rdx-hit

വമ്പിച്ച പ്രൊമോഷനോ ഹൈപ്പോ ഒന്നുമില്ലാതെ ഈ ഓണക്കാലത്ത് ഒരു മലയാള സിനിമ റിലീസിനെത്തി, പുതുമുഖ സംവിധായകന്‍, മൂന്ന് യുവ നായകര്‍, കൂടെ മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയും. ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം പിന്നിട്ടപ്പോള്‍ തന്നെ തിയറ്ററുകളില്‍ വിധി കുറിച്ചു. വന്‍ ഓളം , മൗത്ത് പബ്ലിസിറ്റിയില്‍ പ്രേക്ഷകർ തീയേറ്ററികളിലേക്ക് ഒഴുകി. ഇടി കൊടുത്തവരും കൊണ്ടവരും ഒക്കെ ഒരേ പൊളി എന്ന് വിധിയെഴുതിയപ്പോള്‍ ബോക്സോഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ പിറന്നു, റോബര്‍ട്ടും ഡോണിയും സേവ്യറും നിറഞ്ഞാടിയ ആര്‍ഡിഎക്സ്, വമ്പൻ ഇടിയുമായി  ഓഗസ്റ്റ് 25 ന്  പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ആഗോള തലത്തിൽ 80 കോടി ക്ലബിൽ ഇടം പിടിച്ചുകഴിഞ്ഞു. കണക്കുകള്‍ ഇനിയും നീളുമെന്നുറപ്പ്. 

റോബര്‍ട്ട് ആയി ഷെയ്ന്‍ നിഗം. ഡോണിയായി ആന്‍റണി വര്‍ഗീസ്. സേവ്യര്‍ ആയി നീരജ് മാധവ്, മൂവരും അടി തുടങ്ങിയാല്‍ പിന്നെ അടിയോടടി, ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ തൊണ്ണൂറുകളും രണ്ടായിരത്തിന്റെ തുടക്കവുമാണ് കാലം. നഹാസ് ഹിദായത്ത് എന്ന നവാഗത സംവിധായകന്‍ തുടക്കക്കാരന്‍റെ പതര്‍ച്ചികളില്ലാതെ മനോഹരമാക്കി അരങ്ങേറ്റം. തൊണ്ണൂറുകളില്‍ കണ്ടു ശീലിച്ച കഥാപരിസരത്തെ മേക്കിംഗിലെ പുതുമ കൊണ്ട് എന്‍ഗേഞ്ചിംഗ് ആക്കി തീര്‍ക്കാന്‍  സംവിധായകന് കഴിഞ്ഞു. കുടുംബപ്രേക്ഷകരെയും മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെയും ഒരേ തരത്തില്‍ ത്യപ്തിപ്പെടുത്താന്‍ സംവിധായകനായി. അൻപറിവിന്‍റെ ആക്‌ഷൻ കൊറിയോഗ്രഫിയും ചങ്കിടിപ്പേറ്റുന്ന ബിജിഎമ്മുമായി സാം സി.എസും ഒന്നിച്ചപ്പോൾ വെടിക്കെട്ടിനു തിരികൊളുത്തിയ ദൃശ്യാനുഭവം പ്രേക്ഷകന് ലഭിച്ചു. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. ഷെയ്ന്‍ നിഗവും , ആന്‍റണി വര്‍ഗീസും ,നീരജ് മാധവും ഒരു സ്റ്റാർ മെറ്റീരിയലാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു ഈ ചിത്രത്തിലൂടെ

നായകന്മാർക്കൊപ്പം കട്ടയ്ക്കു നിൽക്കുന്ന വില്ലന്‍മാരാണ് ആര്‍ഡിഎക്സിന്‍റെ മറ്റൊരു പ്രത്യേകത, അടിയുണ്ടാക്കാന്‍ വേണ്ടിയുള്ള അടികളല്ല ആര്‍ഡിഎക്‌സിലേത്. ഓരോ അടിയ്ക്കും വ്യക്തമായ കാരണങ്ങളുണ്ട്. ചിത്രം കാണുന്നവര്‍ ഇവിടെ ഇപ്പോള്‍ അടി വീഴണം എന്ന് കരുതുന്നിടത്താണ് ആര്‍ഡിഎക്‌സിലെ ഓരോ അടിയും നടക്കുന്നത്. വിഷ്ണു അഗസ്ത്യ, സുജിത് ശങ്കർ, സിറാജുദ്ദീൻ നിഷാന്ത് സാഗർ, മിഥുന്‍ അടക്കമുള്ളവര്‍ വില്ലന്‍മാരായി തിളങ്ങുന്നു.  ലാല്‍,  ബാബു ആന്റണി, ഐമ , മഹിമ നമ്പ്യാര്‍, മാല പാര്‍വതി അടക്കമുള്ള താരങ്ങളും ചിത്രത്തിലെ വേഷം മികച്ചതാക്കി. 

വമ്പന്‍ ഹൈപ്പിലെത്തിയ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കിടയിലായിരുന്നു ആര്‍ഡിഎക്സിന്‍റെ തേരോട്ടം,  വിക്രവും ,ജയിലറും കേരളത്തിലെ തിയറ്ററില്‍ തീര്‍ത്ത ആരവം മലയാള സിനിമയ്ക്കും സാധിക്കും എന്ന് ആര്‍ഡിഎക്സും തെളിയിച്ചു. കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍‌ സൂപ്പര്‍താരചിത്രങ്ങളെ വരെ ഞെട്ടിക്കുകയാണ് ഈ യുവതാരചിത്രം. അടിപ്പടം ബോക്സോഫീസില്‍ കേറി കൊളുത്തുമ്പോള്‍ ഒരു കാര്യം ഇനി ഉറപ്പാണ്. വരാനിരിക്കുന്നത് ആക്ഷന്‍ സിനിമകളുടെ ട്രെന്‍ഡാകും. അണിയറയില്‍ ഒരുങ്ങുന്നത് അടിപ്പടങ്ങളുടെ ചാകരക്കാലമാകും, കാത്തി്രിക്കാം.