
ഇന്നലെയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’ തിയേറ്ററുകളിലെത്തിയത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കരിയറിലെ 169-ാമത് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതാകട്ടെ നെല്‍സണ്‍ ദിലീപ് കുമാറാണ്. റിലീസിനു പിന്നാലെ തന്നെ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ചിത്രത്തിലെ രജനികാന്തിന്റേയും മോഹന്‍ലാലിന്റേയും വിനായകന്റേയുമെല്ലാം പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതിനിടെ ജയിലറിനെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ രണ്ടു യുവാക്കളെ തല്ലിയോടിക്കുന്ന ആരാധകരുടെ വിഡിയോയും എത്തി.
ചെന്നൈയിലെ വെട്രി തിയേറ്ററിലാണ് രജനികാന്ത് ആരാധകര്‍ രണ്ട് യുവാക്കളെ പൊതിരെ തല്ലിയോടിച്ചത്. ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങുന്നവരോട് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം തേടുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ഇതിനിടെയാണ് ഇവര്‍ ചിത്രം അത്രപോര എന്ന തരത്തില്‍ സംസാരിച്ചത്. ഇത് കേട്ടുനിന്ന ആരാധകരാണ് ഇവരെ തല്ലിയത്. ഇവര്‍ രണ്ടുപേരും ദളപതി ആരാധകരാണ് അതിനാലാണ് തലൈവറുടെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറയുന്നതെന്ന ആരോപണവും രജനികാന്ത് ആരാധകര്‍ ഉയര്‍ത്തി.
നെല്‍സണ്‍ ദിലീപ് കുമാര്‍ ഇതിനുമുന്‍പ് സംവിധാനം ചെയ്തത് വിജയ് ചിത്രം ‘ബീസ്റ്റ്’ ആയിരുന്നു. ഇതാകട്ടെ വമ്പന്‍ പരാജയമായിരുന്നു. പിന്നാലെ നെല്‍സണൊപ്പം സഹകരിക്കരുതെന്ന് വളരെ അടുത്ത സുഹൃത്തുക്കള്‍ പോലും തന്നോട് പറഞ്ഞുവെന്ന് ജയിലറിന്റെ ഓഡിയോലോഞ്ചില്‍ രജനികാന്ത് വെളിപ്പെടുത്തിയിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ കല്ലുകടിയുണ്ടാക്കി. ഇതിലുള്ള പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് രജനികാന്ത് ആരാധകരുടെ പക്ഷം.
Rajinikanth fans beat up 2 Chennai men for giving negative review of ‘Jailer’