പുതിയ ചിത്രം മാര്‍ക്ക് ആന്റണിയുടെ ട്രെയിലര്‍ ലോഞ്ച് വേദിയില്‍ സ്വകാര്യസന്തോഷത്തെക്കുറിച്ച് വികാരഭരിതനായി വിശാല്‍. ഞാനൊരു ക്രോണിക് ബാച്ചിലര്‍ ആണെന്നു നിങ്ങള്‍ക്കറിയാം, എന്നാല്‍ എനിക്കൊരു മകളുണ്ടെന്നായിരുന്നു വിശാല്‍ പറഞ്ഞു തുടങ്ങിയത്.  ഒരു പെണ്‍കുട്ടിയെക്കുറിച്ചായിരുന്നു നടന്‍ സംസാരിച്ചത്. സ്റ്റെല്ലാമേരീസ് വിദ്യാര്‍ത്ഥി ആന്റണ്‍ മേരിയെക്കുറിച്ചായിരുന്നു വിശാല്‍ വാചാലനായത്. പരിചയപ്പെട്ടതും പിന്നീട് അവളുമായുണ്ടായ ആത്മബന്ധത്തെക്കുറിച്ചും വിശാല്‍ വൈകാരികമായി സംസാരിച്ചു. 

കന്യാകുമാരി സ്വദേശിയാണ് ആന്റണ്‍ മേരി. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ്. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തില്‍ പിറന്ന ആന്റണ്‍മേരി പഠിക്കാന്‍ മിടുമിടുക്കിയാണ്. ചെന്നൈയിലെ മികച്ച കോളജായ സ്റ്റെല്ലാമേരീസില്‍ ബിഎ ഇംഗ്ലിഷ് പഠിക്കണമെന്നതായിരുന്നു മേരിയുടെ ആഗ്രഹം. പല മാര്‍ഗത്തിലൂടെ ശ്രമിച്ചെങ്കിലും മേരിക്ക് സാഹചര്യമൊരുങ്ങിയില്ല. അങ്ങനെയാണ് വിശാല്‍ തന്റെ സുഹൃത്ത് വഴി പെണ്‍കുട്ടിയെക്കുറിച്ചറിഞ്ഞത്. അവളുടെ അപേക്ഷ പരിഗണിച്ചപ്പോള്‍ സഹായിക്കണമെന്ന് തന്നെ മനസ് പറഞ്ഞു. 

പിന്നാലെ സ്റ്റെല്ലാ മേരീസുമായി ബന്ധപ്പെട്ടു. ഒരു കുട്ടിയെ സ്പോണ്‍സര്‍ ചെയ്യാനാഗ്രഹിക്കുന്നുണ്ടെന്നും അവസരമുണ്ടെങ്കില്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്നായിരുന്നു മറുപടി. ഒരു സെമസ്റ്ററിലേക്ക് അവസരം കൊടുത്താല്‍ അതില്‍ അവള്‍ തെളിയിക്കുമെന്നും പറഞ്ഞു. ഒരു സെമസ്റ്റര്‍ നോക്കാമെന്നും മാര്‍ക്ക് കുറവാണെങ്കില്‍ മുന്നോട്ടുപോകാനാവില്ലെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി. അങ്ങനെ ആന്റണ്‍ മേരി പഠിച്ചു തെളിയിച്ചു, ക്ലാസില്‍ ഒന്നാമതായി, അങ്ങനെ തന്റെ മകളുമായി...ആന്റണ്‍ മേരിയെ ഒരു ഐഎഎസ് ഓഫീസറായി കാണണമെന്നാണ് ആഗ്രഹമെന്നും നടന്‍ വിശാല്‍ പറഞ്ഞു. 

Actor Vishal talks about a girl like daughter