മലയാളത്തില്‍ കൂറ്റന്‍ ബജറ്റിലൊരുങ്ങുന്ന കത്തനാറിന്റെ ആദ്യകാഴ്ച അതിഗംഭീരം. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാർ: ദ് വൈൽഡ് സോർസറ'റിന്റെ ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടു. അമാനുഷിക കഴിവുകളുള്ള സാഹസികനായ വൈദികൻ കടമറ്റത്ത് കത്തനാറിൻറെ ജീവിതം പറയുന്ന സിനിമ കൂടിയാണിത്.
'ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ', 'ജോ ആൻഡ് ദ് ബോയ്', 'ഹോം' എന്നീ സിനിമകൾക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അനുഷ്ക ഷെട്ടിയാണ് നായിക വേഷത്തിലെത്തുന്നത്. അനുഷ്കയുടെ ആദ്യ മലയാള സിനിമ കൂടിയാണ് 'കത്തനാർ: ദ് വൈൽഡ് സോർസറർ. നീല്‍ ഡി കുഞ്ഞയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന പ്രത്യേകതയുമായാണ് കത്തനാർ എത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ വെർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയേറ്ററുകളിലെത്തും.
ശ്രീ ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ. രാമാനന്ദ് ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ഗ്ലിംപ്സിന് ഗംഭീര അഭിപ്രായങ്ങളാണ് കമന്റുകളായി ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Kathanar - The Wild Sorcerer - Glimpse | Jayasurya, Anushka Shetty | Rojin Thomas