മലയാളസിനിമാ തറവാട്ടിലെ തലപ്പൊക്കത്തിന് ഇന്ന് നവതി. തിരുവനന്തപുരം കമ്മണ്ണമൂലയിലെ ശിവശക്തി എന്ന വീട്ടില്‍ പി.മാധവന്‍ നായര്‍ എന്ന മധു ഈ ദിവസവും കടന്നുപോകുന്നത് വെറുതെ നോക്കിനില്‍ക്കും. ആഘോഷമൊന്നുമില്ലാതെ ,ചെറുപുഞ്ചിരിയുമായി.
ആഴ്ചകള്‍ക്ക് മുമ്പാണ് മലയാളസിനിമയുടെ അതുല്യ നായകനെ അള്‍ട്ടിമേറ്റ് എന്റര്‍ടെയ്നര്‍ പുരസ്കാരം നല്‍കിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ താരമന്നന്‍മാര്‍ ചേര്‍ന്ന് അവരുടെ സൂപ്പര്‍സ്റ്റാറിന് വേണ്ടി ആ പുരസ്കാരം ഏറ്റുവാങ്ങി. വാസ്തവത്തില്‍ മലയാളസിനിമയാണ് അവിടെ ആദരമേറ്റുവാങ്ങിയത്
മഴവില്‍ മനോരമയും താരസംഘടനയായ അമ്മയും ചേര്‍ന്ന സംഘടിപ്പിച്ച നക്ഷത്രത്തിളക്കമാര്‍ന്ന പരിപാടിയിലുടനീളം കണ്ണമ്മൂലയിലെ ശിവശക്തിയിലിരുന്ന് മധു നിറസാന്നിധ്യമായി.അമിതാഭ് ബച്ചന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാഥ് ഹിന്ദുസ്ഥാനിയില്‍ നായകനായാണ് തുടക്കം.1963 ല്‍ എന്‍.എന്‍ പിഷാരഡി,പാറപ്പുറത്തിന്റെ തിരക്കഥയില്‍ ഒരുക്കിയ നിണമണിഞ്ഞ കാല്‍പ്പാടുകളില്‍ സ്റ്റീഫന്‍ എന്ന കാര്‍ക്കശ്യമുള്ള പട്ടാളക്കാനായി കാലെടുത്തുവച്ച പി. മാധവന്‍നായര്‍ ഇന്ന് അതേ കരുത്തോടെ നവതികടക്കുന്നു. ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയ പി.മാധവന്‍നായരെന്ന ഹിന്ദിബിരുദാന്ദര ബിരുദധാരിയായ അധ്യാപകനെ മധുവാക്കിയത് പി.ഭാസ്കരനാണ്. ആ പേര് സൂര്യപ്രഭചൊരിയുമെന്ന് ഭാസ്കരന്‍ മാഷിന് അന്നേ വെളിപാടുണ്ടായിക്കാണണം. മലയാള സിനിമയുടെ ചരിത്രത്തെ ഒപ്പംകൂട്ടിയുള്ള അഭിനയയാത്ര അനുസ്യൂതം ഒഴുകുകയാണ്.
കോവിഡ് ക്വാറന്റീനിലാക്കിയ രണ്ടുവര്‍ഷത്തിന് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതും മനോരമ ന്യൂസിന് വേണ്ടിയായിരുന്നു. സര്‍ക്കാര്‍ പറയുമുമ്പുതന്നെ സ്വയം ക്വാറന്റീന്‍ പ്രഖ്യാപിച്ച് വീട്ടിലടച്ചിരുന്നതിനുശേഷമുളള ആദ്യ അഭിമുഖം.
മധു കണ്ടതിനെക്കാളേറെ സിനിമയില്‍ അദ്ദേഹത്തെ കണ്ട മലയാളികളുടെ ഓര്‍മയില്‍ പലകാലങ്ങളില്‍ എത്രയെത്ര കഥാപാത്രങ്ങള്‍.മലയാള സാഹിത്യത്തിലെ പ്രിയകഥാപാത്രങ്ങളുടെ ജീവല്‍രൂപമായി ഇതുപോലെ മാറിയ മറ്റൊരുനടനില്ല. തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടി രാമുകാര്യാട്ടിന് നാടിന് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. എം.ടി. വാസുദേവന്‍ നായരും പി.എന്‍.മേനോനും ചേര്‍ന്നൊരുക്കിയ ഒാളവും തീരവും എന്ന ചിത്രത്തിലെ ബാപ്പുട്ടി മറ്റൊരുവഴിത്തിരിവാണ്. വൈക്കം മുഹമ്മദ് ബഷീര്‍–എ. വിന്‍സെന്റ് ടീമിന്റെ ഭാര്‍ഗവീനിലയത്തിലെ നോവലിസ്റ്റിനെ എങ്ങനെ മറക്കും. കേശവ ദേവ്, ഉറൂബ്,പൊന്‍കുന്നം വര്‍ക്കി, എസ്.കെ.പൊറ്റെക്കാട്ട് അങ്ങനെ കഥാകാരന്‍മാര്‍ സൃഷ്ടിച്ച വ്യക്തിത്വങ്ങളെ ചലച്ചിത്രത്തില്‍ ഭാവതീവ്രതയോടെ സന്നിവേശിപ്പിച്ചു അദ്ദേഹം.മലയാള സിനിമയുടെ ആഖ്യാനസമ്പ്രദായം തന്നെ മാറ്റിമറിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലെ വിശ്വനാഥന്‍ , ഇതാ ഇവിടെ വരെയിലെ പൈലി, ഏണിപ്പടികളിലെ കേശവപിള്ള,തീക്കനലിലെ വിനോദ്, യുദ്ധകാണ്ഡത്തിലെ പ്രസാദ്, നഗരമേ നന്ദിയിലെ രാഘവന്‍, കാക്കത്തമ്പുരാട്ടിയിലെ രാജപ്പന്‍, സി.രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകളിലെ ഭാസ്കരമേനോന്‍, ഇന്ത്യയിലെ ആദ്യ 70 എംഎം ചിത്രമായ പടയോട്ടത്തിലെ ദേവന്‍, നരനിലെ പുതുശ്ശേരി വലിയ നമ്പ്യാര്‍ അങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര കഥാപാത്രങ്ങള്‍ ഇന്നും
നാനൂറിനടത്ത് ചിത്രങ്ങളിലായി നിറഞ്ഞുപരന്നുകിടക്കുന്ന ആ ലോകം ഇപ്പോള്‍ വീണ്ടും കാണുകയാണ് , ആ കാലവും സന്ദര്‍ഭങ്ങളും ഓര്‍മപ്പുറത്തേയ്ക്ക് ആവാഹിക്കുകയാണ്, പോയകാലം വീണ്ടെടുക്കുകയാണ് മധു. നല്‍കാം നമുക്ക് പിറന്നാള്‍ മധുരം. നേരാം നല്ലോര്‍മകളുടെ പകലുകള്‍ രാത്രികള്‍.