സായി പല്ലവി തമിഴ് സംവിധായകനെ രഹസ്യ വിവാഹം കഴിച്ചുവെന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടി. ഇതാദ്യമായാണ് സംഭവത്തില്‍ പ്രതികരിച്ച് നടിയുടെ പോസ്റ്റ്. താന്‍ പൊതുവെ വ്യാജ വാര്‍ത്തകളോട് പ്രതികരിക്കാറില്ലന്നും, കുടുംബാംഗങ്ങളെ പോലുള്ള സുഹൃത്തുക്കളായതുകൊണ്ട് പ്രതികരിച്ചേ മതിയാകൂവെന്നും തുടങ്ങുന്നതാണ് പോസ്റ്റ്. തന്‍റെ സിനിമ ചിത്രീകരണത്തില്‍ എടുത്ത ചിത്രത്തിന്‍റെ ഒരു ഭാഗം മാത്രമെടുത്താണ് വ്യാജ വാര്‍‌ത്ത പരത്തിയത്. ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ കാപട താല്‍പര്യങ്ങളാണ്. തന്‍റെ സിനിമയെ പറ്റിയുള്ള സന്തോഷകരമായ കാര്യങ്ങള്‍ പങ്കുവെയ്ക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള വിലകുറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നതില്‍ വിഷമമുണ്ടന്നും താരത്തിന്‍റെ കുറിപ്പില്‍ പറയുന്നു.

 

 

ശിവ കാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്‍. സായ് പല്ലവിക്കൊപ്പം മാലയിട്ട് നില്‍ക്കുന്നത് സിനിമയുടെ സംവിധായകനായ രാജ്കുമാര്‍ പെരിയസാമിയാണ്. പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. സംവിധായകന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതൊരു വിവാഹ ചിത്രമല്ലെന്നും, ചിത്രത്തിന്റെ പൂജയുടെ ഭാഗമായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രത്തെ കാര്യമറിയാതെ പ്രേഷകരും ഏറ്റെടുത്തു.

 

അതേസമയം ഈ ചിത്രം മെയ് ഒന്‍പതിന് രാജ്കുമാര്‍ പെരിയസാമി തന്നെ ട്വീറ്റ് ചെയ്തിരുന്നു. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ട്വീറ്റ്. സിനിമയുടെ ക്ലാപ് ബോർഡ് ഒഴിവാക്കി രാജ്കുമാറും, സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്.