
അച്ഛന് ഒരു പട്ടാളക്കാരനാണ്. തന്റെ മകനെയും ഒരു പട്ടാളക്കാരനായി കാണാന്‍ ആ അച്ഛന് വലിയ മോഹമായിരുന്നു. മകനും അത് മോഹിച്ചിരുന്നെങ്കിലും വിധി തടസ്സം നിന്നു. പത്തില്‍ തോറ്റ അവന് പിന്നീട് ജീവിതം തന്നെ വഴിമുട്ടി നിന്ന കാലം. ഒരു ദിവസം ഒരു കൂട്ടുകാരന് അവനോട് പറഞ്ഞു. ഡാ എന്റെ അണ്ണന് വിജയ് ടിവിയുടെ ലൊല്ലു സഭ എന്ന കോമഡി സീരിയലില്‍ ലൈറ്റ് മാനാനായിട്ട് വര്‍ക്ക് ചെയ്യുന്നുണ്ട്. അണ്ണന്റെ കയ്യില്‍ നിന്നും കുറച്ച് കാശുവാങ്ങണം. നീ കൂടെ വരുന്നോ?. അന്ന് ലൊല്ലു സഭ എന്ന് പറഞ്ഞാല്‍ തമിഴ്നാട്ടില്‍ തരംഗം തീര്‍ക്കുന്ന കാലമാണ്. ഷൂട്ടിങ് കാണാമല്ലോ എന്ന് കരുതി അവനും ഒപ്പം കൂടി. അന്ന് തല െമാട്ടയടിച്ച കോലത്തിലായിരുന്നു ആ യുവാവ്. ഷൂട്ടിങ് സെറ്റില്‍ നിന്ന തടിച്ച് ഉരുണ്ട ആ പയ്യനെ നോക്കി അതിന്റെ സംവിധായകന് രാംബാല ചോദിച്ചു. ആരെടാ അവന്, കാണുമ്പോള്‍ തന്നെ ഒരു പ്രത്യേകതയുണ്ടല്ലോ.. ആ ചോദ്യത്തില്‍ നിന്നും ജീവിതം വഴിമുട്ടി നിന്നവന് മുന്നില്‍ ജീവിതമാര്‍ഗം തുറന്നു. അന്ന് െമാട്ടയായിരുന്നെങ്കില് പിന്നീട് അവന്റെ മുടി തെന്നിന്ത്യ ആകെ തരംഗമായി. എന്റെ മൂള എനിക്ക് ചോറിനുള്ള വഴി കാട്ടി തന്നില്ല. എന്റെ മുടിയാണ് അത് തന്നതെന്ന് പല വേദികളിലും ആ നടന് പറഞ്ഞു. തെന്നിന്ത്യയും കടന്ന് താരരാജാക്കന്മാരെല്ലാം അയാളുടെ ഡേറ്റിനായി ഇന്ന് കാത്തുനില്ക്കുന്നു. ആള്‍ക്കൂട്ടത്തില്‍ ഒരുത്തനായി നിന്ന് നിന്ന് വേരുപിടിച്ച കാലം കടന്ന് ആള്‍ത്തിരക്കിന്റെ ചിരിയോഗമായി മാറിയ നടന്. യോഗി ബാബു.
പത്തുവര്‍ഷം കൂടുമ്പോള്‍ ഒരുത്തന് വരും. അതുവരെയുള്ള ട്രെന്‍ഡ് എല്ലാം മാറ്റി അവന്റെ വഴിക്ക് ചിരി െകാണ്ടുപോകും. ഗൗണ്ടമണി, സെന്തില്‍, വടിവേലു, സന്താനം, വിവേക്.. ആ ഗണത്തില്‍ ചേര്‍ത്തുവയ്ക്കാം യോഗി ബാബുവിനെയും. ഇന്ന് രജനികാന്ത്, വിജയ്, അജിത്ത്, ശിവകാര്ത്തികേയന്, വിജയ് സേതുപതി, ഷാരൂഖ് ഖാന് അങ്ങനെ താരരാജാക്കന്മാരുടെ സിനിമകളില്‍ എല്ലാം തന്നെ നിറയുന്ന കാലം. ഇത് അയാളുടെ കാലമെന്ന് തമിഴകം വാഴ്ത്തുന്നു. ജയിലറിലെ പ്രകടനം തിയറ്ററില്‍ ഉയര്‍ത്തുന്ന ചിരിയും കയ്യടിയും അത്രത്തോളമുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ നിന്നും അവസരങ്ങള്‍ തേടി വരുമ്പോഴും അതിെനാക്കെ കൈ െകാടുക്കണം എന്ന മോഹമുള്ളപ്പോഴും യോഗി ബാബുവിന് അത് സാധിക്കുന്നില്ല. കാരണം കയ്യിലുള്ള ചിത്രങ്ങള്‍ അത്രത്തോളമുണ്ട്. ബ്രഹ്മാണ്ഡ സിനിമകളില്‍ നിറഞ്ഞ സാന്നിധ്യമാകുമ്പോഴും നവാഗതരുടെ ചെറിയ സിനിമകളിലും യോഗി ബാബു അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അടുത്തിടെ വലിയ ഹിറ്റായ ലൗ സ്റ്റോറി എന്ന സിനിമയിലെ യോഗിയുടെ കഥാപാത്രം തന്നെ മികച്ച ഉദാഹരണം. കൈമാക്സിനോട് അടുക്കുമ്പോഴുള്ള യോഗിയുടെ ഒരു പ്രകടനമുണ്ട്. അതുവരെയുള്ള ചിരി, െനാമ്പരത്തിന് വഴിമാറുന്നൊരു കാഴ്ച. അത്രമാത്രം ഹൃദ്യമായി ആ വേഷം ഈ നടന് ചെയ്തുവച്ചു. സിനിമ മോശം ആയാല്‍ പോലും അതില്‍ യോഗി മോശമാകാറില്ല എന്നത് അയാളിലെ നടന്റെ മേല്‍വിലാസമായി മാറുന്നു.
ഒരു ദിവസം രാത്രി രണ്ടരയ്ക്ക് ഒരു ഫോണ്‍. അനിരുദ്ധിന്റെ സ്റ്റുഡിയോയില്‍ നിന്നും നെല്‍സനാണ് വിളിക്കുന്നത്. യോഗി നീ വേഗം വാട്സാപ്പ് നോക്കൂ. അതില്‍ ഒരു പാട്ട് അയച്ചിട്ടുണ്ട്. പാട്ട് കേട്ട് യോഗി തിരിച്ചുവിളിച്ചു. കൊള്ളാം അടിപൊളിയാട്ടുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഈ പാട്ടാണ് നീയും നയന്‍താര മേഡവും ചേര്‍ന്ന് അഭിനയിക്കുന്നതെന്ന് നെല്‍സന്റെ മറുപടി. ഡേയ്, നീ എന്നോട് ചോദിച്ചു. മേഡത്തോട് ചോദിച്ചോ എന്നായി യോഗി ബാബു. തനിക്കൊപ്പം ഒരുപാട്ടുസീനൊക്കെ ചെയ്യാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ തയാറാകുമോ എന്നായിരുന്നു യോഗിയുടെ ഭയം. ഡേയ് മാഡവും ഓക്കെയാണെന്ന് നെല്‍സണ്‍. പിന്നീട് ശിവകാര്‍ത്തികേയന്റെ വരികള്‍ ചെറുപ്പക്കാര്‍ ഒന്നാകെ ഏറ്റുപാടി. എനക്കിപ്പോ കല്യാണവയസ്സുതാ വന്തിടിച്ചിടെടീ.. ഡേറ്റ് പണ്ണവാ..ചാറ്റ് പണ്ണവാ..
ചാന്‍സ് തെണ്ടിയും അപമാനം ഏറ്റുവാങ്ങിയും നൊന്തും തന്നെയാണ് ഇവിടെ വരെ എത്തിയതെന്ന് യോഗി ബാബുവിന് തന്റെ ജീവിതം നിവര്‍ത്തിയിട്ട് ധൈര്യമായി പറയാം. ലൊല്ലു സഭ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഓണ്സ്ക്രിനിലും ഓഫ് സ്ക്രീനിലും യോഗി ഏഴുവര്‍ഷക്കാലം നിറഞ്ഞുനിന്നു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന ആദ്യ വരുമാനം എത്രയാണെന്ന് ചോദിച്ചാല്‍ െലാല്ലു സഭയില്‍ നിന്നും കിട്ടിയ അന്‍പത് രൂപയാണെന്ന് ബാബു പറയും. ആദ്യമൊക്കെ സീരിയലില്‍ വരുന്ന ക്രൗഡ് സീനില്‍ ഒരുവനായി നിന്നായിരുന്നു ഫ്രെയിമിന് മുന്നിലെ തുടക്കം. പിന്നീട് ചെറിയ വേഷങ്ങളിലേക്ക്. മുടിയാണ് അന്ന് തുണയായത്. സത്യസായ് ബാബയുടെ മുടിയോട് ഉപമിച്ച് സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ബാബ എന്ന ചെല്ലപ്പേരും ബാബുവിന് വീണിരുന്നു. ഉരുണ്ട ശരീരവും മുടിയും ചേര്‍ന്നതോടെ ഫ്രെയിമില്‍ ബാബു വ്യത്യസ്ഥനായി. 50 രൂപയ്ക്ക് െലാല്ലു സഭയില്‍ തുടങ്ങിയ ജീവിതം വര്‍ഷങ്ങള്‍ നീണ്ടു. അന്ന് കൂടെയുള്ളവരില്‍ പലരും നല്ല വേഷങ്ങള്‍ കിട്ടി സിനിമയിലേക്കും കയറിപ്പോയി. ഒടുവില്‍ െലാല്ലു സഭ നിര്‍ത്തുമ്പോള്‍ തന്റെ വരുമാനം 750 രൂപയായിരുന്നെന്നും ബാബു പറയാറുണ്ട്. വരുമാനം നിലച്ചതോടെ വേറെ പണിക്ക് പോകണമെന്ന് എല്ലാവരും നിര്‍ബന്ധിച്ചു. എന്നാല്‍ തന്റെ മേഖല സിനിമ തന്നെയാണെന്ന് ഉറപ്പിച്ച് ബാബു മുന്നോട്ടുപോയി.
അവസരം തേടി പല വാതിലുകളും മുട്ടി. ഇവനയൊക്കെ എങ്ങനെ ഫ്രെയിമില്‍ നിര്‍ത്തും എന്ന ഭാവത്തില്‍ പലരും അപമാനിച്ച് പുറത്താക്കി. അവര്‍ അവര്‍ക്ക് തോന്നിയത് ചെയ്തപ്പോഴും തളരാതെ വീറോടെ തന്നെ ബാബു തന്റെ ജോലി കൃത്യമായി ചെയ്തുകൊണ്ടേയിരുന്നു. വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ആയിരത്തില്‍ ഒരുവനായി ബാബു കഴിച്ചുകൂട്ടി. 2009ല്‍ അമീറിന്റെ യോഗി എന്ന സിനിമയില്‍ ബാബുവിന് ഒരു നല്ല വേഷം കിട്ടി. പിന്നീട് ആ സിനിമയുടെ പേര് ബാബുവിന്റെ പേരിനൊപ്പം ചേര്‍ന്നു. അങ്ങനെ യോഗി ബാബുവായി. പിന്നീട് മാന്‍ കരാട്ടെ, യാമിറുക്ക ബയാമേ, കാക്ക മുട്ടെ, ആണ്ടവന് കട്ടളൈ, കോലമാവ് കോകില, ധര്‍മപ്രഭു, ഗൂര്‍ഖ, വീരം, വേതാളം, മിര്‍സല്‍, റെമോ, ദര്‍ബാര്‍ അങ്ങനെ ഹിറ്റുകളുടെ രസഘടകമായി യോഗി ബാബു മാറിയ പതിറ്റാണ്ടുകള്‍. മാരി സെല്‍വരാജ് പരിയേറും പെരുമാളില്‍ ഈ നടന്റെ മറ്റൊരു റെയിഞ്ച് പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചു. ചിരിപ്പിക്കാന്‍ മാത്രമല്ല അഭിനയിച്ച് ഞെട്ടിക്കാനും തനിക്ക് അറിയാമെന്ന് യോഗി പലപ്പോഴും തെളിയിച്ചു.
ഒന്നുമില്ലായ്മയില്‍ നിന്ന് അന്പതുരൂപയ്ക്ക് തുടങ്ങിയ ജീവിതത്തിന് ഇന്ന് പ്രതിഫലം കോടികളിലെത്തി നില്ക്കുന്നു എന്നത് വിജയത്തിന്റെ ഒരു ചെറിയ അളവുകോലായി വയ്ക്കാം. അതിനുമപ്പുറം യോഗി ബാബുവിന്റെ ജീവിതം ചില പൊളിച്ചെഴുത്തലുകള്‍ കൂടിയാണ്. അടിയുറച്ചു പോയ ചില കാഴ്ചപ്പാടുകളെ, സൗന്ദര്യ സങ്കല്‍പ്പങ്ങളെ അങ്ങനെ പലതിന്റേയും തിരുത്തിയെഴുത്ത്. അടിയുറച്ച ദൈവവിശ്വാസമാണ് ഈ നടന്റെ മറ്റൊരു പ്രത്യേകത. കയ്യിലെ ചരടുകളുടെ എണ്ണവും നെറ്റിയിലെ വിഭൂതിയും മാറാതെ ഇപ്പോഴും തുടരുന്നുണ്ട്. ചിലപ്പോഴൊക്കെ കാലം ഒരാള്‍ക്കൊപ്പം തന്നെ നിന്ന് കുട പിടിക്കുന്ന അനുഭവം സിനിമയില്‍ ഏറെയുണ്ട് ചൂണ്ടിക്കാണിക്കാന്‍. തങ്ങള്‍ക്കൊപ്പം സ്ക്രീന്‍ പങ്കിടാന്‍ യോഗി ബാബു കൂടി വേണമെന്ന് ഇന്ന് തെന്നിന്ത്യയിലെ താരരാജാക്കന്മാര് ആഗ്രഹിക്കുന്നു. അനുഭവങ്ങളുടെ കയ്പുനീരും നീണ്ട നീണ്ട കാത്തിരിപ്പും താണ്ടി നേടിയ മഹാവിജയം. ആ വിജയത്തിന്റെ തണലിലും അഹങ്കരിക്കാതെ എന്റെ ചോറാണ് ഇതെന്ന് പറഞ്ഞ് അതിനെ മണ്ണില്‍ ചവിട്ടി നിന്ന് ചേര്‍ത്തുപിടിക്കുന്നു യോഗി ബാബു.