിന് ശേഷം അവരുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. എങ്കിലും എന്തായിരുന്നു ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിലും വ്യക്‌തമല്ല. ഏറെക്കാലം സില്‍കിന്‍റെ മരണം ദുരൂഹതയായി തുടര്‍ന്നു. സില്‍ക് സ്മിത ഓര്‍മകളിലേക്ക് മറഞ്ഞു. സില്‍ക് സ്മിത മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് സില്‍കിന് ഒരു ജീവിതം ഉണ്ടായിരുന്നു എന്ന് പലരും ചിന്തിച്ചത്. വശ്യതയ്ക്കപ്പുറം അവരിലെ അഭിനേത്രി ആരാധിക്കപ്പെടാന്‍ തുടങ്ങിയത്...
From Vijayalakshmi to Silk; life story of actress Silk Smitha