സിനിമാ പ്രേമികൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഷാറുഖ് ഖാൻ ചിത്രം ജവാൻ കാണാൻ ഒരു തിയറ്റർ മുഴുവനായും ബുക്ക് ചെയ്ത് ആരാധകൻ. ഹൈദരാബാദ് സ്വദേശിയായ മൊഹമ്മദ് അഹമദ് ഹുസൈന് ഫറൂക്കി എന്ന ഫുഡ് വ്ലോഗറാണ് തന്റെ പ്രിയ താരത്തോടുള്ള ആരാധനയില് ഇത്രയും വലിയ ഒരു ബുക്കിങ് ചെയ്തത്. 240 ഓളം സീറ്റുകളുള്ള തിയറ്ററാണ് ആദ്യ ദിനം തന്നെ ബുക്ക് ചെയ്തത്. 'ഫാറ്റ് ഫുഡീ' എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ വിഡിയോ ഹുസൈന് ഫറൂക്കി പങ്കുവച്ചിട്ടുണ്ട്.
ഷാറുഖ് ആരാധകർ ടിക്കറ്റിനായി പരക്കം പായുമ്പോഴാണ് ഹുസൈന് ഫറൂക്കിയുടെ വിഡിയോ വൈറലാകുന്നത്. പ്രീ ബുക്കിങിൽ ജവാൻ റെക്കോർഡ് നേട്ടം കൈവരിച്ച സാഹചര്യത്തിൽ, ഓരോ ആരാധകനെ സംബന്ധിച്ചും ആദ്യ ദിനം സിനിമ കാണുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സാഹചര്യത്തിൽ ഒരു തിയറ്റർ മുഴുവൻ ബുക്ക് ചെയ്ത ഹുസൈന് ഫാറൂഖിക്ക് നേരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതേസമയം തന്റെ ഇഷ്ട താരത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടു തന്നെയാണ് എല്ലാവർക്കുമുള്ള ടിക്കറ്റ് താൻ എടുത്തതെന്നും ഹുസൈന് ഫറൂക്കി വ്യക്തമാക്കി. ഏകദേശം 2 ലക്ഷത്തോളം രൂപ ഹുസൈന് ഫറൂക്കി ബുക്കിങ്ങിനായി ചിലവഴിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് .
ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം വലിയ സ്വീകാര്യതയാണ് 'ജവാന് ലഭിച്ചത്'. തമിഴിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും.
Food vlogger booked entire theater watch Jawan