TAGS

 

ഇന്ത്യ മുഴുവന്‍ ഇളക്കി മറിച്ച രാജമൗലി ചിത്രം ആര്‍ ആര്‍ ആര്‍ ഓസ്കര്‍ സീസണായതോടെ ലോകത്തെ മുഴുവന്‍ ഇളക്കിമറിച്ചു. ആ പാട്ടിന് ചുവടുവെയ്ക്കാത്തവര്‍ ചുരുക്കം. നാട്ടു നാട്ടുവിന്‍റെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ തെറ്റി. ആ പാട്ടിന് വീണ്ടും ചുവടുവെച്ചിരിക്കുകയാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത കുറച്ചുപേര്‍. ലോകം മുഴുവന്‍ പ്രേഷകരുള്ള റെസ്ലിങ് ഷോ ഡബ്ല്യു ഡബ്ല്യു ഇയിലെ ജിമ്മന്‍ താരങ്ങളുടേതാണ് ചുവടുകള്‍. സമൂഹമാധ്യമങ്ങളും സംഭവം ഏറ്റെടുത്തതോടെ നാട്ടു നാട്ടു വീണ്ടും തരംഗമാവുകയാണ്.

 

ഡ്രൂ മക്ലന്‍റൈര്‍, ജിന്‍ഡര്‍ മഹല്‍, സമി സയന്‍ കെവിന്‍ ഓവന്‍സ് എന്നിവരാണ് വേദി കാര്യമാക്കാതെ ആഘോഷിച്ചത്. ആദ്യമൊന്ന് ഞെട്ടിയെങ്കിലും ആരാധകരും കൂടി. തീപാറും മത്സരങ്ങള്‍ മാത്രം കണ്ടുവരുന്ന റിങ്ങില്‍ ചുവടുവെച്ചത് അസാധ്യകാഴ്ച്ചയാണന്നായിരുന്നു ആരാധകപക്ഷം. ഗുസ്തികൂടിയിരുന്നവരുടെ സ്നേഹവും സൗഹൃദവും കണ്ടുനിന്നവരും ഏറ്റെടുത്തു. ഇന്ത്യന്‍ പാട്ടുകളുടെയും സിനിമകളുടെയും ഭംഗി പുകഴ്ത്തുന്നവയായിരുന്നു പല കമന്‍റുകളും. പവര്‍ഫുള്‍ ഫണ്‍ എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്